Monday, November 16, 2026

നടിയെ ആക്രമിച്ച കേസ്; ദിലീപിനെ ചോദ്യം ചെയ്യാന്‍ കോടതി അനുവദിച്ച സമയം ഇന്ന് അവസാനിക്കും

കൊച്ചി: നടിയെ ആക്രമിച്ച കേസിൽ ദിലീപിനെ ചോദ്യം ചെയ്യാന്‍ കോടതി അനുവദിച്ച സമയം ഇന്ന് അവസാനിക്കും. അന്വേഷണ ഉദ്യോഗസ്ഥനെ വധിക്കാന്‍ ഗൂഢാലോചന നടത്തിയെന്ന കേസില്‍ നടന്‍ ദിലീപിനെയും മറ്റ് നാല് പ്രതികളെയും ചോദ്യം ചെയ്യാന്‍ കോടതി അനുവദിച്ചിരുന്നു. രണ്ട് ദിവസങ്ങളായി 22 മണിക്കൂറാണ് ചോദ്യം ചെയ്തത്. ബാലചന്ദ്രകുമാര്‍ അടക്കമുള്ളവരുടെ സാക്ഷിമൊഴികളുടെയും പ്രതികളുടെ ശബ്ദ രേഖകളുടെയും അടിസ്ഥാനത്തിലായിരുന്നു ചോദ്യം ചെയ്യല്‍ നടത്തിയത്.

നേരത്തെ തന്നെ തയ്യാറാക്കി വച്ച ചോദ്യാവലിയുടെ അടിസ്ഥാനത്തിലായിരുന്നു ദിലീപടക്കമുള്ള 4 പ്രതികളെ അന്വേഷണ സംഘം ചോദ്യം ചെയ്തത്. മൂന്ന് ദിവസം ദിലീപിനെയും മറ്റു പ്രതികളെയും ചോദ്യം ചെയ്യാന്‍ ക്രൈംബ്രഞ്ചിനു കോടതി സമയം അനുവദിച്ചിരുന്നു.

സംവിധായകൻ ബാലചന്ദ്രകുമാറിന്റെ മൊഴിയാണ് നടിയെ ആക്രമിച്ച കേസിൽ വഴിത്തിരിവായത്. പത്തുലക്ഷം രൂപ ബാലചന്ദ്രകുമാര്‍ കൈപ്പറ്റിയെന്നും, സിനിമയില്‍ അഭിനയിക്കാന്‍ വിസമ്മതിച്ചതിനെ തുടര്‍ന്നാണ് കേസില്‍ കുടുക്കാന്‍ ശ്രമിച്ചത് എന്നുമായിരുന്നു ദിലീപിന്റെ ആരോപണം. എന്നാല്‍ സിനിമയില്‍നിന്ന് താനാണ് പിന്മാറിയത് എന്ന ബാലചന്ദ്ര കുമാറിന്റെ മൊഴിയെ സംവിധായകന്‍ റാഫി ശരിവച്ചു. ബാലചന്ദ്രകുമാറാണ് സിനിമയില്‍നിന്ന് പിന്മാറിയ വിവരം തന്നെ വിളിച്ച്‌ അറിയിച്ചതെന്നായിരുന്നു റാഫി വ്യക്തമാക്കിയത്.

വ്യാഴാഴ്ച റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് ക്രൈംബ്രാഞ്ചിനോട് ഹൈക്കോടതി ആവശ്യപ്പെട്ടിരിക്കുന്നത്. ഇതിനുശേഷം ആകും ദിലീപിന്റെ മുന്‍കൂര്‍ ജാമ്യപേക്ഷയില്‍ ഹൈക്കോടതി തീരുമാനമെടുക്കുക.

Related Articles

Latest Articles