Tuesday, May 7, 2024
spot_img

പഞ്ചാബിൽ ബിഎംഡബ്ല്യു ഫാക്ടറി സ്ഥാപിക്കുമെന്ന മുഖ്യമന്ത്രി ഭഗവന്ത് മാനിന്റെ അവകാശവാദം തള്ളി കമ്പനി; നാണക്കേടിന്റെ ആപ്പിലായി ആപ്പ് സർക്കാർ

ഗുഡ്ഗാവ്: സംസ്ഥാനത്ത് ബിഎംഡബ്ല്യു ഫാക്ടറി സ്ഥാപിക്കുമെന്ന മുഖ്യമന്ത്രി ഭഗവന്ത് മാനിന്റെ അവകാശവാദം തള്ളി കമ്പനി. പഞ്ചാബിൽ ഓട്ടോ പാർട്‌സ് പ്ലാന്റ് സ്ഥാപിക്കുമെന്ന റിപ്പോർട്ടുകളാണ് ബിഎംഡബ്ല്യുവിന്റെ ഇന്ത്യ വിഭാഗം നിഷേധിച്ചിരിക്കുന്നത്. പഞ്ചാബിൽ ഓട്ടോ പാർട്‌സ് നിർമ്മാണ യൂണിറ്റ് സ്ഥാപിക്കാൻ ജർമ്മൻ ഓട്ടോമൊബൈൽ കമ്പനിയായ ബിഎംഡബ്ല്യു സമ്മതിച്ചുവെന്നായിരുന്നു പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മൻ ദിവസങ്ങൾക്ക് മുൻപ് അവകാശപ്പെട്ടത്. എന്നാൽ മുഖ്യമന്ത്രിയുടെ അവകാശവാദത്തെ തള്ളി ബിഎംഡബ്ല്യു രംഗത്ത് എത്തുകയായിരുന്നു.

ജർമ്മൻ ഓട്ടോമൊബൈൽ കമ്പനിയായ ബിഎംഡബ്ല്യു പഞ്ചാബിൽ ഒരു ഓട്ടോ പാർട്സ് നിർമ്മാണ യൂണിറ്റ് സ്ഥാപിക്കാൻ സമ്മതിച്ചു. പഞ്ചാബിലെ വ്യാവസായിക വളർച്ചയ്‌ക്ക് വലിയ ഉത്തേജനം നൽകുന്നതാണ് ഓട്ടോ പാർട്‌സ് നിർമ്മാണ മേഖല എന്നുമാണ് പഞ്ചാബ് സർക്കാർ പുറത്തിറക്കിയ പ്രസ്താവനയിൽ വ്യക്തമാക്കിയിരിക്കുന്നത്. ബിഎംഡബ്ല്യു പദ്ധതി ആരംഭിക്കുന്നതോടെ സംസ്ഥാനത്തെ യുവാക്കൾക്ക് പുതിയ തൊഴിലവസരങ്ങൾക്ക് വഴി തുറക്കുമെന്നും സർക്കാരിന്റെ ഔദ്യോ​ഗിക പ്രസ്താവനയിൽ പറഞ്ഞിരുന്നു.

ജർമ്മൻ ഓട്ടോമൊബൈൽ കമ്പനിയ്‌ക്ക് ചെന്നൈയിൽ മാത്രമാണ് ഓട്ടോ പാർട്‌സ് നിർമ്മാണ യൂണിറ്റ് ഉള്ളത്. ഇപ്പോൾ രണ്ടാമത്തെ ഉത്പാദന യൂണിറ്റ് പഞ്ചാബിൽ ആരംഭിക്കുമെന്നായിരുന്നു പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മൻ വ്യക്തമാക്കിയിരുന്നത്. അതേസമയം, പഞ്ചാബിൽ ഉത്പാദന യൂണിറ്റ് ആരംഭിക്കാൻ ബിഎംഡബ്ല്യു ഗ്രൂപ്പ് ഇന്ത്യയ്‌ക്ക് പദ്ധതിയില്ല. കാറുകൾക്കും മോട്ടോർസൈക്കിളുകൾക്കുമൊപ്പം പ്രീമിയം ഉപഭോക്താക്കൾക്കുള്ള പ്രത്യേക സേവനങ്ങളും ഇന്ത്യയിൽ ബിഎംഡബ്ല്യു ​ഗ്രൂപ്പ് തുടരും.

ചെന്നൈയിലെ നിർമ്മാണ പ്ലാൻറ്, പൂനെയിലെ ഒരു സ്പെയർ പാർട്സ് വെയർഹൗസ്, ഗുഡ്ഗാവ്-എൻസിആർ പരിശീലന കേന്ദ്രം, രാജ്യത്തെ പ്രധാന മെട്രോകളിൽ നന്നായി വികസിപ്പിച്ച ഡീലർ ശൃംഖല എന്നിവയാണ് ബിഎംഡബ്യൂവിന് നിലവിൽ ഇന്ത്യയിൽ ഉള്ളത്. പഞ്ചാബിൽ ഓട്ടോ പാർട്‌സ് നിർമ്മാണ യൂണിറ്റ് തുടങ്ങാൻ പദ്ധതിയില്ല എന്നും ബിഎംഡബ്ല്യു വ്യക്തമാക്കി.

Related Articles

Latest Articles