കണ്ണൂർ കായലോട് എസ്ഡിപിഐ പ്രവർത്തകരുടെ സദാചാര ഗുണ്ടായിസത്തിൽ മനംനൊന്ത് യുവതി ആത്മഹത്യ ചെയ്ത സംഭവത്തിൽ എസ്ഡിപിഐ ഓഫീസിലെ വിചാരണയുടെ ദൃശ്യങ്ങൾ പുറത്ത്. യുവതിയുടെ ആൺസുഹൃത്തിനെ എസ്ഡിപിഐ ഓഫീസിൽവെച്ച് വിചാരണ ചെയ്യുന്നതിന്റെ ദൃശ്യങ്ങളാണ് പുറത്തുവന്നിരിക്കുന്നത്. പലകാര്യങ്ങളും ഇയാളോട് ചോദിക്കുന്നതും യുവതിക്ക് മനോവിഷമമുണ്ടെന്ന് യുവാവ് മറുപടി പറയുന്നതും ദൃശ്യങ്ങളിൽ കാണാം. എസ്ഡിപിഐ ഓഫീസിൽ എത്തിക്കുന്നതിന് മുമ്പ് യുവാവിന് മർദ്ദനമേറ്റിരുന്നുവെന്ന് നേരത്തെ പോലീസ് വ്യക്തമാക്കിയിരുന്നു. എന്നാൽ രണ്ട് പേരുടെയും കുടുംബങ്ങളെ വിളിച്ച് ചർച്ച നടത്തുകയായിരുന്നുവെന്നാണ് എസ്ഡിപിഐ പ്രവർത്തകരുടെ വിശദീകരണം.
ചൊവ്വാഴ്ചയാണ് റസീനയെ വീടിനുള്ളിൽ തൂങ്ങി മരിച്ചനിലയിൽ കണ്ടെത്തിയത്. സംഭവത്തിൽ പറമ്പായി സ്വദേശികളായ എംസി മൻസിലിൽ വി സി മുബഷീർ, കണിയാന്റെ വളപ്പിൽ കെ എ ഫൈസൽ, കൂടത്താൻകണ്ടി ഹൗസിൽ വി കെ റഫ്‌നാസ് എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇവരെ കോടതിയിൽ ഹാജരാക്കിയ ശേഷം റിമാൻഡ് ചെയ്തു. കഴിഞ്ഞ ഞായറാഴ്ച വൈകുന്നേരം യുവതി കായലോട് അച്ചങ്കര പള്ളിക്ക് സമീപം കാറിനരികിൽ ആൺസുഹൃത്തിനോട് സംസാരിച്ചു നിൽക്കുന്നത് ഇവർ ചോദ്യം ചെയ്തിരുന്നു. ശേഷം യുവതിയെ വീട്ടിലേക്ക് തിരിച്ചയക്കുകയും മയ്യിൽ സ്വദേശിയായ ആൺ സുഹൃത്തിനെ അഞ്ച് മണിക്കൂറോളം കൂട്ടവിചാരണ നടത്തി മൊബൈൽ ഫോണും ടാബും പിടിച്ചെടുക്കുകയും ചെയ്തിരുന്നു. പിന്നീട് ഇരുവരുടെയും ബന്ധുക്കളെ വിളിച്ച് വരുത്തി. രാത്രി വൈകിയാണ് യുവാവിനെ ബന്ധുക്കൾക്കൊപ്പം വിട്ടയച്ചത്. എന്നാൽ യുവാവിന്റെ കയ്യിൽ നിന്ന് പിടിച്ചെടുത്ത ടാബും മൊബൈൽ ഫോണും വിട്ടുനൽകാൻ പ്രതികൾ തയ്യാറായിരുന്നില്ല.

