ദില്ലി: വിമാനത്തിൽ നിന്നും ലഭിച്ച ഭക്ഷണത്തിൽ പാറ്റയെ കണ്ടെത്തിയ സംഭവത്തിൽ മാപ്പ് പറഞ്ഞ് എയർ ഇന്ത്യ. ഭോപ്പാലിൽ നിന്നും മുംബൈയിലേയ്ക്ക് പോകുകയായിരുന്ന വിമാനത്തിലായിരുന്നു സംഭവം. പ്രശ്നം പരിഹരിക്കുന്നതിനായി തുടർ നടപടികൾ സ്വീകരിച്ചതായി എയർ ഇന്ത്യ അധികൃതർ ട്വീറ്റ് ചെയ്തു.

ഇക്കഴിഞ്ഞ ശനിയാഴ്ചയാണ് വിമാനത്തില്‍ യാത്ര ചെയ്ത രോഹിത് രാജ് സിങ് ചൗഹാന് ഇഡ്ഡലിക്കും വടയ്ക്കും സാമ്പറിനുമൊപ്പം പാറ്റയെ കിട്ടിയത്. തുടർന്ന് ഇയാൾ അധികൃതരോട് പരാതിപ്പെടുകയും ചെയ്തു. ഭക്ഷണത്തോടൊപ്പമുള്ള പാറ്റയുടെ ചിത്രം രോഹിത് ട്വീറ്റ് ചെയ്തിട്ടുണ്ട്.

അതേസമയം വിഷയത്തെ ഗൗരവമായാണ് കാണുന്നതെന്നും കരാറുകാരന് നോട്ടീസ് നൽകിട്ടുണ്ടെന്നും എയർ ഇന്ത്യ അധികൃതർ ട്വിറ്ററിലൂടെ അറിയിച്ചു. തങ്ങളുടെ ഉയർന്ന ഉദ്യോഗസ്ഥൻ സംഭവവുമായി ബന്ധപ്പെട്ട് യാത്രക്കാരനോട് സംസാരിച്ചു കഴിഞ്ഞുവെന്നും അവർ കൂട്ടിച്ചേർത്തു.