കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ കാവ്യ മാധവന്‍ കൂറുമാറിയതോടെ കേസ് പുതിയ വഴിത്തിരിവിലേക്ക്. അപകീർത്തികരമായ ദൃശ്യങ്ങൾ പകർത്താൻ ക്വട്ടേഷൻ പ്രകാരം നടിയെ തട്ടിക്കൊണ്ടുപോയ കേസിലെ 34–ാം സാക്ഷിയായ കാവ്യ മാധവൻ ഇന്നലെ പ്രോസിക്യൂഷന്റെ വിസ്താരത്തിനിടയിലാണ് കൂറുമാറിയത്. ഇതേതുടർന്ന് വിചാരണക്കോടതിയിൽ സാക്ഷിയുടെ കൂറുമാറ്റം പ്രഖ്യാപിച്ച പ്രോസിക്യൂഷൻ കോടതിയുടെ അനുമതിയോടെ കാവ്യയെ ഒരുമണിക്കൂര്‍ ക്രോസ് വിസ്താരം ചെയ്തു. ഇന്നും വിസ്താരം തുടരുമെന്നാണ് റിപ്പോർട്ട്.
കാവ്യയുടെ കൂറുമാറ്റം ദിലീപിനെ വീണ്ടും കുടുക്കുമോ എന്ന ആശങ്കയും നിലനിൽക്കുകയാണ്. കാവ്യയുടെ വിസ്‌താരം തുടരുന്ന സാഹചര്യത്തിൽ വരും മണിക്കൂർ നിർണ്ണായകമാണ്. അക്രമത്തിന് ഇരയായ നടിയോട് കാവ്യയുടെ ഭര്‍ത്താവും കേസിലെ മുഖ്യപ്രതികളില്‍ ഒരാളുമായ നടൻ ദിലീപിനു ശത്രുതയുണ്ടെന്ന പ്രോസിക്യൂഷൻ വാദത്തെ സാധൂകരിക്കാനാണു കാവ്യയെ സാക്ഷിപ്പട്ടികയിൽ ഉൾപ്പെടുത്തി വിസ്തരിച്ചത്. സിനിമാ സംഘടനയായ അമ്മയുടെ സ്‌റ്റേജ് ഷോയുടെ റിഹേഴ്സൽ ക്യാംപ് നടന്ന ഹോട്ടലിൽ കേസിൽ ഇരയായ നടിയും ദിലീപും തമ്മിൽ വാക്കുതർക്കമുണ്ടായപ്പോൾ ഒപ്പം കാവ്യയുണ്ടായിരുന്നതായി മൊഴി ലഭിച്ചിരുന്നു. ഇതിനെകുറിച്ചായിരുന്നു വിസ്താരം ഉണ്ടായിരുന്നത്.

