Friday, May 10, 2024
spot_img

‘മമ്മൂട്ടി ഗുണ്ടയായിട്ടാണോ ഇവിടെ ഗുണ്ടാ ആക്രമണം നടക്കുന്നത്? സർക്കാർ എന്ത് കാണിച്ചാലും പാർട്ടി സെക്രട്ടറി ന്യായീകരണം കണ്ടെത്തും’; സിപിഎമ്മിനെതിരെ ബി. ഗോപാലകൃഷ്ണൻ

തിരുവനന്തപുരം:സംസ്ഥാനത്തെ കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ 50 പേരിൽ കൂടുതൽ പങ്കെടുക്കുന്ന സമ്മേളനങ്ങൾക്ക് കാസർകോട് വിലക്ക് ഏർപ്പെടുത്തിയ ഹൈക്കോടതി ഉത്തരവിൽ പ്രതികരണവുമായി ബിജെപി രംഗത്ത്.

ഉത്തരവിനെ സ്വാഗതം ചെയ്യുന്നതായി ബിജെപി നേതാവ് അഡ്വ. ബി. ഗോപാലകൃഷ്ണൻ പ്രതികരിച്ചു. പിണറായി സർക്കാരിനും സിപിഎമ്മിനുമേറ്റ കനത്ത പ്രഹരമാണ് ഈ ഉത്തരവെന്നും അദ്ദേഹം പറഞ്ഞു.

‘സിപിഎമ്മിന്റെ പാർട്ടി സമ്മേളന വേദികൾ കൊറോണ ക്ലസ്റ്ററായി മാറുന്ന സാഹചര്യത്തിലും നടൻ മമ്മൂട്ടിയെ ഉദാഹരിക്കാനാണ് സിപിഎം ശ്രമിച്ചത്. സമ്മേളനങ്ങളിൽ കോവിഡ് മാനദണ്ഡങ്ങൾ ലംഘിക്കുന്നതിനെ, നടന് കോവിഡ് ബാധിച്ച കാര്യവുമായി താരതമ്യപ്പെടുത്തി കോടിയേരി ബാലകൃഷ്ണൻ ന്യായീകരിച്ചിരുന്നു. മമ്മൂട്ടി ഗുണ്ടയായിട്ടാണോ കേരളത്തിൽ ഗുണ്ടാ ആക്രമണം നടക്കുന്നതെന്നും കോവിഡ് മാനദണ്ഡങ്ങൾ സിപിഎമ്മിന് ബാധകമല്ലെങ്കിൽ പിന്നെയെങ്ങനെ ജനങ്ങൾക്ക് ബാധകമാകുമെന്നും’- ബി. ഗോപാലകൃഷ്ണൻ ചോദിച്ചു.

മാത്രമല്ല സർക്കാർ എന്ത് വങ്കത്തരം പറഞ്ഞാലും അതിൽ ന്യായീകരണം കണ്ടെത്തുന്ന പാർട്ടി സെക്രട്ടറി, സിപിഎം സമ്മേളനങ്ങൾ നടത്തി കേരളത്തിലെ ജനങ്ങളെ അപകടത്തിലാക്കുകയാണ് എന്നും ഭരണപക്ഷം എന്ന നിലയിൽ സിപിഎമ്മിന് ഉത്തരവാദിത്വം കൂടുതലാണ് എന്നും സംസ്ഥാനത്തെ അതിതീവ്ര വ്യാപനത്തിന് കാരണം കേരള സർക്കാരാണെന്നും ആരോഗ്യമന്ത്രിയും വകുപ്പും നോക്കുകുത്തികളായി ഇരിക്കുകയാണെന്നും ബി. ഗോപാലകൃഷ്ണൻ പറഞ്ഞു.

Related Articles

Latest Articles