കൊച്ചി: നടിയെ ആക്രമിച്ച കേസിൽ പ്രതിയായ നടന്‍ ദിലീപിനെതിരെ (Dileep) തുടരന്വേഷണം വേണമെന്നാവശ്യപ്പെട്ട് അന്വേഷണ സംഘം കോടതിയില്‍ അപേക്ഷ നല്‍കി. നടിയുടെ ദൃശ്യം ദിലീപിന്റെ കൈവശം ഉണ്ടെന്ന സംവിധായകൻ ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തലിൽ അന്വേഷണം ആവശ്യപ്പെട്ട് പൊലീസ് വിചാരണ കോടതിയിൽ അപക്ഷ നൽകി. നടിയെ ആക്രമിച്ചതിന്‍റെ ദൃശ്യങ്ങൾ ദിലീപിന്‍റെ കൈയിലുണ്ടെന്ന് സംവിധായകൻ ബാലചന്ദ്രകുമാർ സ്വകാര്യ ചാനലിനു നൽകിയ അഭിമുഖത്തിൽ അടുത്തിടെ ളിപ്പെടുത്തിയിരുന്നു.
നടിയെ ആക്രമിച്ച് പള്‍സര്‍ സുനി പകര്‍ത്തിയ ദൃശ്യങ്ങള്‍ ദിലീപിന് ലഭിച്ചു,സാക്ഷികളെ സ്വാധീനിക്കാന്‍ ശ്രമിച്ചുവെന്നിങ്ങനെയായിരുന്നു വെളിപ്പെടുത്തല്‍. കേസന്വേഷണത്തിന് സഹായമാകുന്നതാണ് പുതിയ വെളിപ്പെടുത്തലെന്നും നേരത്തെ സമർപ്പിച്ച തെളിവുകളുമായി ചേർന്ന് പോകുന്നവയാണ് പുതിയ വിവരങ്ങളെന്നും പൊലീസ് പറയുന്നു. നിലവില്‍ കേസില്‍ 150 ഓളം സാക്ഷികളാണുള്ളത്. ഇതില്‍ ഭൂരിഭാഗം സാക്ഷികളുടെയും വിസ്താരം പൂര്‍ത്തിയായി കഴിഞ്ഞിരുന്നു. അതേസമയം തുടരന്വേഷണം നടത്തേണ്ടതിനാൽ കേസിന്‍റെ വിചാരണ നിർത്തിവെക്കണമെന്നും പ്രോസിക്യൂഷൻ ആവശ്യപ്പെട്ടിട്ടുണ്ട്.

