Thursday, May 16, 2024
spot_img

എഐ ക്യാമറകളിൽ ഗതാഗത നിയമലംഘത്തിന് പിടികൂടുന്നവർക്ക് ബോധവത്കരണ നോട്ടീസ് ഇനിയും അയച്ചുതുടങ്ങിയില്ല; ചെലവിനെ ചൊല്ലി തര്‍ക്കം

തിരുവനന്തപുരം: എഐ ക്യാമറകളിൽ ഗതാഗത നിയമലംഘത്തിന് പിടികൂടുന്നവർക്ക് ബോധവത്കരണ നോട്ടീസ് ഇനിയും അയച്ചുതുടങ്ങിയില്ല. പിഴ ഈടാക്കാതെ നോട്ടീസ് മാത്രം അയക്കുന്ന കാര്യത്തിൽ കെൽട്രോണും മോട്ടോർ വാഹനവകുപ്പും തമ്മിൽ ഇതുവരെ ധാരണയായിട്ടില്ല. പിഴ ഒഴിവാക്കിയതോടെ നിയമലംഘനങ്ങളും വർദ്ധിച്ചു.

എഐ ക്യാമറയിൽ ഗതാഗത നിയമലംഘനം കണ്ടെത്തിയാൽ കേന്ദ്രസർക്കാരിന്റെ പരിവാഹൻ സോഫ്റ്റുവയർ വഴി വാഹന ഉടമയ്ക്ക് ആദ്യം എസ്എംഎസും പിന്നാലെ ഇ-ചെല്ലാനും കിട്ടുന്നതാണ് സേഫ് കേരള പദ്ധതി. എന്നാൽ ഒരു മാസത്തേക്ക് പിഴ വേണ്ട, ബോധവത്കരണം മതിയെന്ന് മോട്ടോർ വാഹന വകുപ്പ് തീരുമാനിച്ചിരുന്നു. ഇതാണ് പദ്ധതി നടത്തിപ്പുകാരായ കെൽട്രോണിനെ വെട്ടിലാക്കിയത്.

പിഴ ചുമത്താതെ നോട്ടീസ് പ്രിൻെറടുത്ത് രജിസ്റ്റേഡ് താപാലിൽ അയക്കാനുള്ള പണം മോട്ടോർ വാഹനവകുപ്പ് വഹിക്കണമെന്നാണ് കെൽട്രോണ്‍ നിലപാട്. കരാർ പ്രകാരം ഇതെല്ലാം കെൽട്രോണ്‍ തന്നെ ചെയ്യണമെന്നാണ് മോട്ടോർ വാഹനവകുപ്പും പറയുന്നത്. തർക്കത്തിൽ തീരുമാനമുണ്ടാക്കാൻ ഇന്ന് ഇരുകൂട്ടരും ചർച്ച നടത്തുന്നുണ്ട്. എഐ ക്യാമറകള്‍ക്ക് മുമ്പ് സ്ഥാപിച്ച സ്പീഡ് ക്യാമറകള്‍ നിയമലംഘനം കണ്ടെത്തിയാൽ പിഴ ചുമത്തിയത് അറിയിക്കാനുള്ള സന്ദേശമയക്കാനുള്ള സോഫ്റ്റുവയർ കെൽട്രോണിനുണ്ട്. അത് എഐ ക്യാമറകൾക്കായി ഉപയോഗപ്പെടുത്തണമെങ്കിൽ, ചില സാങ്കേതിക തടസ്സങ്ങള്‍ മറിക്കടക്കണം.

തീരുമാനമുണ്ടായാലും മറ്റൊരു വെല്ലുവിളിയുണ്ട്. ലക്ഷകണക്കിന് നിയമ ലംഘങ്ങളുടെ നോട്ടീസാകും, കണ്ട്രോൾ റൂം സജീവമാകുന്നതോടെ ജീവനക്കാരുടെ മുന്നിലെത്തുക. പിഴയിടാക്കുമെന്ന പ്രചാരണമുണ്ടായപ്പോൾ നിയമലംഘനങ്ങള്‍ കുറഞ്ഞുവെങ്കിലും, തത്കാലത്തേക്ക് ബോധവത്കരണം മതിയെന്ന പ്രഖ്യാപനത്തിന് പിന്നാലെ വീണ്ടും കൂടി.

Related Articles

Latest Articles