Friday, September 25, 2026

47 ലക്ഷത്തോളം വിദ്യാർത്ഥികൾ ക്ലാസുകളിലേക്ക്; സംസ്ഥാനത്ത് സ്‌കൂളുകളുടെ പ്രവർത്തനം ഇന്നുമുതൽ സാധാരണ ഗതിയിലേയ്ക്ക്; മാനദണ്ഡങ്ങൾ ഇങ്ങനെ…

തിരുവനന്തപുരം: നീണ്ട ഇടവേളയ്ക്ക് ശേഷം സംസ്ഥാനത്ത് സ്‌കൂളുകളുടെ പ്രവർത്തനം ഇന്ന് മുതൽ സാധാരണ ഗതിയിലാകുന്നു(Schools Opening Today In Kerala). 47 ലക്ഷത്തോളം വിദ്യാർത്ഥികളാണ് ഇന്ന് സ്കൂളിലേക്കെത്തുന്നത്. കോവിഡ് വ്യാപനത്തെ തുടർന്നുള്ള അടച്ചിടലിന് ശേഷം ഇതാദ്യമായാണ് വൈകുന്നേരം വരെയുള്ള ക്ലാസുകൾ തുടങ്ങുന്നത്. പൊതുവിദ്യാഭ്യാസ, ആരോഗ്യ, ഗതാഗത, തദ്ദേശഭരണ, ആഭ്യന്തര വകുപ്പുകളുടെ ഏകോപനത്തോടെയാണ് സ്‌കൂളുകൾ പൂർണ്ണതോതിൽ പ്രവർത്തനം ആരംഭിക്കുന്നത്.

അതേസമയം പൂർണ്ണതോതിൽ പ്രവർത്തിക്കാൻ സ്‌കൂളുകൾ സജ്ജമാണെന്ന് വിദ്യാഭ്യാസമന്ത്രി വി. ശിവൻകുട്ടി വ്യക്തമാക്കി.ഒന്നാം ക്ലാസുമുതൽ പത്ത് വരെയുള്ള 38 ലക്ഷത്തോളം വിദ്യാർത്ഥികളും പ്ലസ് വൺ, പ്ലസ് ടു വിഭാഗത്തിൽ ഏഴര ലക്ഷത്തോളം വിദ്യാർത്ഥികളും വൊക്കേഷണൽ ഹയർ സെക്കൻഡറി വിഭാഗത്തിൽ അറുപത്തി അയ്യായിരത്തോളം വിദ്യാർത്ഥികളുമാണ് ഇന്ന് സ്‌കൂളുകളിലേക്ക് എത്തുക. കോവിഡ് മാനദണ്ഡങ്ങൾ പൂർണമായും പാലിച്ചാകും സ്‌കൂളുകൾ പ്രവർത്തിക്കുക. വൈറസ് വ്യാപനത്തെ തുടർന്ന് രണ്ടര വർഷത്തോളമായി അടഞ്ഞുകിടക്കുകയായിരുന്നു സംസ്ഥാനത്തെ സ്‌കൂളുകൾ. കൃത്യമായ മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തിലാണ് സ്‌കൂളുകള്‍ പ്രവര്‍ത്തിക്കുക. സംസ്ഥാനത്തെ സിബിഎസ്ഇ സ്‌കൂളുകള്‍ക്കും ഐസിഎസ്ഇ സ്‌കൂളുകള്‍ക്കും സര്‍ക്കാര്‍ തീരുമാനങ്ങള്‍ ബാധകമാണെന്ന് വിദ്യാഭ്യാസ വകുപ്പ് അറിയിച്ചു.

Related Articles

Latest Articles