തിരുവനന്തപുരം: കവയത്രിയും സാമൂഹിക, പരിസ്ഥിതി പ്രവര്‍ത്തകയുമായിരുന്ന സുഗതകുമാരി ടീച്ചര്‍ (86) അന്തരിച്ചു. കോവിഡ് ബാധിതയായി തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലായിരുന്നു. ശ്വസന പ്രക്രിയ പൂര്‍ണമായും വെന്റിലേറ്റര്‍ സഹായത്തിലായിരുന്നു. ഹൃദയത്തിന്റെ പ്രവര്‍ത്തനത്തിനും തകരാര്‍ സംഭവിച്ചിരുന്നു. തിങ്കളാഴ്ചയാണ് സുഗതകുമാരിയെ തലസ്ഥാനത്തെ സ്വകാര്യ ആശുപത്രിയില്‍ നിന്നും മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
കോവിഡ് സ്ഥിരീകരിച്ച സുഗതകുമാരിയ്ക്ക് ആശുപത്രിയിലെത്തുമ്പോള്‍ ബ്രോങ്കോ ന്യുമോണിയയെ തുടര്‍ന്നുള്ള ശ്വാസതടസ്സമാണ് പ്രധാന പ്രശ്‌നമായി ഉണ്ടായിരുന്നത്. ആശുപത്രിയില്‍ പ്രവേശിപ്പിച്ചയുടന്‍ വിദഗ്ധ ഡോക്ടര്‍മാരുടെ സംഘം പരിശോധിക്കുകയും തീവ്രപരിചരണ വിഭാഗത്തില്‍ വെന്റിലേറ്ററിലേയ്ക്ക് മാറ്റുകയും ചെയ്തിരുന്നു.
പ്രശസ്ത കവിയും സ്വാതന്ത്ര്യസമരസേനാനിയുമായ ബോധേശ്വരന്റെയും തിരുവനന്തപുരം വുമന്‍സ് കോളേജില്‍ സംസ്‌കൃതം പ്രൊഫസറായിരുന്ന കാര്‍ത്യായനിയമ്മയുടേയും പുത്രിയായി 1934 ജനുവരി 22നാണ് സുഗതകുമാരി ജനിച്ചത്. തത്വശാസ്ത്രത്തില്‍ എം.എ. ബിരുദം നേടിയ സുഗതകുമാരി തളിര് എന്ന മാസികയുടെ പത്രാധിപരായും സംസ്ഥാന വനിതാ കമ്മീഷന്റെ അദ്ധ്യക്ഷയായും തിരുവനന്തപുരം ജവഹര്‍ ബാലഭവന്റെ മേധാവിയായും സേവനമനുഷ്ഠിച്ചിട്ടുണ്ട്. പരിസ്ഥിതി സംരക്ഷണത്തിനു വേണ്ടിയും സാമൂഹിക അനീതികള്‍ക്കെതിരായും ശ്രദ്ധേയമായ നിരവധി ഇടപെടലുകള്‍ നടത്തി. അഗതികളായ സ്ത്രീകള്‍ക്കുവേണ്ടി അത്താണി എന്ന ഭവനം, മാനസിക രോഗികള്‍ക്കുവേണ്ടി പരിചരണാലയം, അഭയഗ്രാമം എന്നിങ്ങനെയുള്ള പദ്ധതികളും സുഗതകുമാരി ടീച്ചറിന്റെ സംഭാവനയാണ്.
സാഹിത്യത്തിലെ സമഗ്ര സംഭാവനകള്‍ക്ക് നല്‍കുന്ന എഴുത്തച്ഛന്‍ പുരസ്‌കാരം (2009), സാമൂഹിക സേവനത്തിനുള്ള ലക്ഷ്മി അവാര്‍ഡ്, കേരള സാഹിത്യ അക്കാദമി പുരസ്‌കാരം (1980-പാതിരപ്പൂക്കള്‍), കേന്ദ്ര സാഹിത്യ അക്കാദമി പുരസ്‌കാരം (1982-രാത്രിമഴ), ഓടക്കുഴല്‍ പുരസ്‌കാരം (1984-അമ്ബലമണി), വയലാര്‍ അവാര്‍ഡ്, ആശാന്‍ പ്രൈസ് (അമ്ബലമണി), 2003ല്‍ ലളിതാംബിക അന്തര്‍ജ്ജനം അവാര്‍ഡ്, 2004ല്‍ വള്ളത്തോള്‍ അവാര്‍ഡ് എന്നിവ ലഭിച്ചു. കുടാതെ കേരള സാഹിത്യ അക്കാദമി ഫെല്ലോഷിപ്പ് (2004), ബാലാമണിയമ്മ അവാര്‍ഡ്, പ്രകൃതിസംരക്ഷണ യത്നങ്ങള്‍ക്കുള്ള ഇന്ത്യാഗവണ്‍മെന്റിന്റെ ആദ്യത്തെ ഇന്ദിരാ പ്രിയദര്‍ശിനി വൃക്ഷമിത്ര അവാര്‍ഡ്, സരസ്വതി സമ്മാന്‍ എന്നിവയ്ക്കും അര്‍ഹയായി. ഇവയ്ക്കുപുറമെ രാജ്യം ടീച്ചറെ പത്മശ്രീ പുരസ്‌കാരവും നല്‍കി ആദരിച്ചിട്ടുണ്ട്.
മുത്തുച്ചിപ്പി, പാതിരാപ്പൂക്കള്‍, പാവം മാനവഹൃദയം, ഇരുള്‍ ചിറകുകള്‍, രാത്രിമഴ, അമ്പലമണി, കുറിഞ്ഞിപ്പൂക്കള്‍, തുലാവര്‍ഷപ്പച്ച, രാധയെവിടെ, കൃഷ്ണകവിതകള്‍, ദേവദാസി, വാഴത്തേന്‍, മലമുകളിലിരിക്കെ, മണലെഴുത്ത് എന്നിവയാണ് സുഗതകുമാരി ടീച്ചറിന്റെ പ്രധാന കൃതികള്‍.
ഭര്‍ത്താവ്: പരേതനായ ഡോ. കെ. വേലായുധന്‍ നായര്‍, മകള്‍: ലക്ഷ്മി, എഴുത്തുകാരിയും വിദ്യാഭ്യാസ വിചക്ഷണയുമായിരുന്ന, പരേതയായ പ്രൊഫ. ബി ഹൃദയകുമാരി സഹോദരിയാണ്.

