കൊച്ചി: നടി ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താന്‍ ഗൂഢാലോചന നടത്തിയെന്ന കേസില്‍ ദിലീപ് അടക്കമുള്ള പ്രതികളുടെ ആറ് ഫോണുകളും കോടതിയില്‍ ഹാജരാക്കി.
ദിലീപിന്റെ മൂന്ന് ഫോണുകളും സഹോദരൻ അനൂപിന്റെ രണ്ട് ഫോണും സഹോദരി ഭര്‍ത്താവ് സൂരജിന്റെ ഒരു ഫോണും മുദ്രവെച്ച കവറില്‍ രജിസ്ട്രാര്‍ക്ക് കൈമാറി.
ഗൂഢാലോചന കേസിലെ പ്രതികളായ നടന്‍ ദിലീപ് അടക്കമുള്ളവരുടെ മൊബൈല്‍ ഫോണുകള്‍ തിങ്കളാഴ്ച 10.15-ന് മുന്‍പ് രജിസ്ട്രാര്‍ ജനറലിന് കൈമാറണമെന്ന് ഹൈക്കോടതി ഉത്തരവിട്ടിരുന്നു. കൂടാതെ
ദിലീപിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷയും പ്രോസിക്യൂഷന്‍ നല്‍കിയ ഉപഹര്‍ജിയും കോടതി ഇന്ന് പരിഗണിക്കുന്നുണ്ട്. ജസ്റ്റിസ് പി ഗോപിനാഥാണ് കേസ് പരിഗണിക്കുന്നത്.
മുംബൈയിലേക്ക് പരിശോധനയ്ക്കായി അയച്ച മൊബൈലുകള്‍ ഇന്നലെയും ഇന്ന് പുലര്‍ച്ചെയുമായാണ് തിരികെ ദിലീപിന് ലഭിച്ചത്. തിരികെ ലഭിച്ചാല്‍ കോടതി നിര്‍ദേശപ്രകാരം ഫോണുകള്‍ കൈമാറുമെന്ന് ദിലീപിന്റെ അഭിഭാഷകന്‍ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.

