Friday, May 17, 2024
spot_img

അഗ്നിവീറിന് വീണ്ടും ആനുകൂല്യങ്ങൾ പ്രഖ്യാപിച്ചു; റിക്രൂട്ട് ചെയ്യപ്പെടുന്നവര്‍ക്ക് മികച്ച വിദ്യാഭ്യാസം, ആദ്യ ബാച്ചിന് 5 വര്‍ഷത്തേക്ക് പ്രായപരിധിയില്‍ ഇളവ്

ദില്ലി: രാജ്യവ്യാപകമായി അഗ്‌നിപഥ് പദ്ധതിക്കെതിരെ അക്രമങ്ങൾ ശക്തമായി നടക്കുകയാണ്. വ്യാപകമായി പ്രതിഷേധങ്ങൾ നടക്കുമ്പോഴും വീണ്ടും അഗ്‌നിവീറിനെതിരെ ആനുകൂല്യങ്ങൾ പ്രഖ്യാപിച്ചിരിക്കുകയാണ്.

റിക്രൂട്ട് ചെയ്യപ്പെടുന്നവര്‍ക്ക് മികച്ച വിദ്യാഭ്യാസം ഉറപ്പുനല്‍കുമെന്നും മെച്ചപ്പെട്ട ആനുകൂല്യങ്ങള്‍ ഉറപ്പാക്കുമെന്നും സൈനിക കാര്യ വകുപ്പ് അഡീഷണല്‍ സെക്രട്ടറി ലെഫ്റ്റനന്റ് ജനറല്‍ അനില്‍ പുരി വ്യക്തമാക്കിയിരിക്കുകയാണ്.

പത്താം ക്ലാസ് പാസായവര്‍ക്ക് പന്ത്രണ്ടാം ക്ലാസ് സര്‍ട്ടിഫിക്കറ്റ് നല്‍കുമെന്നും പ്ലസ് ടു പാസായവര്‍ക്ക് ഡിപ്ലോമ നല്കുമെന്നും അനില്‍ പുരി വ്യക്തമാക്കി. ഓരോ വിദ്യാര്‍ത്ഥികള്‍ക്കും ഫിസിക്കല്‍ എഡ്യൂക്കേഷന്‍, സപ്ലൈ ചെയിന്‍ മാനേജ്‌മെന്റ് ഇവ പ്രധാന വിഷയമായി ഉണ്ടായിരിക്കും. പ്രത്യേക വാഹനങ്ങളും ആയുധങ്ങളും എങ്ങനെ കൈകാര്യം ചെയ്യണമെന്ന് വിശദമായി പഠിപ്പിക്കും. അഗ്‌നിവീര്‍ ആദ്യ ബാച്ചിന് നിശ്ചിത ഉയര്‍ന്ന പ്രായപരിധിക്കപ്പുറം 5 വര്‍ഷത്തേക്ക് പ്രായപരിധിയില്‍ ഇളവ് ലഭിക്കും.

എല്ലാ 16 പ്രതിരോധ പൊതുമേഖലാ സ്ഥാപനങ്ങളിലും കോസ്റ്റ് ഗാര്‍ഡിലും പ്രതിരോധ സിവിലിയന്‍ പോസ്റ്റുകളിലും അഗ്‌നിവീറിന് 10 ശതമാനം ക്വാട്ട പ്രഖ്യാപിച്ചിട്ടുണ്ട്. വിമുക്തഭടന്മാര്‍ക്കുള്ള നിലവിലെ സംവരണത്തിന് പുറമെയാണ് ഇതൊക്കെ ലഭിക്കുന്നത്. ആദ്യ വര്‍ഷം 32,000 രൂപയും രണ്ടാം വര്‍ഷം 33,000 രൂപയുമാണ് പ്രതിഫലം ലഭിക്കുന്നത്. മൂന്നാം വര്‍ഷം 36,500 രൂപയും നാലാം വര്‍ഷം 40,000 രൂപയും പ്രതിഫലമായി ലഭിക്കും. അതേസമയം വിരമിച്ച ശേഷം വിമുക്ത ഭടന്മാര്‍ക്ക് ലഭിക്കുന്ന ആനുകൂല്യങ്ങള്‍ക്ക് ഇവര്‍ അര്‍ഹരാകില്ല. പരിശീലനം പൂര്‍ത്തിയാക്കുന്നവര്‍ 2023 പകുതിയോടെ സേനയുടെ ഭാഗമാകുമെന്ന് കരസേന മേധാവി മനോജ് പാണ്ഡെ ഇന്നലെ പറയുകയും ചെയ്തിരുന്നു.

റിക്രൂട്ട്മെന്‍റ് റാലി ഓഗസ്റ്റ് പകുതിയോടെ നടക്കുമെന്നും സൈനികകാര്യവകുപ്പ് അഡീഷണൽ സെക്രട്ടറി ലഫ്റ്റനന്‍റ് ജനറൽ അനിൽ പുരി അറിയിച്ചു. ഓൺലൈൻ പരീക്ഷ ജൂലൈ പത്തിന് നടക്കും. കരസേനയിൽ ഡിസംബർ ആദ്യവാരവും ഫെബ്രുവരി 23നുമായി രണ്ടു ബാച്ചുകളിലായി പരിശീലനം തുടങ്ങാനാണ് തീരുമാനം. വ്യോമസേനയിൽ അഗ്നിപഥ് രജിസ്ട്രേഷൻ ജൂൺ 24-നാണ്. ആദ്യബാച്ചിന്‍റെ പരിശീലനം ഡിസംബർ 30-ന് തുടങ്ങും.

നാവികസേനയിൽ 25-നായിരിക്കും റിക്രൂട്ട്മെന്‍റ് പരസ്യം നൽകുക. നാവികസേനയിലും ഓൺലൈൻ പരീക്ഷ ഒരു മാസത്തിനുള്ളിൽത്തന്നെ നടക്കും. നവംബർ 21-ന് നാവികസേനയിൽ പരിശീലനം തുടങ്ങും.
ഇത് മാത്രമല്ല ഈ പദ്ധതി പിൻവലിക്കുന്ന പ്രശ്നമില്ലെന്ന് പ്രതിരോധ മന്ത്രാലയം ഇന്നത്തെ വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി. ഇനി സൈന്യത്തിലേക്ക് റിക്രൂട്ട്മെന്‍റ് അഗ്നിപഥ് വഴി മാത്രമായിരിക്കും. സേനയിലെ ശരാശരി പ്രായം 26 ആക്കുകയാണ് പ്രധാനലക്ഷ്യം. രാജ്യത്തെ ജനസംഖ്യയുടെ 65 ശതമാനം പേരും 35 വയസ്സിന് താഴെയാണ്. അതിനാൽത്തന്നെ ഈ രാജ്യത്ത് സേനയും ചെറുപ്പമാകേണ്ടത് അത്യാവശ്യമാണെന്നും അനിൽപുരി വ്യക്തമാക്കി.

Related Articles

Latest Articles