Monday, June 17, 2024
spot_img

പുനീത് രാജ്കുമാറിന്റെ കണ്ണുകൾ ദാനം ചെയ്തു; ’26 അനാഥാലയങ്ങള്‍, 25 സ്കൂളുകള്‍, 19 ഗോശാലകള്‍’; മനുഷ്യത്വത്തിന്റെ പര്യായം; യഥാർത്ഥ പവർ സ്റ്റാറിന്റെ വിയോഗത്തിൽ ഹൃദയം തകർന്ന് കന്നഡ

ബംഗളൂരു: കന്നഡ സൂപ്പർതാരം പുനീത് രാജ്കുമാറിന്റെ മരണ വാർത്ത ഏറെ വേദനയോടെയാണ് രാജ്യത്തെ സിനിമാ ലോകം സ്വീകരിച്ചത്. നടൻ എന്നതിലുപരി അദ്ദേഹം നല്ലൊരു ജീവകാരുണ്യ-സാമൂഹ്യ പ്രവർത്തകൻ കൂടിയായിരുന്നു.

ഇപ്പോഴിതാ നടന്റെ കണ്ണുകൾ ദാനം ചെയ്തുവെന്ന വാർത്തയാണ് പുറത്തുവരുന്നത്. അദ്ദേഹത്തിന്റെ പിതാവ് രാജ്കുമാറും കണ്ണുകൾ ദാനം ചെയ്തിരുന്നു. ഹൃദയാഘാതത്തെ തുടർന്ന് ബംഗളൂരുവിലെ വിക്രം ആശുപത്രിയിൽ വെച്ചായിരുന്നു പുനീത് രാജ്കുമാറിന്റെ അന്ത്യം. അദ്ദേഹത്തിന്റെ സഹോദരനും സിനിമാതാരവുമായ ശിവരാജ്കുമാറും, സിനിമാ താരം യഷും മരണസമയത്ത് പുനീതിനൊപ്പം ഉണ്ടായിരുന്നു

അതേസമയം അഭിനയത്തോടൊപ്പം തന്നെ ജീവകാരുണ്യപ്രവര്‍ത്തനങ്ങളില്‍ സജീവമായിരുന്നു അദ്ദേഹം. കര്‍ണാടകയിലെ ജനതയ്ക്ക് നിരവധി സഹായങ്ങളാണ് അദ്ദേഹം നല്‍കിയിരുന്നത്. 26 അനാഥാലയങ്ങള്‍, 25 സ്കൂളുകള്‍, 16 വൃദ്ധ സദനങ്ങള്‍, 19 ഗോശാല, 18000 വിദ്യാര്‍ത്ഥികളുടെ വിദ്യാഭ്യാസം എന്നീ നിരവധി സാമൂഹ്യ സേവനങ്ങളാണ് അദ്ദേഹം ചെയ്തിരുന്നത്. ഒപ്പം മൈസൂരില്‍ ‘ശക്തിദാ’മ എന്ന വലിയ സംഘടനയും അവിടെ പെണ്‍കുട്ടികളെ പരിചരിക്കുകയും ചെയ്തിരുന്നു.

മാത്രമല്ലാ കോവിഡ് കാലത്ത് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് 50 ലക്ഷം രൂപയാണ് പുനീത് നല്‍കിയിരുന്നത്. കര്‍ണാടകയിലെ പ്രളയസമയത്ത് ദുരിതാശ്വാസ പ്രവര്‍ത്തനത്തിനും പുനീത് പണം നല്‍കിയിരുന്നു. സ്വന്തം നിര്‍മാണ കമ്പനികള്‍ക്കല്ലാത്ത സിനിമകള്‍ക്കായി പാടുന്നതിന് ലഭിക്കുന്ന പ്രതിഫലവും ജീവകാരുണ്യപ്രവര്‍ത്തനങ്ങള്‍ക്കായി പുനീത് മാറ്റിവെക്കാറുണ്ട്.

പുനീത് രാജ്കുമാറിന്റെ മരണത്തെ തുടര്‍ന്ന് കര്‍ണാടകയില്‍ അതീവ ജാഗ്രത നിര്‍ദേശം പുറപ്പെടുവിച്ചിട്ടുണ്ട്. ആരാധകര്‍ അക്രമാസക്തരായേക്കുമെന്ന വിവരത്തെ തുടര്‍ന്ന് സംസ്ഥാനത്തെ എല്ലാ തിയേറ്ററുകളുമടയ്ക്കാന്‍ സര്‍ക്കാര്‍ നിര്‍ദേശം നല്‍കി കഴിഞ്ഞു.

പുനീതിനെ പ്രവേശിപ്പിച്ച ആശുപത്രിയ്ക്ക് മുന്നില്‍ ആരാധകര്‍ തടിച്ചുകൂടിയിരുന്നു. കര്‍ണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മ ഉള്‍പ്പടെ നിരവധിപ്രമുഖരാണ്‌ പുനീതിന് ആദരാഞ്ജലികള്‍ അര്‍പ്പിച്ച്‌ രംഗത്തെത്തിയിരിക്കുന്നത്.

Related Articles

Latest Articles