മലപ്പുറം : പൊന്നാനിയിൽ നിന്നും മത്സ്യബന്ധനത്തിന് പോയ ബോട്ടിൽ കപ്പലിടിച്ച് രണ്ടു പേർ മരിച്ചു. സ്രാങ്ക് അഴീക്കൽ സ്വദേശി അബ്ദുൽസലാം, ജീവനക്കാരനായ ഗഫൂർ എന്നിവരാണ് മരിച്ചത്. കപ്പലിടിച്ചതിനെ തുടർന്ന് ബോട്ട് രണ്ടായി പിളർന്ന് കടലിൽ മുങ്ങുകയായിരുന്നു.
അഴീക്കൽ സ്വദേശി മരക്കാട്ട് നൈനാറിന്റെ ഉടമസ്ഥതയിലുള്ള ‘ഇസ്‌ലാഹി’ എന്ന ബോട്ടാണ് ഇന്ന് പുലർച്ചെ അപകടത്തിൽപ്പെട്ടത്. ബോട്ടിലുണ്ടായിരുന്ന ആറുപേരിൽ നാലുപേരെ കപ്പൽ ജീവനക്കാർ രക്ഷപ്പെടുത്തിയിരുന്നു. എന്നാൽ, രണ്ടുപേരെ കാണാതാവുകയായിരുന്നു. തുടർന്ന് മണിക്കൂറുകൾ നീണ്ട തിരച്ചിലിനൊടുവിൽ ഇരുവരുടേയും മൃതദേഹം കണ്ടെത്തുകയായിരുന്നു.
പൊന്നാനിയിൽ നിന്ന് 38 നോട്ടിക്കൽ മൈൽ അകലെ വച്ചാണ് അപകടമുണ്ടാകുന്നത്. അപകടമുണ്ടാക്കുന്ന വിധം തീരത്തോടു ചേർന്നാണ് കപ്പൽ സഞ്ചരിച്ചിരുന്നതെന്ന് മത്സ്യത്തൊഴിലാളികൾ പറയുന്നു. കവരത്തിയിൽ നിന്ന് ബേപ്പൂരിലേക്ക് പോയ ചരക്ക് കപ്പലിടിച്ചാണ് അപകടമുണ്ടായത് എന്നാണ് ലഭ്യമാകുന്ന വിവരം.

