Monday, June 17, 2024
spot_img

ചിരിയുടെ രാജാവ്! മലയാളക്കരയുടെ സ്വന്തം ഗഫൂർക്ക,വിട പറഞ്ഞത് അഭിനയ കുലപതി

ജീവിതത്തിലും സിനിമയിലും നാട്യങ്ങളൊന്നുമില്ലാത്ത തനി കോഴിക്കോട്ടുകാരനായിരുന്നു മാമുക്കോയ.കോഴിക്കോടൻ ഭാഷയും സ്വാഭാവികനർമ്മവുമായിരുന്നു മാമുക്കോയയുടെ സവിശേഷത.ഒരുകാലഘട്ടത്തിലെ കോഴിക്കോടിന്റെ സാഹിത്യ, സാംസ്കാരിക ജീവിതം കണ്ടും കേട്ടും അനുഭവിച്ചും അറിഞ്ഞതിന്റെ ഉള്ളാഴമുണ്ടായിരുന്നു മാമുക്കോയയുടെ ജീവിതക്കാഴ്ചകൾക്ക്.വൈക്കം മുഹമ്മദ് ബഷീർ, എസ്.കെ പൊറ്റക്കാട്, എംഎസ് ബാബുരാജ് തുടങ്ങിയവരുമായി ഏറെ അടുത്ത സൗഹൃദവും അദ്ദേഹത്തിനുണ്ടായിരുന്നു. പള്ളിക്കണ്ടിയെന്നാൽ അറബിക്കടലും കല്ലായിപ്പുഴയും മിണ്ടിത്തുടങ്ങുന്ന കോഴിക്കോട്ടെ തീരദേശഗ്രാമം. അവിടെയാണ് മാമുക്കോയ ജനിച്ച് വളർന്നത്. ഹൈസ്കൂൾ പഠനം കഴിഞ്ഞ് നാട്ടിലെ മറ്റു പല ചെറുപ്പക്കാരെയും പോലെ കല്ലായിപ്പുഴയോരത്തെ മരമില്ലുകളിൽ ജോലിക്ക് പോയി. കെടി മുഹമ്മദും വാസുപ്രദിപും മറ്റും മലബാറിന്റെ നാടകവേദികളെ ഇളക്കിമറിച്ച ആ കാലത്ത് മാമുക്കോയയും നാടകത്തിന് പിന്നാലെയായിരുന്നു. 1979 ൽ അന്യരുടെ ഭൂമിയെന്ന സിനിമയിൽ ആദ്യമായി ചെറിയ വേഷം ചെയ്തു.

1982ൽ വൈക്കം മുഹമ്മദ് ബഷീറിന്റെ ശുപാർശ പ്രകാരം സുറുമിയിട്ട കണ്ണുകളിൽ മറ്റൊരു വേഷം. കാര്യമായ ശ്രദ്ധ കിട്ടിയില്ല. 4 കൊല്ലം കഴിഞ്ഞ് ആ സിനിമ വന്നു. സിബി മലയിലിന്റെ ദൂരെദൂരെ കൂടു കൂട്ടാം. എന്ന് വെച്ചാൽ മോഹൻലാൽ മാഷിന്റെ സാൾട്ട് മാംഗോ ട്രീ സിനിമ. കോയ മാഷ് ക്ലിക്കായി. തനി കോഴിക്കോടൻ നാടൻ വർത്തമാനം. കൂസാത്ത കൗണ്ടറുകൾ പറയുന്ന കല്ലായിയിലെ പഴയ മരഅളവുകാരനെ കണ്ട് ജനം ആർത്തു ചിരിച്ചു. പിന്നിട് മാമുക്കോയ തിരിഞ്ഞ് നോക്കിയിട്ടില്ല, ശ്രീനിവാസനെന്ന തിരക്കഥാകൃത്തും സത്യനന്തിക്കാടെനന്ന സംവിധായകനും ചേർന്ന് മലയാള സിനിമയെ മറ്റൊരു വഴിയിലൂടെ നടത്തിയപ്പോൾ കൂടെ സ്ഥിരമായുണ്ടായിരുന്നത് മാമുക്കോയയാണ്.

നാടോടിക്കാറ്റിലെ ഗഫൂർ… സന്ദേശത്തിലെ എകെ പൊതുവാളെന്നിങ്ങനെ നമ്മുടെ ചുറ്റുവട്ടത്ത് കാണുന്ന മനുഷ്യരെ പോലെ മാമുക്കോയ സ്ക്രീനിൽ നിറഞ്ഞു നിന്നു. പ്രിയദർശനും സിദ്ദീഖ് ലാലുമൊക്കെ മാമുക്കോയയുടെ കോഴിക്കോടൻ ഹാസ്യത്തിന് മാറ്റുകൂട്ടി. 30 വർഷം മുമ്പുള്ള
മാമുക്കോയയുടെ സംഭാഷണങ്ങൾ പലതും പുതുതലമുറയ്ക്ക് തഗ് ലൈഫാണ്. സംഭാഷണത്തിലെ ഉരുളക്കുപ്പേരി മറുപടികൾ പലതും മാമുക്കയുടെ സംഭാവനകളായിരുന്നു. സിബി മലയിലിന്റെ സംവിധാനത്തിൽ ഒരുങ്ങിയ ‘ദൂരെദൂരെ ഒരു കൂടുകൂട്ടാം’ എന്ന സിനിമയിലാണ് ആദ്യമായി മാമുക്കോയക്കു ശ്രദ്ധേയമായ ഒരു വേഷം ലഭിക്കുന്നത്. ശ്രീനിവാസനായിരുന്നു ചിത്രത്തിന്റെ തിരക്കഥ.

സ്കൂൾ പശ്ചാത്തലത്തിലുള്ള കഥയിൽ അറബി മുൻഷിയുടെ വേഷമായിരുന്നു മാമുക്കോയക്ക്. സ്ക്രിപ്റ്റിൽ രണ്ടുമൂന്ന് സീൻ മാത്രമുള്ള കഥാപാത്രം. എന്നാൽ ആ സീനുകളിൽ മാമുക്കോയയുടെ പ്രകടനം വിസ്മയപ്പെടുത്തിയതോടെ കഥാപാത്രത്തിന്റെ സീൻ കൂട്ടി. അങ്ങനെ ആ സിനിമയിലെ പ്രധാന കഥാപാത്രങ്ങളിലൊരാളായി. ഈ സിനിമയ്ക്കു ശേഷം കല്ലായിയിലെ പണിക്കും നാടകാഭിനയത്തിനുമൊന്നും പോകേണ്ടി വന്നില്ലെന്ന് പിന്നീട് മാമുക്കോയ തന്നെ തുറന്നുപറഞ്ഞിട്ടുണ്ട്.സത്യൻ അന്തിക്കാട് സംവിധാനം ചെയ്ത ‘ഗാന്ധിനഗർ സെക്കന്റ് സ്ട്രീറ്റി’ൽ ശ്രീനിവാസന്റെ ശുപാർശയിലായിരുന്നു അടുത്ത വേഷം. ചിത്രത്തിലെ നായകനായെത്തിയ മോഹൻലാലിന്റെ കൂട്ടുകാരിലൊരാൾ. അതും ഏറെ ശ്രദ്ധിക്കപ്പെട്ടു.

ഇതിനുപിന്നാലെ സത്യൻ അന്തിക്കാട്–ശ്രീനിവാസൻ ടീമിന്റെ ‘സന്മനസുള്ളവർക്ക് സമാധാനം’ എന്ന സിനിമയിലെത്തി. അതു തീരാറായപ്പോഴേക്കും സിബി മലയിലിന്റെ മമ്മൂട്ടി ചിത്രം ‘രാരീര’ത്തിൽ അവസരം ലഭിച്ചു. മാമുക്കോയ എന്ന കല്ലായിലെ മരം അളവുകാരനും നാടക നടനും സിനിമയിലെ സജീവസാന്നിധ്യമാകുന്ന കാഴ്ചയായിരുന്നു പിന്നീട്. ‘നാടോടിക്കാറ്റ്’, ‘വരവേൽപ്പ്’, ‘മഴവിൽക്കാവടി’ തുടങ്ങിയ സിനിമകളിലെ വേഷങ്ങളിലൂടെ മലയാള സിനിമയിൽ തന്റേതായ സ്ഥാനം മാമുക്കോയ അളന്നെടുത്തു. നാലു പതിറ്റാണ്ടിലേറെ നീണ്ട സിനിമാജീവിതത്തിൽ 450 ലേറെ കഥാപാത്രങ്ങൾക്കു ജീവൻ നൽകി. നാലു തമിഴ് ചലച്ചിത്രങ്ങളിലും ഒരു ഫ്രഞ്ച് സിനിമയിലും (Flammen im Paradies – 1997) അഭിനയിച്ചു.

‘പെരുമഴക്കാല’ത്തിലെ കഥാപാത്രത്തിന് 2004 ൽ സംസ്ഥാന അവാർഡ് ജൂറിയുടെ പ്രത്യേക പരാമർശം ലഭിച്ചു. കേരള സർക്കാർ ആദ്യമായി സിനിമയിലെ ഹാസ്യാഭിനയത്തിന് പുരസ്കാരം ഏർപ്പെടുത്തിയ 2008 ൽ അത് ലഭിച്ചത് മാമുക്കോയയ്ക്കായിരുന്നു, ചിത്രം – ‘ഇന്നത്തെ ചിന്താവിഷയം’. എഴുപത്തിയഞ്ചാം വയസ്സിൽ ‘കുരുതി’ എന്ന ചിത്രത്തിൽ മാമുക്കോയ അവതരിപ്പിച്ച ‘മൂസ ഖാദർ’ എന്ന കഥാപാത്രം ഏറെ പ്രേക്ഷകശ്രദ്ധ നേടിയിരുന്നു. മാമുക്കോയ നായകനായും ഒരു ചിത്രം പുറത്തിറങ്ങിയിട്ടുണ്ട് – ‘കോരപ്പൻ ദ് ഗ്രേറ്റ്’.250 ലേറെ കഥാപാത്രങ്ങൾ. ഒരു കാലത്തും പഴകാത്ത തമാശകൾ. ഏത് തിരക്കിലും അരക്കിണറിലേയും കോഴിക്കോട് നഗരത്തിലും താരജാഡയില്ലാതെ നടന്ന മനുഷ്യൻ.. സിനിമയോടല്ലാതെ മറ്റൊന്നിനോടും വിധേയത്വമില്ലായിരുന്നു മാമുക്കോയക്ക്. മലയാളക്കരയെ ഒന്നടങ്കം ചിരിപ്പിച്ച ഹാസ്യ സാമ്രാട്ടിന് തത്വമയിയുടെ ശതകോടി പ്രണാമം.

Related Articles

Latest Articles