Wednesday, May 15, 2024
spot_img

ലോക്കപ്പ് മർദ്ദനത്തിന് പിണറായി സർക്കാരിന്റെ പ്രോത്സാഹനസമ്മാനം; കിളികൊല്ലൂരിൽ സൈനികനെ മർദ്ദിച്ച പൊലീസുകാരെ തിരിച്ചെടുത്തു; സസ്‌പെൻഷൻ പിൻവലിച്ച നടപടിയിൽ പ്രതിഷേധം ശക്തം

കൊല്ലം: കിളികൊല്ലൂർ പോലീസ് സൈനികനെ ലോക്കപ്പിൽ മർദ്ദിച്ച കേസിൽ കുറ്റക്കാരായ പോലീസാകാർക്കെതിരെ എടുത്ത സസ്‌പെൻഷൻ നടപടി പിൻവലിച്ച്‌ സർക്കാർ. സിഐ കെ വിനോദ്‌, എസ്‌ഐ എ പി അനീഷ്‌, എഎസ്ഐ പ്രകാശ് ചന്ദ്രൻ, സിപിഒ മണികണ്ഠൻ പിള്ള എന്നിവരെയാണ് സര്‍വീസില്‍ തിരിച്ചെടുത്തത്. സൈനികനായ വിഷ്ണുവിനെയും സഹോദരൻ വിഘ്‌നേഷിനെയും മർദിച്ചതിന് ഏഴ് മാസം മുൻപാണ് ഇവരെ സസ്പെൻഡ് ചെയ്തത്. മറ്റൊരു സ്ഥലത്തായിരിക്കും ഇവരുടെ പോസ്റ്റിങ്ങ്. ദക്ഷിണമേഖല ഐജി ജി സ്പർജൻ കുമാറാണ് ഉദ്യോഗസ്ഥരെ തിരിച്ചെടുത്ത് ഉത്തരവിറക്കിയത്. അതേസമയം സർക്കാർ തീരുമാനത്തിനെതിരെ പ്രതിഷേധം ശക്തമാകുകയാണ്.

എംഡിഎഎ കേസിലുള്ളയാളെ ജാമ്യത്തിലിറക്കാൻ വിളിച്ചു വരുത്തിയ ശേഷമാണ് കൊല്ലം പേരൂര്‍ സ്വദേശികളായ വിഘ്നേഷിനെയും വിഷ്ണുവിനെയും പൊലീസുകാര്‍ മര്‍‍ദ്ദിച്ചത്. മഫ്തിയിലുണ്ടായിരുന്ന എഎസ്ഐയും സൈനികനായ വിഷ്ണുവും തമ്മിലുണ്ടായ തർക്കത്തിന്‍റെ പേരിലാണ് സഹോദരങ്ങളെ മർദ്ദിക്കുകയും കള്ളക്കേസ് ചമക്കുകയും ചെയ്തത്. മർദ്ദിച്ച് അവശരാക്കി കള്ളക്കേസ് ചാർജ്ജ് ചെയ്‌ത്‌ റിമാൻഡ് ചെയ്യുകയായിരുന്നു. കോടതി ഇടപെടലുകളെ തുടർന്നാണ് പിന്നീട് സത്യം പുറത്തായത്. പൂർവ്വ സൈനിക സംഘടനകളടക്കം വിഷയത്തിൽ വലിയ പ്രതിഷേധവുമായി രംഗത്ത് വന്നിരുന്നു. ലോക്കപ്പ് മർദ്ദനം വിവാദമായതോടെയാണ് നാല് പൊലീസ് ഉദ്യോഗസ്ഥരെ അന്വേഷണ വിധേയമായി സസ്പെൻഡ് ചെയ്തത്.

Related Articles

Latest Articles