Saturday, June 1, 2024
spot_img

അഗ്നിപഥ്; സൈനിക മേധാവിമാരുമായി പ്രധാനമന്ത്രി ഇന്ന് കൂടിക്കാഴ്ച നടത്തും

ദില്ലി: അഗ്നിപഥ് പ്രതിഷേധ പ്രകടനങ്ങൾ നടക്കുന്ന സാഹചര്യത്തിൽ പ്രധാനമന്ത്രി ഇന്ന് സൈനിക മേധാവിമാരുമായി കൂടിക്കാഴ്ച നടത്തും. അഗ്നിപഥിന്റെ നിയമനവുമായി ബന്ധപ്പെട്ട വിവരങ്ങൾ സൈനിക മേധാവിമാർ ഇന്ന് പ്രധാനമന്ത്രിയെ ധരിപ്പിക്കും. മൂന്നു സൈനിക മേധാവിമാരുമായും വേവ്വെറെയാണ് കൂടിക്കാഴ്ച തീരുമാനിച്ചിരിക്കുന്നത്. അഗ്നിപഥ് റിക്രൂട്ട്മെന്‍റ് നടപടികളുടെ സേനകൾ മുന്നോട്ട് പോകുന്നതിനിടെയാണ് പ്രത്യേക കൂടിക്കാഴ്ച.

നാവിക സേനാ മേധാവി അഡ്മിറൽ ആർ.ഹരികുമാറുമായാണ് പ്രധാനമന്ത്രി ആദ്യ കൂടിക്കാഴ്ച നടത്തുക. തുടർന്ന് മറ്റ് രണ്ട് സൈനിക തലവന്മാരുമായി കൂടിക്കാഴ്ച നടത്തും. പ്രധാനമന്ത്രിയുടെ ഓഫീസിലാണ് കൂടിക്കാഴ്ച നിശ്ചയിച്ചിരിക്കുന്നത്.

അതേ സമയം, അഗ്നിപഥ് പദ്ധതിയുടെ കരസേന റിക്രൂട്ട്മെന്റ് റാലിയുടെ വിഞ്ജാപനമിറങ്ങി. പരിശീലനം ഉൾപ്പെടെ നാല് വർഷത്തേക്കാണ് നിയമനം. ഉദ്യോഗാർത്ഥികൾക്ക് ഓൺലൈൻ രജിസ്‌ട്രേഷൻ നിർബന്ധമാണ്. ജൂലൈ മുതല്‍ രജിസ്ട്രേഷന്‍ ആരംഭിക്കും.റിക്രൂട്ട്മെന്‍റ് റാലി ഓഗസ്റ്റ് പകുതിയോടെ നടക്കുമെന്നാണ് സൈനികകാര്യവകുപ്പ് അഡീഷണൽ സെക്രട്ടറി ലഫ്റ്റനന്‍റ് ജനറൽ അനിൽ പുരി അറിയിച്ചിട്ടുള്ളത്. കരസേനയിൽ ഡിസംബർ ആദ്യവാരവും ഫെബ്രുവരി 23നുമായി രണ്ടു ബാച്ചുകളിലായി പരിശീലനം തുടങ്ങാനാണ് തീരുമാനം.

32,000 രൂപയും രണ്ടാം വർഷം 33,000 രൂപയുമാണ് ആദ്യ വർഷം പ്രതിഫലം ലഭിക്കുന്നത്. മൂന്നാം വർഷം 36,500 രൂപയും നാലാം വർഷം 40,000 രൂപയും പ്രതിഫലമായി ലഭിക്കും. അതേസമയം വിരമിച്ച ശേഷം വിമുക്ത ഭടന്മാർക്ക് ലഭിക്കുന്ന ആനുകൂല്യങ്ങൾക്ക് ഇവർ അർഹരാകില്ല. പരിശീലനം പൂര്‍ത്തിയാക്കുന്നവര്‍ 2023 പകുതിയോടെ സേനയുടെ ഭാഗമാകുമെന്ന് കരസേന മേധാവി മനോജ് പാണ്ഡെ ഇന്നലെ വ്യക്തമാക്കിയിരുന്നു. വ്യോമസേന വെള്ളിയാഴ്ചയും നാവികസേന ശനിയാഴ്ചയും കരട് വിജ്ഞാപനം പുറത്തിറക്കും.

അതേസമയം അഗ്നിപഥിനെതിരെ പ്രതിഷേധം രൂക്ഷമാകാനുള്ള സാധ്യത കണക്കിലെടുത്ത് ഹരിയാന, ഉത്തർ പ്രദേശ്, ബിഹാര്‍, പഞ്ചാബ് അടക്കമുള്ള സംസ്ഥാനങ്ങളില്‍ സുരക്ഷ ശക്തമാക്കിയിരിന്നു. ബിഹാറില്‍ സംസ്ഥാന പോലീസിനും റെയില്‍വ പോലീസിനും സർക്കാർ ജാഗ്രത നിര്‍ദേശം നല്‍കി. റെയില്‍വെ സ്റ്റേഷനുകള്‍ക്ക് കാവല്‍ വർധിപ്പിച്ചുണ്ട്. യുപിയില്‍ ഗൗതം ബുദ്ധ നഗറില്‍ നിരോധനാ‌ജ്ഞ പ്രഖ്യാപിച്ചു. അക്രമം നടത്തുന്നവർക്കെതിരെ കര്‍ശന നടപടിയെന്ന് പോലീസ് വ്യക്തമാക്കിയിട്ടുണ്ട്.

Related Articles

Latest Articles