നിങ്ബോ (ചൈന): ഇന്ത്യൻ ബാഡ്മിന്റൺ ചരിത്രത്തിൽ പുതിയ അദ്ധ്യായം കുറിച്ചുകൊണ്ട് യുവതാരം ആയുഷ് ഷെട്ടി ഏഷ്യൻ ബാഡ്മിന്റൺ ചാമ്പ്യൻഷിപ്പിന്റെ പുരുഷ സിംഗിൾസ് ഫൈനലിൽ പ്രവേശിച്ചു. ചൈനയിലെ നിങ്ബോയിൽ നടന്ന ആവേശകരമായ സെമിഫൈനലിൽ ലോക ഒന്നാം നമ്പർ താരവും നിലവിലെ ചാമ്പ്യനുമായ തായ്ലൻഡിന്റെ കുൻലാവുത് വിതിദ്സാനിനെ അട്ടിമറിച്ചാണ് ആയുഷ് ഈ സുവർണ്ണ നേട്ടം കൈവരിച്ചത്. 75 മിനിറ്റ് നീണ്ടുനിന്ന കടുത്ത പോരാട്ടത്തിൽ ഒന്നിനെതിരെ രണ്ട് ഗെയിമുകൾക്കായിരുന്നു (10-21, 21-19, 21-17) ഇരുപത്തഞ്ചാം റാങ്കുകാരനായ ആയുഷിന്റെ വിജയം.
ദീർഘമായ 61 വർഷത്തെ കാത്തിരിപ്പിന് ശേഷമാണ് ഒരു ഇന്ത്യൻ താരം ഈ ടൂർണമെന്റിന്റെ പുരുഷ സിംഗിൾസ് ഫൈനലിൽ എത്തുന്നത്. 1965-ൽ സ്വർണ്ണം നേടിയ ദിനേശ് ഖന്നയ്ക്ക് ശേഷം ഈ നേട്ടം കൈവരിക്കുന്ന ആദ്യ ഇന്ത്യക്കാരനാണ് ആയുഷ് ഷെട്ടി. പ്രകാശ് പദുകോൺ, പുല്ലേല ഗോപിചന്ദ്, എച്ച്.എസ്. പ്രണോയ് തുടങ്ങിയ ഇതിഹാസ താരങ്ങൾക്കെല്ലാം സെമിഫൈനലിൽ വെച്ച് വെങ്കലം കൊണ്ട് തൃപ്തിപ്പെടേണ്ടി വന്നിടത്താണ് ആയുഷ് ചരിത്രം തിരുത്തിക്കുറിച്ചത്. ആദ്യ ഗെയിം നഷ്ടമായെങ്കിലും തളരാതെ പോരാടിയ ആയുഷ്, തന്റെ ആക്രമണാത്മക ശൈലിയിലൂടെ ലോക ചാമ്പ്യനെ സമ്മർദ്ദത്തിലാഴ്ത്തിയാണ് തിരിച്ചുവരവ് നടത്തിയത്.
ഈ ടൂർണമെന്റിലുടനീളം വമ്പൻ അട്ടിമറികളിലൂടെയാണ് ആയുഷ് മുന്നേറിയത്. ലോക ഏഴാം നമ്പർ താരം ചൈനയുടെ ലി ഷി ഫെങ്ങിനെ ആദ്യ റൗണ്ടിൽ വീഴ്ത്തിയ ആയുഷ്, ക്വാർട്ടർ ഫൈനലിൽ ലോക നാലാം നമ്പർ താരം ഇന്തോനേഷ്യയുടെ ജോനാഥൻ ക്രിസ്റ്റിയെയും പരാജയപ്പെടുത്തിയിരുന്നു. മുൻ ഇന്ത്യൻ കോച്ച് വിമല് കുമാർ ആയുഷിന്റെ പ്രകടനത്തെ പ്രശംസിച്ചു. നിർണ്ണായക നിമിഷങ്ങളിൽ സമ്മർദ്ദമില്ലാതെ കളിക്കാനുള്ള ആയുഷിന്റെ കഴിവും കൃത്യമായ സ്മാഷുകളുമാണ് വിജയത്തിലേക്ക് നയിച്ചതെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. ഞായറാഴ്ച നടക്കുന്ന ഫൈനലിൽ ചൈനയുടെ രണ്ടാം സീഡ് താരം ഷി യു ക്വിയാണ് ആയുഷിന്റെ എതിരാളി.

