Tuesday, May 7, 2024
spot_img

രാഹുൽ ഗാന്ധിക്കെതിരായ അധിക്ഷേപ പരാമർശം ! പി വി അൻവറിനെതിരെ ജാമ്യമില്ലാ വകുപ്പടക്കം ചുമത്തി കേസ് !

കോഴിക്കോട്: വയനാട് മണ്ഡലത്തിലെ യുഡിഎഫ് സഥാനാർത്ഥിയും കോൺഗ്രസ് നേതാവുമായ രാഹുൽ ഗാന്ധിക്കെതിരായ അധിക്ഷേപ പരാമർശത്തിൽ നിലമ്പൂർ എംഎൽഎ പി.വി. അൻവർ എംഎൽഎക്കെതിരെ ജാമ്യമില്ലാ വകുപ്പടക്കം ചുമത്തി കേസെടുത്തു. എറണാകുളം സ്വദേശിയായ അഡ്വ. എം ബൈജു നോയൽ മണ്ണാർക്കാട് ജുഡീഷ്യൽ ഫസ്‌റ്റ്‌ ക്ലാസ് മജിസ്ട്രേട്ട് കോടതിയിൽ സ്വകാര്യ അന്യായം സമർപ്പിച്ചിരുന്നു. ഹർജി പരിഗണിച്ച കോടതി സംഭവം അന്വേഷിച്ച് ആവശ്യമുണ്ടെങ്കിൽ കേസെടുക്കാൻ നാട്ടുകൽ പോലീസിനോട് നിർദേശിക്കുകയും ചെയ്തു. 153 എ(1) ( രണ്ട് വിഭാഗങ്ങൾക്കിടയിൽ സ്‌പർദ്ധയുണ്ടാക്കൽ) വകുപ്പ്, ജനപ്രാധിനിത്യ നിയമ വകുപ്പ് 125 ഉൾപ്പെടെയുള്ള വകുപ്പുകൾ അനുസരിച്ചാണ് ഇപ്പോൾ കേസെടുത്തിരിക്കുന്നത്. രണ്ട് വിഭാഗങ്ങൾക്കിടയിൽ സ്‌പർദ്ധയുണ്ടാക്കൽ ജാമ്യമില്ലാ വകുപ്പാണ്.

പാലക്കാട് എടത്തനാട്ടുകരയില്‍ നടന്ന എല്‍ഡിഎഫ് പ്രചാരണയോഗത്തിലാണ് പി വി അന്‍വര്‍ അധിക്ഷേപ പ്രസംഗം നടത്തിയത്.

“ഗാന്ധിയെന്ന പേര് പോലും കൂട്ടിച്ചേര്‍ത്ത് പറയാന്‍ അര്‍ഹതയില്ലാത്ത നാലാംകിട പൗരനായി രാഹുല്‍ഗാന്ധി മാറി. ഞാനല്ല പറഞ്ഞത്, ഇന്ത്യയിലെ ഭക്ഷണം കഴിക്കുന്ന സകല മനുഷ്യരും കഴിഞ്ഞ രണ്ടുദിവസമായി പറഞ്ഞുകൊണ്ടിരിക്കുകയാണ്. എന്താ സ്ഥിതി, നെഹ്റു കുടുംബത്തില്‍ ഇങ്ങനെയൊരു മനുഷ്യന്‍ ഉണ്ടാകുമോ? നെഹ്റു കുടുംബത്തിന്‍റെ ജനിറ്റിക്സില്‍ ജനിച്ച ഒരാള്‍ക്ക് അങ്ങനെ പറയാന്‍ കഴിയുമോ? എനിക്ക് അക്കാര്യത്തില്‍ നല്ല സംശയമുണ്ട്. രാഹുല്‍ ഗാന്ധിയുടെ ഡി.എന്‍.എ പരിശോധിക്കണമെന്ന അഭിപ്രായക്കാരനാണ് ഞാന്‍. അക്കാര്യത്തില്‍ യാതൊരു തര്‍ക്കവുമില്ല. ആ ജവഹര്‍ലാല്‍ നെഹ്റുവിന്‍റെ പേരക്കുട്ടിയായി വളരാനുള്ള ഒരു അര്‍ഹതയും രാഹുലിനില്ല. രാഹുല്‍ ഗാന്ധി മോഡിയുടെ ഏജന്‍റാണോ എന്ന് ആലോചിക്കേണ്ട ഇടത്തേക്ക് കാര്യങ്ങളെത്തിയിരിക്കുകയാണ്.” – പ്രസംഗത്തിൽ പി വി അൻവർ പരാമർശിച്ചു .

പി വി അൻവറിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷനും ഡിജിപി, കോഴിക്കോട് റൂറൽ എസ് പി , എസ് എച്ച് ഒ മുക്കം എന്നിവർക്കും കോൺഗ്രസ് പരാതി നൽകിയിരുന്നു

Related Articles

Latest Articles