Monday, May 13, 2024
spot_img

ഇന്ത്യക്കെതിരെ മെച്ചപ്പെട്ട ഭേദപ്പെട്ട സ്‌കോർ ഉയർത്തി അഫ്‌ഗാനിസ്ഥാൻ ! ഇന്ത്യയ്ക്ക് 273 റൺസ് വിജയലക്ഷ്യം; ജസ്പ്രീത് ബുമ്രയ്ക്ക് നാല് വിക്കറ്റ്

ദില്ലി : ഏകദിന ലോകകപ്പ് മത്സരത്തില്‍ ഇന്ത്യയ്‌ക്കെതിരേ ഭേദപ്പെട്ട സ്‌കോർ കണ്ടെത്തി അഫ്ഗാനിസ്ഥാൻ. ടോസ് നേടി ബാറ്റിംഗ് തെരഞ്ഞെടുത്ത അഫ്‌ഗാനിസ്ഥാൻ നിശ്ചിത അമ്പത് ഓവറിൽ എട്ട് വിക്കറ്റ് നഷ്ടത്തിൽ 272 റണ്‍സാണ് അടിച്ചെടുത്തത്. മത്സരത്തിന്റെ ഒരു ഘട്ടത്തില്‍ അഫ്ഗാൻ സ്‌കോർ മുന്നൂറ് കടക്കുമെന്ന് തോന്നിച്ചെങ്കിലും അവസാന ഓവറുകളിലെ മികച്ച പ്രകടനത്തോടെ ഇന്ത്യൻ ബൗളർമാർ അഫ്ഗാനെ 272-ല്‍ ഒതുക്കുകയായിരുന്നു.

ആദ്യ മൂന്ന് വിക്കറ്റുകൾ 63 റണ്‍സെടുക്കുന്നതിനിടെ അഫ്ഗാന് നഷ്ടമായിരുന്നു. ഇബ്രാഹിം സദ്രാന്‍ (22), റഹ്‌മാനുള്ള ഗുര്‍ബാസ് (21), റഹ്‌മത്ത് ഷാ (16) എന്നിവരാണ് പുറത്തായത്. എന്നാൽ നാലാം വിക്കറ്റിൽ ഒരുമിച്ച ക്യാപ്റ്റന്‍ ഹഷ്മത്തുള്ള ഷാഹിദി – അസ്മത്തുള്ള ഒമര്‍സായ് സഖ്യം പതിയെ അഫ്ഗാനെ വൻ തകർച്ചയിൽ നിന്ന് കരകയറ്റി. 121 റണ്‍സാണ് ഈ സഖ്യം അഫ്ഗാന്‍ സ്‌കോർ ബോർഡിൽ കൂട്ടിച്ചേര്‍ത്തത്.
88 പന്തില്‍നിന്ന് 80 റണ്‍സെടുത്ത ഷാഹിദിയാണ് അഫ്ഗാന്‍ നിരയിലെ ടോപ് സ്‌കോറര്‍. 69 പന്തുകള്‍ നേരിട്ട ഒമര്‍സായ് 62 റണ്‍സെടുത്തു. 35-ാം ഓവറില്‍ ഒമര്‍സായിയെ മടക്കി ഹാര്‍ദിക് പാണ്ഡ്യയാണ് ഈ കൂട്ടുകെട്ട് പൊളിച്ചത്. പിന്നാലെ ക്രീസിലെത്തിയ മുഹമ്മദ് നബി (19), നജീബുള്ള സദ്രാന്‍ (2), റാഷിദ് ഖാന്‍ (16) എന്നിവർ പെട്ടെന്ന് മടങ്ങിയതോടെ 300 കടക്കാമെന്ന അഫ്ഗാൻ മോഹം പൊലിഞ്ഞു . മുജീബ് ഉര്‍ റഹ്‌മാന്‍ (10), നവീന്‍ ഉള്‍ ഹഖ് (9) എന്നിവര്‍ പുറത്താകാതെ നിന്നു. ഇന്ത്യയ്ക്കായി ജസ്പ്രീത് ബുംറ നാല് വിക്കറ്റ് വീഴ്ത്തി. ഹാര്‍ദിക് പാണ്ഡ്യ രണ്ട് വിക്കറ്റെടുത്തു.

Related Articles

Latest Articles