പത്തനംതിട്ട : ശബരിമലയില്‍ നിന്ന് നഷ്ടപ്പെട്ടെന്ന് കരുതിയ സ്വര്‍ണക്കിരീടം സുരക്ഷിതമായുണ്ടെന്ന് ദേവസ്വം ബോര്‍ഡ്. വിഷയത്തില്‍ തിരുവാഭരണം കമ്മീഷണര്‍ ബോര്‍ഡിന് വിശദീകരണം നല്‍കി.
എല്ലാ സ്വര്‍ണ്ണക്കിരീടങ്ങള്‍ക്കും സുരക്ഷാ മുന്‍കരുതലിന്റെ ഭാഗമായി ഡമ്മി തയ്യാറാക്കി സൂക്ഷിക്കുന്ന പതിവുണ്ട്. ഇത്തരത്തില്‍ ഉണ്ടാക്കിയ ഡമ്മി കണ്ടതാണ് പരിശോധന വേളയില്‍ ആശയക്കുഴപ്പത്തിന് വഴിവെച്ചതെന്നാണ് ഉദ്യോഗസ്ഥരുടെ പ്രാഥമിക വിശദീകരണം.
ഹൈക്കോടതി നിയോഗിച്ച പ്രത്യേക പരിശോധനാ സമിതി സ്ട്രോങ് റൂമില്‍ നടത്തിയ പരിശോധനയിലാണ് രജിസ്റ്ററിലെ അളവുകളും ആഭരണത്തിന്റെ തൂക്കവും തമ്മില്‍ വ്യത്യാസമുള്ളതായി കണ്ടെത്തിയത്.
ഭഗവാന്റെ വിശേഷപ്പെട്ട തിരുവാഭരണങ്ങളുടെ സുരക്ഷ ഉറപ്പാക്കാന്‍ കാലങ്ങളായി പിന്തുടരുന്ന രീതി മാത്രമാണ് ഇവിടെയും ഉണ്ടായിട്ടുള്ളതെന്നാണ് തിരുവാഭരണം കമ്മീഷണറുടെ നിലപാട്. മറ്റു ചില വസ്തുക്കളുമായി ബന്ധപ്പെട്ട സംശയം ഇപ്പോഴും നിലനില്‍ക്കുന്നുണ്ടെന്നും അതില്‍ പരിശോധന തുടരും എന്നുമാണ് വിവരം. തമിഴ്‌നാട്ടില്‍ നിന്നുള്ള ഭക്തര്‍ 2012 ല്‍ സമര്‍പ്പിച്ച 55. 72 പവന്‍ തൂക്കമുള്ള സ്വര്‍ണക്കിരീടം കാണാതായി എന്നായിരുന്നു പുറത്തുവന്ന വിവരം. നിലവില്‍ കിരീടം നഷ്ടമായിട്ടില്ല എന്ന് വ്യക്തമായിട്ടുണ്ട്.
ദേവസ്വം രജിസ്റ്ററില്‍ സ്വര്‍ണ്ണകിരീടത്തിന്റെ കണക്കുണ്ടെങ്കിലും ആറന്മുളയിലെ സ്‌ട്രോങ്ങ് റൂമില്‍ ഉള്ളത് മുക്കുപണ്ടമാണോ എന്നായിരുന്നു സംശയം. സ്വര്‍ണ്ണകൊള്ളയുടെ പശ്ചാത്തലത്തില്‍ ഹൈക്കോടതി നിയോഗിച്ച അമിക്കസ് ക്യുരിയുടെ കണക്കെടുപ്പ് തുടരുകയാണ്. അന്തിമ പരിശോധനാ റിപ്പോര്‍ട്ട് ഉടന്‍ ഹൈക്കോടതിയില്‍ സമര്‍പ്പിക്കും. ശബരിമലയില്‍ ഭക്തര്‍ സമര്‍പ്പിക്കുന്ന വിലപിടിപ്പുള്ള വസ്തുക്കള്‍ അവിടുത്തെ സ്‌ട്രോങ്ങ് റൂമില്‍ സൂക്ഷിക്കാതെ ആറന്മുളയിലെ സുരക്ഷിതമായ സ്‌ട്രോങ്ങ് റൂമിലേക്ക് മാറ്റണമെന്നാണ് ചട്ടം.

