Thursday, May 16, 2024
spot_img

ഒടുവില്‍ അഭയയ്ക്ക് നീതി: ഫാദര്‍ തോമസ് കോട്ടൂരിനും, സിസ്റ്റര്‍ സ്റ്റെഫിയ്ക്കും ജീവപര്യന്തം

തിരുവനന്തപുരം: അഭയ കൊലക്കേസിൽ പ്രതികൾക്ക് ജീവപര്യന്തം തടവുശിക്ഷ വിധിച്ച് സിബിഐ കോടതി. കോട്ടയം പയസ് ടെൻത്ത് കോണ്‍വൻ്റിലെ അന്തേവാസിയായിരുന്ന സിസ്റ്റര്‍ അഭയയെ കൊലപ്പെടുത്തിയ കേസിലാണ് പ്രതികളായ ഫാദര്‍ തോമസ് കോട്ടൂര്‍, സിസ്റ്റര്‍ സ്റ്റെഫി എന്നിവര്‍ക്ക് തിരുവനന്തപുരം സിബിഐ കോടതി ശിക്ഷ വിധിച്ചത്. ജഡ്ജി കെ.സനൽകുമാറാണ് വിധി പറഞ്ഞത്. കൊലപാതകം, തെളിവുനശിപ്പിക്കൽ തുടങ്ങിയ വകുപ്പുകളാണ് പ്രതികള്‍ക്കെതിരെ തെളിഞ്ഞിരിക്കുന്നത്. മഠത്തിലേക്ക് അതിക്രമിച്ചു കടന്നതിന് ഒരു ലക്ഷം രൂപയുടെ അധികപിഴ കൂടി ഫാദര്‍ തോമസ് കോട്ടൂരിന് സിബിഐ കോടതി വിധിച്ചിട്ടുണ്ട്. പ്രതികൾ രണ്ട് പേരും പിഴ ശിക്ഷ അടയ്ക്കാത്ത വിധം ഒരു വര്‍ഷം കൂടി അധികതടവ് ശിക്ഷ അനുഭവിക്കേണ്ടി വരുമെന്നും സിബിഐ കോടതി വിധിയിൽ വ്യക്തമാക്കിയിട്ടുണ്ട്.

വിധി പ്രസ്താവത്തിനായി മുൻപായി പ്രോസിക്യൂഷനും പ്രതിഭാഗവും കോടതിയിൽ അന്തിമവാദം നടത്തി. കൊലക്കുറ്റം തെളിഞ്ഞതിനാൽ പ്രതികൾക്ക് പരമാവധി ശിക്ഷ നൽകണമെന്ന് പ്രോസിക്യൂഷൻ വാദിച്ചു. അഭയയുടേത് ആസൂത്രിതമായ കൊലപാതകമായിരുന്നോ എന്ന് കോടതി പ്രോസിക്യൂഷനോട് ചോദിച്ചു. അല്ലെന്ന് സിബിഐ പ്രോസിക്യൂട്ടര്‍ എം. നവാസ് മറുപടി നൽകി. അതേസമയം ഫാദര്‍ കോട്ടൂർ കോൺവെൻ്റിൽ അതിക്രമിച്ച് കയറി കുറ്റകൃത്യം നടത്തിയെന്നത് ഗൗരവതരമാണെന്നും പ്രോസിക്യൂഷൻ കോടതിയിൽ ചൂണ്ടിക്കാട്ടി. അഭയവധക്കേസ് അപൂർവ്വങ്ങളിൽ അപൂർവ്വമായ കേസായി പരിഗണിക്കണമെന്നും പരാമവധി ശിക്ഷ നൽകണമെന്നും പ്രോസിക്യൂഷൻ വാദിച്ചു.

കേസിലെ രണ്ടിലെ പ്രതികളും ഗുരുതര ആരോഗ്യപ്രശ്നങ്ങൾ നേരിടുന്നവരാണെന്ന് പ്രതിഭാഗം കോടതിയിൽ വാദിച്ചു. കേസിൽ ഒന്നാം പ്രതിയായ ഫാദര്‍ കോട്ടൂര്‍ അര്‍ബുദ രോഗിയാണെന്നും അദ്ദേഹത്തിന് 73 വയസ് പ്രായമുണ്ടെന്നും പ്രതിഭാഗം ചൂണ്ടിക്കാട്ടി. പ്രതിഭാഗത്തിൻ്റെ വാദം അവസാനിച്ച ശേഷം ഫാദര്‍ കോട്ടൂരും സിസ്റ്റര്‍ സ്റ്റെഫിയും ശിക്ഷയിൽ ഇളവ് നൽകണമെന്ന് ജഡ്ജിക്ക് അരികിലെത്തി അഭ്യര്‍ത്ഥിച്ചു.

താൻ നിരപരാധിയാണെന്നും ദിവസവും 20 എം.ജി ഇൻസുലിൻ വേണമെന്നും കോട്ടൂര്‍ കോടതിയിൽ പറഞ്ഞു. മറ്റു ആരോഗ്യപ്രശ്നങ്ങൾ ഉള്ളതിനാൽ അതിനും ചികിത്സയും മരുന്നുമുണ്ടെന്നും ഫാദര്‍ കോട്ടൂര്‍ കോടതിയെ അറിയിച്ചു. കോട്ടൂരിന് പിന്നാലെ സിസ്റ്റര്‍ സ്റ്റെഫി സിബിഐ ജഡ്ജിക്ക് സമീപത്തേക്ക് വന്നു താൻ നിരപരാധിയാണെന്നും ക്നായ നിയമപ്രകാരം ഒരു വൈദികൻ കന്യാസ്ത്രീക്ക് പിതാവിനെ പോലെയാണെന്നും അതിനാൽ ആരോപണങ്ങൾ അടിസ്ഥാന രഹിതമാണെന്നും സിസ്റ്റര്‍ സ്റ്റെഫി പറഞ്ഞു.

സിബിഐ കോടതി കുറ്റക്കാരനെന്ന കണ്ടെത്തിയ പ്രതികളെ ഇന്നലെ വൈദ്യപരിശോധനക്കു ശേഷം ജയിലേക്ക് മാറ്റിയിരുന്നു. ഇന്ന് പതിനൊന്നു മണിയോടെ പ്രതികളെ വീണ്ടും കോടതിയിലേക്ക് കൊണ്ടു വന്നു തുടര്‍ന്നാണ് സിബിഐ കോടതി ജഡ്ജി വിധി പ്രസ്താവിച്ചത്.അഭയ കൊല്ലപ്പെട്ട് 28 വർഷങ്ങള്‍ക്ക് ശേഷമാണ് കേസിൽ നിർണായക വിധി പ്രഖ്യാപനം ഉണ്ടാകുന്നത്. ലോക്കൽ പൊലീസും ക്രൈം ബ്രാഞ്ചും ആത്മഹത്യയെന്ന് എഴുതി തളളിയ കേസ് കൊലപാതകമാണെന്ന് സിബിഐയാണ് കണ്ടെത്തിയത്.

Related Articles

Latest Articles