Sunday, May 5, 2024
spot_img

‘ഗണപതി മിത്താണ്’ എന്ന ഷംസീറിന്റെ വിവാദ പ്രസ്താവനയ്ക്ക് പിന്നാലെ തുറന്നടിച്ച് കുമ്മനം രാജശേഖരൻ ; തിരുവിതാംകൂർ, കൊച്ചി , മലബാർ ദേവസ്വം ബോർഡ് പ്രസിഡൻ്റുമാരും ഗുരുവായൂർ ദേവസ്വം മാനേജിംഗ് കമ്മിറ്റി ചെയർമാനും നിലപാട് വ്യക്തമാക്കണം

തിരുവനന്തപുരം : ഗണപതി നിന്ദ നടന്ന് ആഴ്ചയൊന്ന് പിന്നിട്ടിട്ടും ദേവസ്വം ബോർഡ് അധ്യക്ഷന്മാരുടെ മൗനം അതീവ ഗൗരവത്തോടെ കാണേണ്ടതാണെന്ന് പ്രതികരിച്ച് കുമ്മനം രാജശേഖരൻ. തരം കിട്ടുമ്പോഴൊക്കെ ഹിന്ദു വിശ്വാസത്തെയും ആചാരങ്ങളെയും അധിക്ഷേപിക്കുകയും അതിനെ എതിർക്കുന്നവരെ നിയമം ദുരുപയോഗം ചെയ്ത് നിശബ്ദരാക്കാൻ ശ്രമിക്കുകയുമാണ് പിണറായി സർക്കാർ ചെയ്തു വരുന്നതെന്നും ഇതിൻ്റെ ഭാഗമായാണ് തിരുവനന്തപുരത്ത് എൻ.എസ്.എസ് നേതൃത്വത്തിൽ നാമജപ ഘോഷയാത്ര നടത്തിയവർക്കെതിരെ കേസ് എടുത്തതിൻ്റെ പിന്നിലെന്നും അദ്ദേഹം വ്യക്തമാക്കി.തൻ്റെ ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് അദ്ദേഹം പ്രതികരിച്ചത്.

ഫേസ്ബുക്ക് പോസ്റ്റിൻ്റെ പൂർണ്ണ രൂപം

ജനകോടികളുടെ ആരാധനാ മൂർത്തിയായ ഭഗവൻ ശ്രീഗണപതിയിലുള്ള വിശ്വാസത്തെ മിത്ത് എന്ന് അധിക്ഷേപിച്ച സ്പീക്കർ എ.എൻ. ഷംസീറിന്റ നടപടിയിൽ തിരുവിതാംകൂർ, കൊച്ചി , മലബാർ ദേവസ്വം ബോർഡ് പ്രസിഡന്റ മാരും ഗുരുവായൂർ ദേവസ്വം മാനേജിംഗ് കമ്മിറ്റി ചെയർമാനും നിലപാട് വ്യക്തമാക്കണം. ദേവസ്വം ബോർഡ് ക്ഷേത്രങ്ങളിൽ മിക്കയിടങ്ങളിലും പ്രധാന ദേവനായോ ഉപദേവനായോ ഗണപതി പ്രതിഷ്ഠയുണ്ട്. വിശ്വാസികളെ സംബന്ധിച്ച് അവരുടെ വിഘ്നങ്ങൾ തീർത്തു കൊടുക്കുന്ന അഭയ കേന്ദ്രങ്ങളാണ് ഗണപതി ക്ഷേത്രം . ഈ ക്ഷേത്രങ്ങളിലെ മൂർത്തി മിത്താണെന്ന് സ്പീക്കർ പറഞ്ഞതിനോട് ദേവസ്വം ഭരണം കൈയാളുന്നവർക്ക് യോജിപ്പെങ്കിൽ അവർ രാജി വച്ച് ഒഴിഞ്ഞ് പാർട്ടി നിലപാടിനോട് സത്യസന്ധത കാട്ടണം. അവിശ്വാസികളുടെ താല്പര്യ സംരക്ഷണത്തിനും ക്ഷേത്ര വിശ്വാസികളുടെ വികാരങ്ങളെ വ്രണപ്പെടുത്തുന്നവർക്ക് കുട പിടിക്കുവാനുമാണ് ദേവസ്വം ഭരിക്കുന്നവർ മുതിരുന്നതെങ്കിൽ , ഇവരിൽ നിന്ന് ക്ഷേത്രങ്ങളെ മോചിപ്പിക്കുവാൻ വിശ്വാസി സമൂഹം നിർബ്ബന്ധിതമാകുമെന്ന് ഓർമ്മിപ്പിക്കുന്നു. ക്ഷേത്ര ഭരണം വിശ്വാസികൾക്ക് വിട്ടു നൽകിയില്ലെങ്കിൽ എന്ത് സംഭവിക്കുമെന്നതിന്റെ ദൃഷ്ടാന്തമാണ് ദേവസ്വം ഭരണസമിതിയുടെ നിസ്സംഗതയിലൂടെ പുറത്തു വരുന്നത്.
ഗണപതി നിന്ദ നടന്ന് ആഴ്ചയൊന്ന് പിന്നിട്ടിട്ടും ദേവസ്വം ബോർഡ് അധ്യക്ഷന്മാരുടെ മൗനം അതീവ ഗൗരവത്തോടെ കാണേണ്ടതാണ്. തരം കിട്ടുമ്പോഴെല്ലാം ഹിന്ദു വിശ്വാസത്തെയും ആചാരങ്ങളെയും അധിക്ഷേപിക്കുകയും, അതിനെ എതിർക്കുന്നവരെ നിയമം ദുരുപയോഗം ചെയ്ത് നിശബ്ദരാക്കാൻ ശ്രമിക്കുകയുമാണ് പിണറായി സർക്കാർ ചെയ്തു വരുന്നത്. തിരുവനന്തപുരത്ത് എൻ.എസ്.എസ് നേതൃത്വത്തിൽ നാമജപ ഘോഷയാത്ര നടത്തിയവർക്കെതിരെ കേസെടുത്തത് ഇതിന്റെ ഭാഗമാണ്. ശബരിമല വിശ്വാസികളുടെ നാമജപ ഘോഷയാത്രക്കെതിരെയും ഇതേ മട്ടിൽ കള്ളക്കേസുകൾ എടുത്തിരുന്നു. ഹിന്ദുവിന്റെ ആത്മാഭിമാനത്തിനു മുറിവേൽപ്പിക്കുന്ന നടപടികൾക്കെതിരെയുള്ള പോരാട്ട വീര്യം ഇല്ലാതാക്കാൻ ഇത്തരം ഓലപ്പാമ്പ് പ്രയോഗം വേണ്ട എന്ന് മാത്രമേ ഇപ്പോൾ പറയുന്നുള്ളു.

Related Articles

Latest Articles