മലപ്പുറം: വീണ്ടും വില്ലനായി വാഹനാപകടം(Accident In Malapuram ). മലപ്പുറത്ത് നിയന്ത്രണം വിട്ട ലോറി ബസ്സിലിടിച്ച് നഴ്‌സിന് ദാരുണാന്ത്യം. ബസിലെ യാത്രക്കാരിയായിരുന്ന വിജി(25) ആണ് മരിച്ചത്. ഇവർ കോഴിക്കോട് മെഡിക്കൽ കോളേജിലെ നഴ്‌സിംഗ് അസിസ്റ്റന്റ് ആയിരുന്നു. മലപ്പുറം കൊണ്ടോട്ടി ബൈപ്പാസിലാണ് അപകടമുണ്ടായത്.
സംഭവത്തിൽ പത്തിലധികം യാത്രക്കാരുടെ നില ഗുരുതരമാണെന്നാണ് വിവരം. അതേസമയം നിരവധി ബസ് യാത്രക്കാർക്കും പരിക്കേറ്റിട്ടുണ്ട്. ഇവരെ കൊണ്ടോട്ടിയിലെ വിവിധ ആശുപത്രികളിലായി പ്രവേശിപ്പിച്ചിരിക്കുകയാണ്. കോഴിക്കോട്ട് ഭാഗത്തേക്ക് പോകുകയായിരുന്ന സ്വകാര്യ ബസിലാണ് നിയന്ത്രണം വിട്ട ടോറസ് ലോറിയിടിച്ചത്. മറുഭാഗത്ത് നിന്നും വന്നിരുന്ന ലോറി ഡിവൈഡർ മറികടന്നെത്തിയാണ് ബസിലിടിച്ചത്. ഇതോടെ ബസ് ഒരുവശത്തേക്ക് മറിയുകയായിരുന്നു. സംഭവം അറിഞ്ഞ ഉടൻ കൊണ്ടോട്ടി പോലീസ് സ്ഥലത്തെത്തി എല്ലാവരെയും ആശുപത്രിയിലെത്തിക്കാൻ വേണ്ട നടപടികൾ എടുത്തു.

