കൊച്ചി: സിപിഎം സംസ്ഥാന സമ്മേളനവുമായി ബന്ധപ്പെട്ട് കൊച്ചിയില്‍ (Kochi) പാതയോരങ്ങളില്‍ വ്യാപകമായി കൊടി തോരണങ്ങള്‍ കെട്ടിയതിനെതിരെ രൂക്ഷവിമര്‍ശനവുമായി ഹൈക്കോടതി.പാതയോരങ്ങളില്‍ അനധികൃതമായി ആര് കൊടി തോരണങ്ങള്‍ സ്ഥാപിച്ചാലും നടപടി വേണമെന്നും ആരാണ് കൊടി തോരണങ്ങള്‍ സ്ഥാപിക്കുന്നത് എന്നത് കോടതിക്ക് വിഷയമല്ലെന്നും ഹൈക്കോടതി വ്യക്തമാക്കി.
നടപടിയെടുക്കാൻ കോർപ്പറേഷൻ സെക്രട്ടറിക്ക് പേടിയെങ്കിൽ തുറന്ന് പറയണമെന്ന് കോടതി അറിയിച്ചു. പേടിയില്ലാത്ത ഉദ്യോഗസ്ഥർ ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ പറഞ്ഞു.പേടിയില്ലാത്ത ഉദ്യോഗസ്ഥര്‍ ഉണ്ടാകുമെന്നാണ് കരുതുന്നതെന്നും കോടതി പരിഹസിച്ചു. സിപിഎം സംസ്ഥാന സമ്മേളനത്തിന്റെ പശ്ചാത്തലത്തില്‍, റോഡില്‍ നിറയെ കൊടിതോരണങ്ങളാണെന്ന് അമിക്കസ്‌ക്യൂറി അറിയിച്ചതിനു പിന്നാലെയായിരുന്നു സിംഗിള്‍ ബെഞ്ചിന്റെ പരാമര്‍ശം.
സിപിഐഎം സമ്മേളനവുമായി ബന്ധപ്പെട്ട് നഗരത്തിൽ കൊടിതോരണങ്ങൾ സ്ഥാപിച്ചിരുന്നു. ഇതിനെതിരെ ഹൈക്കോടതി ആദ്യം പരോക്ഷ വിമർശനം ഉന്നയിച്ചിരുന്നു. നഗരത്തിലെ കൊടികൾ പാർട്ടിക്കാർ തന്നെ കൊണ്ടുപോയതിൽ സന്തോഷമമുണ്ടെന്നും ജനങ്ങൾക്ക് ബുദ്ധിമുട്ടുണ്ടാക്കുന്ന നടപടിക്ക് കോടതി കൂട്ടുനിൽക്കില്ലെന്നും ജ. ദേവൻ രാമചന്ദ്രൻ പറഞ്ഞു.

