അഹമ്മദാബാദ്: അപകീര്‍ത്തിക്കേസുകളില്‍ വയനാട് എം പി രാഹുല്‍ ഗാന്ധി ഇന്ന് കോടതിയില്‍ ഹാജരായി. അഹമ്മദാബാദ് കോടതിയിലാണ് അദ്ദേഹം ഹാജരായത്. ജബല്‍പൂരില്‍ നടന്ന തെരഞ്ഞെടുപ്പ് റാലിയില്‍ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായെ കൊലപാതക പ്രതിയെന്ന് വിളിച്ച മാനനഷ്ടക്കേസില്‍ രാഹുല്‍ ഗാന്ധി ജാമ്യാപേക്ഷ നല്‍കി. അപേക്ഷ ഫയലില്‍ സ്വീകരിച്ച അഹമ്മദാബാദ് കോടതി ഡിസംബര്‍ 7 ന് അപേക്ഷ പരിഗണിക്കും. അഹമ്മദാബാദ് വിമാനത്താവളത്തിലെത്തിയ ശേഷം സംസ്ഥാന കോണ്‍ഗ്രസ് നേതാക്കളുമായി കൂടിക്കാഴ്ചയ്ക്കായി അദ്ദേഹം നേരെ സിറ്റി സര്‍ക്യൂട്ട് ഹൗസിലേക്ക് തിരിച്ചു.
കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായെ കൊലപാതക പ്രതിയെന്ന് വിളിച്ച കേസിന് പുറമെ അമിത് ഷാ ഡയറക്ടറായ അഹമ്മദാബാദ് ജില്ലാ സഹകരണ ബാങ്ക്, 2016 ല്‍ നോട്ട് അസാധുവാക്കിയതിന് ശേഷമുള്ള അഞ്ച് ദിവസത്തിനുള്ളില്‍ 750 കോടി രൂപ വെളിപ്പിച്ചു നല്‍കി എന്ന ആരോപണത്തിനെതിരെ ബാങ്ക് നല്‍കിയ അപകീര്‍ത്തിക്കേസുമാണ് പരിഗണനയില്‍ ഉള്ളത്. നേരത്തെ പരിഗണിച്ച് ഈ രണ്ട് കേസുകളും ഇന്നത്തേക്ക് വാദം കേള്‍ക്കാന്‍ മാറ്റുകയായിരുന്നു.
2015 ല്‍ സൊഹ്‌റാബുദ്ദീന്‍ ശൈഖ് വ്യാജ ഏറ്റുമുട്ടല്‍ കേസില്‍ അമിത് ഷായെ കുറ്റവിമുക്തനാക്കിയതിനാല്‍ രാഹുലിന്‍റെ പ്രസ്താവന അപകീര്‍ത്തികരമെന്ന വാദം നിലനില്‍ക്കുമെന്ന് അമിത് ഷായുടെ അഭിഭാഷകന്‍ പറഞ്ഞു. ഇന്നലെ മറ്റൊരു മാനനഷ്ടക്കേസില്‍ സൂറത്തിലെ കോടതിയില്‍ രാഹുല്‍ ഹാജരായിരുന്നു.

