Sunday, May 19, 2024
spot_img

നടിയെ ആക്രമിച്ച കേസിലെ ഡിജിറ്റൽ തെളിവുകളുടെ പരിശോധന പൂർത്തിയാക്കി ക്രൈംബ്രാഞ്ച്; തുടരന്വേഷണം അവസാനിപ്പിക്കാനുള്ള സമയപരിധി ഈ മാസം 15ന്

എറണാകുളം: നടിയെ ആക്രമിച്ച കേസിൽ ക്രൈംബ്രാഞ്ച് ഡിജിറ്റൽ തെളിവുകളുടെ പരിശോധന പൂർത്തിയാക്കി. തുടരന്വേഷണം പൂർത്തിയാക്കി റിപ്പോർട്ട് സമർപ്പിക്കാൻ ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെ നടൻ സിദ്ദിഖ് ഉൾപ്പെടെ നിരവധി പേരുടെ മൊഴി പുതുതായി അന്വേഷണ സംഘം രേഖപ്പെടുത്തിയിരുന്നു. തുടരന്വേഷണം പൂർത്തിയാക്കാൻ ക്രൈംബ്രാഞ്ചിന് ഹൈക്കോടതി അനുവദിച്ച സമയപരിധി ഈ മാസം 15ന് അവസാനിക്കും.

കേസിൽ ഡിജിറ്റൽ തെളിവുകളുടെ പരിശോധന പൂർത്തിയാക്കാനുണ്ടെന്നും, സൈബർ ഫോറൻസിക് പരിശോധന ഫലങ്ങളും, ശബ്ദ സാമ്പിളുകളും ലഭിക്കാനുണ്ടെന്നും, കുറച്ചു സാക്ഷികളെ കൂടി ചോദ്യം ചെയ്യാനുണ്ടെന്നും അന്വേഷണ സംഘം ചൂണ്ടിക്കാട്ടിയതിനെ തുടർന്നായിരുന്നു ഹൈക്കോടതി മെയ് 30 മുതൽ ഒന്നര മാസം കൂടി സമയമനുവദിച്ചത്. ഏപ്രിൽ 15 നകം അന്വേഷണം പൂർത്തിയാക്കാനായിരുന്നു നേരത്തെ കോടതി നൽകിയ നിർദ്ദേശം. പിന്നീട് മെയ് 30 വരെ നീട്ടി. എന്നാൽ ഡിജിറ്റൽ തെളിവുകളിലടക്കം പരിശോധന പൂർത്തിയാകാത്തത് ചൂണ്ടിക്കാണിച്ചതോടെ ഒന്നര മാസം കൂടി സമയം അനുവദിക്കുകയായിരുന്നു.

കേസിന്റെ തുടരന്വേഷണ സമയപരിധി കഴിയാനിരിക്കെ നടൻ സിദ്ദിഖ്, ദിലീപിന്റെ സുഹൃത്ത് ഡോ. ഹൈദരാലി, കാവ്യ മാധവന്റെ മാതാപിതാക്കൾ എന്നിവരുടെ മൊഴി അന്വേഷണ സംഘം രേഖപ്പെടുത്തിയിരുന്നു. നടിയെ ആക്രമിച്ച് പകർത്തിയ ദൃശ്യങ്ങൾ ദിലീപിന്റെ കൈവശമെത്തിയിരുന്നുവെന്ന സംവിധായകൻ ബാലചന്ദ്ര കുമാറിന്റെ വെളിപ്പെടുത്തലിനെ തുടർന്നാണ് തുടരന്വേഷണത്തിന് കളമൊരുങ്ങിയത്. വരും ദിവസങ്ങളിലും കൂടുതൽ പേരുടെ മൊഴികൾ രേഖപ്പെടുത്തും. ഡിജിറ്റൽ തെളിവുകൾ സൂക്ഷ്മമായി പരിശോധിച്ചായിരുന്നു ക്രൈംബ്രാഞ്ച് മുന്നോട്ടു പോയത്. ഹൈക്കോടതി ഉത്തരവനുസരിച്ച് നടിയെ ആക്രമിച്ച കേസിന്റെ തുടരന്വേഷണ റിപ്പോർട്ട് ഈ മാസം 16 ന് സമർപ്പിക്കാനാണ് വിചാരണ കോടതിയും നിർദ്ദേശിച്ചിരിക്കുന്നത്.

Related Articles

Latest Articles