Saturday, April 27, 2024
spot_img

അഭിനന്ദന്‍ വര്‍ത്തമാന്‍റെ 51 സ്‌ക്വാഡ്രണ് ഇന്ത്യന്‍ വ്യോമസേനയുടെ യൂണിറ്റ് പുരസ്‌കാരം; വ്യോമസേന ദിനാഘോഷത്തില്‍ എയര്‍ ചീഫ് മാര്‍ഷല്‍ ബഹുമതി സമ്മാനിക്കും

ദില്ലി: വിംഗ് കമാന്‍ഡര്‍ അഭിനന്ദന്‍ വര്‍ത്തമാന്‍റെ 51 സ്‌ക്വാഡ്രണ് ഇന്ത്യന്‍ വ്യോമസേനയുടെ (ഐഎഎഫ്) യൂണിറ്റ് പുരസ്‌കാരം. ഈ വര്‍ഷം ഫെബ്രുവരി 27ന് പാകിസ്ഥാന്‍ വ്യോമാക്രമണത്തെ പ്രതിരോധിച്ചതിനാണ് എയര്‍ ചീഫ് മാര്‍ഷല്‍ ആര്‍കെഎസ് ഭദൗറിയ സ്‌ക്വാഡ്രണ് ബഹുമതി നല്‍ക്കുന്നത്. പ്രതിരോധത്തിന്‍റെ ഭാഗമായി പാക്കിസ്ഥാന്റെ എഫ് -16 വിമാനവും വ്യോമസേന വെടിവച്ചിട്ടിരുന്നു.

ഫെബ്രുവരി 26 ന് ‘ഓപ്പറേഷന്‍ ബന്ദര്‍’ എന്ന പേരില്‍ മിറേജ് 2000 യുദ്ധവിമാനങ്ങളുമായി ബാലകോട്ടിലെ ഭീകര ക്യാമ്പുകളിലെക്ക് വ്യോമാക്രമണം നടത്തിയ ഒമ്പതാം നമ്പര്‍ സ്‌ക്വാഡ്രനും യൂണിറ്റ് പുരസ്‌കാരം നല്‍കും.

ചൊവ്വാഴ്ച ഹിന്‍ഡണ്‍ എയര്‍ ബേസില്‍ നടക്കുന്ന ഇന്ത്യന്‍ വ്യോമസേന ദിനാഘോഷ പരിപാടികളുടെ ഭാഗമായിയാണ് പുരസ്‌കാരങ്ങള്‍ നല്‍ക്കുക. പരിപാടിയില്‍ മിറേജ് 2000 യുദ്ധവിമാനങ്ങളുടെ പ്രദര്‍ശനവുമുണ്ടാകും. ബാലകോട്ട് വ്യോമാക്രമണത്തിന് പിന്നാലെ പാകിസ്ഥാന്റ യുദ്ധവിമാനം വെടിവെച്ചിട്ട വര്‍ത്തമാന് ഏറ്റവും ഉയര്‍ന്ന മൂന്നാമത്തെ സൈനിക ബഹുമതിയായ വീര ചക്ര നല്‍കി 73-ാം സ്വാതന്ത്ര്യദിനത്തില്‍ രാജ്യം ആദരിച്ചിരുന്നു. യുദ്ധസാഹചര്യത്തില്‍ ശത്രുവിനെതിരെ പ്രകടിപ്പിച്ച ധീരത കണക്കിലെടുത്താണ് അദേഹത്തിന് ഈ ബഹുമതി സമ്മാനിച്ചത്.

പുല്‍വാമ ആക്രമണത്തിന് പ്രതികാരമായാണ് ഫെബ്രുവരി 26ന് വ്യോമസേന ബലാകോട്ടിലെ ഭീകരകേന്ദ്രങ്ങള്‍ തകര്‍ത്തത്. ഇതിന് പിന്നാലെ ഫെബ്രുവരി 27ന് നിയന്ത്രണരേഖ മറികടന്നെത്തിയ പാക് യുദ്ധവിമാനങ്ങളെ ഇന്ത്യ തുരത്തിയിരുന്നു. അതിര്‍ത്തി ലംഘിച്ച പാക് യുദ്ധവിമാനം എഫ്-16നെ ഇന്ത്യന്‍ വിമാനം മിഗ്-21 വെടിവെച്ചിട്ടിരുന്നു. ഈ വിമാനം നിയന്ത്രിച്ചത് അഭിനന്ദന്‍ ആയിരുന്നു. ഇതിന് പിന്നാലെ ഈ വിമാനം ആക്രമണത്തില്‍ തകരുകയും അഭിനന്ദന്‍ പാക്കിസ്ഥാന്റെ പിടിയിലാകുകയും ചെയ്തിരുന്നു. എന്നാല്‍ ഇന്ത്യ നിലപാട് കര്‍ക്കശമാക്കിയതോടെ അഭിനന്ദനെ മാര്‍ച്ച് ഒന്നിന് പാക്കിസ്ഥാന്‍ ഇന്ത്യയ്ക്ക് കൈമാറി.

Related Articles

Latest Articles