Monday, May 6, 2024
spot_img

സിനിമാ സീരിയൽ താരം കൈലാസ് നാഥ് വിടവാങ്ങി ; അരങ്ങൊഴിഞ്ഞത് മുന്നൂറിലധികം സിനിമകളിലും നൂറുകണക്കിന് സീരിയലുകളിലും അഭിനയിച്ച പ്രതിഭ

കൊച്ചി : കഴിഞ്ഞ നാല് പതിറ്റാണ്ടിലേറെയായി മിനി സ്ക്രീനിലും ബിഗ് സ്ക്രീനിലും സജീവമായിരുന്നു കൈലാസ് നാഥ് (65) അന്തരിച്ചു.എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ അസുഖബാധിതനായി ചികിത്സയിൽ കഴിയവെയാണ് അന്ത്യം.നോൺ ആൽക്കഹോളിക് ലിവര്‍ സിറോസിസിനെ തുടര്‍ന്ന് ദീർഘകാലമായി ചികിത്സയിലായിരുന്നു.വൈകിട്ട് മൂന്നരയോടെയാണ് അന്ത്യം സംഭവിച്ചത്. സംസ്കാരം നാളെ.

1977ൽ പുറത്തിറങ്ങിയ ‘സംഗമം’ എന്ന ചിത്രത്തിലാണ് ആദ്യം അഭിനയിച്ചത്. ഒരു ‘തലൈ രാഗം’ എന്ന തമിഴ് ചിത്രം ശ്രദ്ധിക്കപ്പെട്ടതോടെ കൈലാസ് നാഥിനെ തേടി നിരവധി ചിത്രങ്ങളെത്തി. ചിത്രം തമിഴകത്തെ ബമ്പർ ഹിറ്റായി മാറി. ‘പാലവനൈ ചോല’ എന്ന ചിത്രത്തിലെ കഥാപാത്രവും ഏറെ ശ്രദ്ധിക്കപ്പെട്ടു. തമിഴിൽ തൊണ്ണൂറിലധികം ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്.

ശ്രീകുമാരന്‍ തമ്പിയുടെ സംവിധാന സഹായിയായിയാണ് കൈലാസ് നാഥ്‌ സിനിമാലോകത്തേക്ക് എത്തുന്നത്. ഇതിനോടകം മുന്നൂറിലധികം സിനിമകളിലും നൂറുകണക്കിന് സീരിയലുകളിലും അദ്ദേഹം അഭിനയിച്ചിട്ടുണ്ട്.‘സേതുരാമയ്യർ സിബിഐ’യിലെ സ്വാമിയായും ‘സ്വന്തമെന്ന പദത്തിലെ’ കൊച്ചു കുട്ടനായും ‘ഇരട്ടി മധുര’ത്തിലെ സുമനായും ‘ശ്രീനാരായണ ഗുരു’വിലെ ചട്ടമ്പി സ്വാമികളായും ‘ശരവർഷ’ത്തിലെ അയ്യരായും ഒക്കെ നിരവധി മലയാള ചിത്രങ്ങളിൽ വേഷമിട്ടു. മിന്നുകെട്ട്, എന്റെ മാനസപുത്രി,പ്രണയം,മനസറിയാതെ തുടങ്ങി നിരവധി സീരിയലുകളിലും ശ്രദ്ധേയമായ വേഷങ്ങൾ ചെയ്തു.ഏഷ്യാനെറ്റില്‍ സംപ്രേഷണം ചെയ്തുവരുന്ന സാന്ത്വനത്തില്‍ പിള്ളച്ചേട്ടന്‍ എന്ന കഥാപാത്രത്തെയാണ് ഏറ്റവും ഒടുവിലായി കൈലാസ് നാഥ്‌ അവതരിപ്പിച്ചത്.

Related Articles

Latest Articles