Wednesday, May 8, 2024
spot_img

ഇത്തവണ 70.35 ശതമാനം മാത്രം പോളിംഗ്; കഴിഞ്ഞ തവണത്തേക്കാൾ 7.16 ശതമാനത്തിന്റെ കുറവ്! പോളിങ് ശതമാനത്തിലെ കുറവ് തിരിച്ചടിയാകില്ലെന്ന് മുന്നണികൾ; പ്രതീക്ഷയും ആശങ്കയും ഒരു പോലെ!

തിരുവനന്തപുരം: പോളിങ് ശതമാനത്തിലെ കുറവ് തിരിച്ചടിയാകില്ലെന്ന് മുന്നണികൾ. മണ്ഡലങ്ങളുടെ സൂക്ഷ്മ വിലയിരുത്തലിലേക്ക് പാർട്ടികൾ ഇന്ന് കടക്കും. നിർണ്ണായക വിധിയെഴുത്തിന് ശേഷവും ഒരുപോലെ പ്രതീക്ഷയിലും ആശങ്കയിലുമാണ് മുന്നണികൾ.

മുന്‍ വര്‍ഷങ്ങളെ അപേക്ഷിച്ച് ഇത്തവണ പോളിങ് ശതമാനത്തില്‍ വലിയ കുറവാണുണ്ടായത്. 2019 ല്‍ രേഖപ്പെടുത്തിയ 77.51 ശതമാനം പോളിങ് ഇത്തവണ 70.35 ശതമാനമായി കുറഞ്ഞു. 7.16 ശതമാനത്തിന്റെ കുറവ്. വോട്ടു ചെയ്തവരുടെ എണ്ണത്തില്‍ ഏകദേശം 8 ലക്ഷത്തിന്റെ കുറവ്. പോളിങ് ഏറ്റവുമധികം കുറഞ്ഞതു പത്തനംതിട്ടയിലാണ്. 10.95% പോളിങ് കുറഞ്ഞു. ചാലക്കുടി മുതല്‍ പത്തനംതിട്ട വരെയുള്ള മണ്ഡലങ്ങളില്‍ പോളിങ് ഗണ്യമായി കുറഞ്ഞു.

രാവിലെയുണ്ടായ പോളിംഗ് ആവേശം കണ്ടപ്പോൾ 2019നെക്കാൾ ഉയർന്ന പോളിംഗ് ശതമാനമാണ് പ്രതീക്ഷിച്ചിരുന്നത്. എന്നാൽ ഉച്ചയോടെ പോളിംഗ് ആവേശം കുറഞ്ഞു. പിന്നെ കാരണമെന്തെന്നായി ചർച്ചകൾ. ദേശീയനേതാക്കൾ വരെ ഇളക്കിമറിച്ചുള്ള പ്രചാരണവും, പലയിടത്തുമുള്ള ഇഞ്ചോടിഞ്ച് പോരും, ശക്തമായ ത്രികോണമത്സരങ്ങളും ഇത്തവണ ശ്രദ്ധ നേടിയിരുന്നു. പൊതുവിൽ റെക്കോർഡ് പോളിങ്ങാണ് പ്രതീക്ഷിച്ചത്. പൊള്ളുന്ന ചൂടാകാം വില്ലനായത് എന്നാണ് പൊതുവിലുള്ള വിലയിരുത്തൽ. പോളിംഗ് ശതമാനത്തിലെ കുറവിൽ നേരിയൊരു ആശങ്ക ഉള്ളിൽ യുഡിഎഫിനുണ്ടെങ്കിലും എല്ലാം ഭദ്രമെന്നാണ് അവകാശവാദം.

Related Articles

Latest Articles