ന്യുയോർക്ക്: നേരത്തെ പറഞ്ഞിരുന്നതുപോലെ ചില രാജ്യങ്ങൾക്കെതിരെ ഇറക്കുമതി ചുങ്കം ചുമത്തി ട്രമ്പ് ഭരണകൂടം. അമേരിക്കയ്ക്ക് വ്യാപാര കമ്മിയുള്ള രാജ്യങ്ങൾക്കാണ് ഇറക്കുമതി ചുങ്കം. ചൈന, കാനഡ, മെക്‌സിക്കോ തുടങ്ങിയ രാജ്യങ്ങൾക്കാണ് നികുതി. ചൈനയ്ക്ക് 10 ശതമാനവും കാനഡയ്ക്കും മെക്‌സിക്കോയ്ക്കും 25 ശതമാനം വീതവുമാണ് നികുതി. വ്യാപാരക്കമ്മിയുടെ അടിസ്ഥാനത്തിലാണ് ഇറക്കുമതി ചുങ്കം ഏർപ്പെടുത്തിയിരിക്കുന്നത്. അമേരിക്കൻ ഉൽപ്പന്നങ്ങൾക്ക് ഈ രാജ്യങ്ങൾ ഉയർന്ന നികുതി ഈടാക്കുന്നുവെന്നാണ് ട്രമ്പിന്റെ ആരോപണം.
അമേരിക്കൻ വ്യാപാരക്കമ്മിയുടെ 30.2 ശതമാനം ചൈനയും 19 ശതമാനം മെക്സിക്കോയും 14 ശതമാനം കാനഡയുമാണ് സംഭാവന ചെയ്യുന്നത്. ഇന്ത്യയുടേത് വെറും 3.2 ശതമാനം മാത്രമാണ്. ഒൻപതാം സ്ഥാനത്ത് മാത്രമാണ് ഇന്ത്യ. അതുകൊണ്ടാണ് ഇന്ത്യയ്ക്ക് നികുതി വർദ്ധനവ് നൽകാത്തതെന്നാണ് വിലയിരുത്തൽ. മാത്രമല്ല പ്രസിഡന്റ് ട്രമ്പിന് ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി അടുത്ത ബന്ധമുണ്ട്. ഇതെല്ലാം ഇന്ത്യയെ തൊടാതിരിക്കാൻ കാരണമായി.
തെരഞ്ഞെടുപ്പ് വിജയത്തിന് തൊട്ടുപിന്നാലെ തന്നെ ഇറക്കുമതി ചുങ്കത്തെ കുറിച്ച് സൂചന നൽകിയിരുന്നു. അമേരിക്കയിലേക്കുള്ള അനധികൃത കുടിയേറ്റത്തെ പ്രോത്സാഹിക്കപ്പിച്ചതിനാലാണ് കാനഡയ്ക്കും മെക്സിക്കോയ്ക്കും അടിച്ചുകിട്ടിയത്. നികുതി വർദ്ധിപ്പിക്കരുതെന്ന ആവശ്യം നേരത്തെ കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ ഉന്നയിച്ചിരുന്നെങ്കിലും ട്രമ്പ് തള്ളിയിരുന്നു.

