വാട്‌സ്ആപ്പിൽ മെറ്റ അവതരിപ്പിച്ച മെറ്റ എഐ ഫീച്ചർ ഉപഭോക്താക്കൾക്കിടയിൽ മികച്ച അഭിപ്രായമാണ് നേടിയത്. ഇന്ത്യയടക്കം തെരഞ്ഞെടുക്കപ്പെട്ട രാജ്യങ്ങളിൽ അവതരിപ്പിച്ച എഐ ചാറ്റ്‌ബോട്ടിനെ രണ്ട് കൈയ്യും നീട്ടിയാണ് ഉപഭോക്താക്കൾ സ്വീകരിച്ചത്. ഇതിന് പുറമെ വാട്‌സ്ആപ്പിൽ പുതിയ എഐ ഫീച്ചർ കൂടി അവതരിപ്പിക്കാനൊരുങ്ങുകയാണ് മെറ്റ. ഇമോജിൻ മീ എന്നാണ് പരീക്ഷണ ഘട്ടത്തിലുള്ള ഇതിന്റെ പേര്.
യാഥാർത്ഥ ചിത്രങ്ങൾ ഉപയോഗിച്ച് വ്യക്തിഗതമായ സ്റ്റിക്കറുകളും എഐ അവതാറുകളും തയ്യാറാക്കാം എന്നതാണ് ഇമോജിൻ മീയുടെ പ്രത്യേകത. ഈ ഫീച്ചർ ഉപയോഗിക്കാനായി ചിത്രങ്ങൾ മാത്രം അപ്ലോഡ് ചെയ്താൽ മതിയാകും എന്നാണ് സൂചന. ഈ ചിത്രങ്ങൾ പ്രൊഫൈൽ പിക്ച്ചറുകൾ ആക്കി ഉപയോഗിക്കാനും കഴിഞ്ഞേക്കും.ഏറ്റവും പുതിയ ആൻഡ്രോയ്ഡ് 2.24.14.13 ബീറ്റ വേർഷനിലാവും ഇത് ലഭ്യമാവുക. ഇമാജിൻ മീ ഫീച്ചർ ഓപ്ഷനലായിരിക്കുമെന്നും ഇത് ഉപയോഗിക്കണമെങ്കിൽ യൂസർമാർ സെറ്റിംഗ്‌സിൽ കയറി അനുമതി നൽകണമെന്നും സൂചനയുണ്ട്.

