Monday, April 29, 2024
spot_img

ഭാരതത്തിന്റെ ദിവ്യാസ്ത്രമായി അഗ്നി 5 മിസൈൽ! പരീക്ഷണം വിജയം; ഡിആർഡിഒ ശാസ്ത്രജ്ഞരെ അഭിനന്ദിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി

ഭാരതം തദ്ദേശീയമായി വികസിപ്പിച്ച അഗ്നി 5 മിസൈലിന്റെ പരീക്ഷണം വിജയമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. പരീക്ഷണം വിജയകരമായി പൂർത്തിയാക്കിയ ഡിആർഡിഒ ശാസ്ത്രജ്ഞരെ അദ്ദേഹം അഭിനന്ദിച്ചു. എംഐആര്‍വി സാങ്കേതിക വിദ്യ അഥവാ മൾട്ടിപ്പിൾ ഇൻഡിപെൻഡൻ്റ്ലി ടാർഗെറ്റബിൾ റീ-എൻട്രി വെഹിക്കിൾ സാങ്കേതിക വിദ്യയിൽ അധിഷ്ഠിതമായി ഡിആര്‍ഡിഒ തദ്ദേശീയമായി വികസിപ്പിച്ചതാണ് ആണവായുധം അടക്കം വഹിക്കാൻ സാധിക്കുന്ന അഗ്നി 5 മിസൈൽ. മിഷൻ ദിവ്യാസ്ത്ര എന്ന പേരിലാണ് അഗ്നി 5 മിസൈലിന്റെ പുതിയ പരീക്ഷണം നടന്നത്. എംഐആര്‍വി സാങ്കേതിക വിദ്യയുടെ സഹായത്തോടെ ഒരു മിസൈലിന് ഒന്നിലധികം ലക്ഷ്യങ്ങൾ ഭേദിക്കാൻ സാധിക്കും. പദ്ധതിയുടെ ഡയറക്ടര്‍ ഒരു വനിതയായിരുന്നു. അഗ്നി 5 ന്റെ വിജയത്തോടെ എംഐആര്‍വി സാങ്കേതിക വിദ്യയുള്ള രാജ്യങ്ങളുടെ പട്ടികയിലേക്ക് ഭാരതവും സ്ഥാനം പിടിച്ചു.

7500 കിലോമീറ്റര്‍ ദൂരം സഞ്ചരിച്ച് അഗ്നി 5 ന് ആക്രമണം നടത്താനാവും. ഇതോടെ ചൈനയുടെ സുപ്രധാന നഗരങ്ങളെല്ലാം തന്നെ ഇന്ത്യയുടെ റഡാറിനുള്ളിൽ വരും.17 മീറ്റര്‍ നീളമുള്ള മിസൈലിന്റെ ഭാരം 50 ടണ്ണാണ്. 2012 ലാണ് മിസൈൽ ആദ്യമായി പരീക്ഷിച്ച് വിജയിച്ചത്. ഇന്നത്തെ പരീക്ഷണത്തോടെ ഒറ്റ അഗ്നി 5 മിസൈലിന് ഒന്നിലധികം ഇടത്ത് ആക്രമണം നടത്താനുള്ള ശേഷിയായി. ഇന്ത്യയുടെ ആയുധ ശേഖരത്തിലെ ഏറ്റവും പ്രഹരശേഷിയുള്ള ഈ ആയുധം ഇതോടെ കരുത്ത് കൂടുതൽ വര്‍ധിപ്പിച്ചു. ഇന്ത്യയുടെ സൈനിക ശേഷിക്കും ഈ പരീക്ഷണ വിജയം വലിയ കരുത്തായി മാറി.

Related Articles

Latest Articles