Wednesday, May 15, 2024
spot_img

വിമാന റാഞ്ചലുകളുടെ ഇന്ത്യൻ ഇതിഹാസം | മിലൻ കാ ഇതിഹാസ്, പരമ്പര – 27 | സി. പി. കുട്ടനാടൻ

ബഹുമാനപ്പെട്ട തത്വമയി ന്യൂസ് വായനക്കാർക്ക് നമസ്കാരം, കഴിഞ്ഞ തവണ 1993ൽ ഇന്ത്യയിൽ നടന്ന വിമാന ഹൈജാക്കിങ്ങുകളെ സംബന്ധിച്ച് പ്രദിപാദിച്ചിരുന്നതിനാൽ പല വായനക്കാരും അതിൻ്റെ കൂടുതൽ വിവരങ്ങൾ അന്വേഷിയ്ക്കുകയുണ്ടായി. ഇന്ത്യയിൽ ഇതുവരെ നടന്നിട്ടുള്ള വിമാന റാഞ്ചലുകളെപ്പറ്റി വിശദമായി പറയാമോ എന്ന് അവരിൽ പലരും ചോദിച്ചു. അതുകൊണ്ട് ഇന്നത്തെ ലേഖനം അതേപ്പറ്റിയാകാം എന്ന് കരുതുന്നു. ഇതിന് ശേഷം നമുക്ക് 1994ലെ സംഭവങ്ങളിലേക്ക് അടുത്തയാഴ്ച യാത്ര ചെയ്യാം.

ലോകത്തിൽ ഇന്ന് നിലവിലുള്ള ഏറ്റവും സുരക്ഷിതമായ ഗതാഗത മാർഗമാണ് വ്യോമയാന ഗതാഗതം. പണ്ടു കാലത്ത് വിദേശ യാത്രകൾക്ക് കപ്പലുകളെ ആശ്രയിച്ചിരുന്ന മനുഷ്യ സമൂഹം രണ്ടാം ലോക മഹായുദ്ധത്തോടെ വളർച്ച പ്രാപിച്ച വ്യോമയാന ഗതാഗത മേഖലയെ കാര്യമായി ആശ്രയിയ്ക്കുവാൻ തുടങ്ങി. അതോടെ ഇതിന് അന്താരാഷ്ട്ര ചട്ടങ്ങളും മറ്റു നിയന്ത്രണങ്ങളും കൊണ്ടുവരേണ്ടത് അത്യന്താപേക്ഷിതമായിത്തീർന്നു. സുരക്ഷിതമായും കാര്യക്ഷമമായും നടന്നു പോകുന്ന വ്യോമയാന ഗതാഗതം ഓരോ രാഷ്ട്രത്തിൻ്റെയും അന്തസ്സിൻ്റെ മാനദണ്ഡങ്ങളിലൊന്നായി വിലയിരുത്തപ്പെട്ടു. അതിനാലാണ് വിമാന യാത്രയുടെ കാര്യത്തിൽ അതിശക്തമായ നടപടികൾ ഭരണകൂടങ്ങൾ സ്വീകരിയ്ക്കുന്നത്. അതുകൊണ്ടാണ് ഈ യാത്രോപാധിയെക്കുറിച്ചുള്ള ഏതു വാർത്തയും വലിയ വാർത്താ പ്രാധാന്യം നേടുന്നത്.

അങ്ങനെയുള്ള പ്രത്യേകതകൾ ഈ മേഖലയ്ക്ക് ഉള്ളതിനാലാണ് ഇതിനെ ഹൈജാക്ക് ചെയ്ത് ഭീതിതമായ വാർത്ത സൃഷ്ടിച്ചുകൊണ്ട് തങ്ങളുടെ ആശയ, ആവശ്യ പ്രചാരണം ലോകത്ത് നടത്തുന്നതിനെക്കുറിച്ചും ശ്രദ്ധ പിടിച്ചുപറ്റുന്നതിനെ കുറിച്ചും ഭീകര പ്രസ്ഥാനങ്ങൾ കുലങ്കഷമായി ചിന്തിയ്ക്കുവാൻ ആരംഭിച്ചത്. ഇങ്ങനൊരു കാര്യം സംഭവിയ്ക്കും എന്ന് യാതൊരു പ്രതീക്ഷയുമില്ലാതെ നിൽക്കുന്ന ഒരു സംവിധാനത്തെ മാത്രമേ ഇതിലൂടെ പകച്ചു നിർത്തുവാൻ പറ്റൂ. അങ്ങനെ ഇന്ത്യയിലെ ആദ്യ ഫ്‌ളൈറ്റ് ഹൈജാക്കിങ് സംഭവിയ്ക്കുകയാണ്. അതും സർവ്വശക്തയായ ഇന്ദിരാഗാന്ധി പ്രധാനമന്ത്രിയായിരിയ്ക്കുന്ന ഇന്ത്യയിൽ.

Indira gandhi
Indira gandhi

1971 ജനുവരി 30ന്, ശ്രീനഗർ വിമാനത്താവളത്തിൽ നിന്ന് ജമ്മു-സത്വാരി വിമാനത്താവളത്തിലേക്ക് പറക്കുകയായിരുന്ന VT-DMA ഗംഗ എന്ന ഇന്ത്യൻ എയർലൈൻസ് ആഭ്യന്തര യാത്രാവിമാനം നാഷണൽ ലിബറേഷൻ ഫ്രണ്ടിൽ (ജമ്മു ആൻഡ് കാശ്മീർ ലിബറേഷൻ ഫ്രണ്ടിൻ്റെ മൂലരൂപം) ഉൾപ്പെട്ട രണ്ട് കശ്മീരി വിഘടനവാദികൾ ഹൈജാക്ക് ചെയ്തു. ഹാഷിം ഖുറേഷി, അഷ്‌റഫ് ഖുറേഷി എന്നിവരായിരുന്നു ഈ കൃത്യം ചെയ്തത്. കാശ്മീരിൻ്റെ സ്വാതന്ത്ര്യ സമരത്തിലേക്ക് ലോകത്തിൻ്റെ ശ്രദ്ധ ആകർഷിക്കുക എന്നതായിരുന്നു ഇതിൻ്റെ ഉദ്ദേശം. വിമാനം ലാഹോറിലേക്ക് കൊണ്ടുപോയി. പാകിസ്ഥാൻ വിദേശകാര്യ മന്ത്രിയായിരുന്ന സുൾഫിക്കർ അലി ഭൂട്ടോ ലാഹോറിലെത്തി ഹൈജാക്കറെ കണ്ടു. ഇന്ത്യൻ ജയിലുകളിൽ കഴിയുന്ന 36 എൻഎൽഎഫ് തടവുകാരെ മോചിപ്പിക്കണമെന്നായിരുന്നു ഡിമാൻഡ്.

ഒടുവിൽ അമൃത്സറിലേക്ക് റോഡ് മാർഗം ജീവനക്കാരെയും യാത്രക്കാരെയും വിട്ടയക്കാൻ ഫെബ്രുവരി 1ന് നടപടിയാക്കി. വിഘടനവാദികളുടെ ആവശ്യങ്ങൾ ഇന്ത്യൻ സർക്കാർ നിരസിച്ചു. തുടർന്ന് വിമാനം തിരികെ ഇന്ത്യയിലേക്ക് പറത്താൻ പകരം ജീവനക്കാരെ അയയ്ക്കട്ടെ എന്ന് ഇന്ത്യാ ഗവൺമെൻ്റ് പാക്കിസ്ഥാൻ സർക്കാരിനോട് അനുമതി തേടി. പാകിസ്ഥാൻ അനുമതി നിഷേധിച്ചു. മാത്രമല്ല ഹൈജാക്കർമാർ ഫെബ്രുവരി 2ന് വിമാനം കത്തിച്ചുകളഞ്ഞു. ഇതോടെ ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള ബന്ധം വല്ലാതെ വഷളായി. തുടർന്ന് ഇന്ത്യൻ പ്രദേശത്തിന് മുകളിലൂടെ പാക്കിസ്ഥാൻ വിമാനങ്ങൾ പറക്കുന്നത് നിരോധിച്ചു. 1971 ഡിസംബറിൽ ഇന്ത്യാ പാകിസ്ഥാൻ യുദ്ധമുണ്ടായപ്പോൾ (ബംഗ്ലാദേശ് യുദ്ധം) ഇപ്പോൾ ബംഗ്ലാദേശ് ആയിരിയ്ക്കുന്ന അന്നത്തെ കിഴക്കൻ പാകിസ്താനിലേക്കുള്ള വ്യോമ മാർഗ്ഗത്തിലൂടെയുള്ള പാകിസ്താൻ്റെ സൈനിക നീക്കത്തെ ഈ നിരോധനം കാര്യമായി ബാധിച്ചു. ഈ യുദ്ധത്തിൻ്റെ ക്ളൈമാക്സിനെ കുറിച്ച് പ്രത്യേകം പറയേണ്ടതില്ലല്ലോ.

1976 ജൂൺ 27ന് പലസ്തീൻ മുസ്ലിം ഭീകരർ ഇസ്രേയേൽ പൗരന്മാർ യാത്ര ചെയ്തിരുന്ന എയർ ഫ്രാൻസ് വിമാനം റാഞ്ചുകയും അത് ഉഗാണ്ടയിൽ ഇറക്കുകയും പിന്നീട് ജൂലൈ 4ന് മൊസാദിൻ്റെ ഓപ്പറേഷൻ എൻ്റബേ നടപടിയിലൂടെ ബന്ദികളെ മോചിപ്പിച്ച് ഇസ്ലാമിൻ്റെ ചെവിക്കുറ്റിയടിച്ചു പൊളിച്ച സംഭവം അരങ്ങേറിയിട്ട് രണ്ടുമാസം തികഞ്ഞപ്പോൾ ഇന്ത്യയിലെ രണ്ടാമത്തെ ഫ്‌ലൈറ്റ് ഹൈജാക്കിങ് നടന്നു. അടിയന്തരാവസ്ഥയുടെ അപരിമിതമായ അധികാരത്തിൻ്റെ ഹുങ്കിൽ ഇന്ദിരാഗാന്ധി മുടിവച്ചു വാണ 1976 സെപ്റ്റംബർ 10ന് ഇന്ത്യൻ എയർലൈൻസിൻ്റെ ബോയിംഗ് 737 വിമാനം കശ്മീരിൽ നിന്നുള്ള സയ്യിദ് അബ്ദുൾ ഹമീദ് ദേവാനി, സയ്യിദ് എം റഫീഖ്, എം അഹ്‌സൻ റാത്തോഡ്, അബ്ദുൾ റഷീദ് മാലിക്, ഗുലാം റസൂൽ, ഖ്വാജ ഗുലാം നബി എന്നീ ആറംഗ മുസ്ലിം ഭീകരർ ഡൽഹി പാലം വിമാനത്താവളത്തിൽ (ഇന്ദിരാഗാന്ധി എയർപോർട്ട്) നിന്ന് ഹൈജാക്ക് ചെയ്തു. സത്യത്തിൽ ഇതൊരു പാകിസ്ഥാൻ തിരക്കഥ ഒരുക്കിയ നാടകമായിരുന്നു.

ഭീകരർ ആദ്യം വിമാനം ലിബിയയിലേക്ക് പറത്താൻ പൈലറ്റുമാരോട് ആവശ്യപ്പെട്ടു. ആ യാത്രയ്ക്ക് വേണ്ടത്ര ഇന്ധനമില്ലെന്ന് പൈലറ്റുമാർ മറുപടി നൽകി. തുടർന്ന് വിമാനം പാകിസ്ഥാനിലെ കറാച്ചിയിലേക്ക് കൊണ്ടുപോകാൻ ഭീകരർ നിർദ്ദേശിച്ചു. കറാച്ചി എയർപോർട്ടിൽ വച്ച് പാകിസ്ഥാൻ സുരക്ഷാസേന ഭീകരരെ കീഴ്‌പ്പെടുത്തുകയും പിറ്റേദിവസം 83 യാത്രക്കാരുമായി വിമാനം ഇന്ത്യയിലേക്ക് തിരിച്ചയയ്ക്കുകയും ചെയ്തു. അന്താരാഷ്ട്ര തലത്തിൽ ഞമ്മള് നല്ല പുള്ളികളാണെന്ന് കാണിയ്ക്കുവാൻ വേണ്ടി അവർതന്നെ തയ്യാറാക്കിയ നാടകമാണിത് എന്ന് പറയാനുള്ള കാരണമെന്തെന്നാൽ, അവർ പിടികൂടിയ 6 മുസ്ലിം ഭീകരരെയും “തെളിവുകളുടെ അഭാവം” ചൂണ്ടിക്കാട്ടി പ്രോസിക്യൂഷൻ നടപടികളിൽ നിന്നും ഒഴിവാക്കി പാകിസ്ഥാനിൽ ജീവിയ്ക്കാൻ അനുവദിച്ചു എന്നതാണ്.

1977ൽ അടിയന്തരാവസ്ഥ പിൻവലിച്ച് ഇന്ദിരാഗാന്ധി തിരഞ്ഞെടുപ്പിനെ നേരിടുകയും ഒടുവിൽ മൊറാർജി ദേശായിയുടെ നേതൃത്വത്തിലുള്ള ജനതാപാർട്ടി അധികാരമേൽക്കുകയും ചെയ്ത ശേഷം അടിയന്തരാവസ്ഥയിലെ കുറ്റകൃത്യങ്ങളെ തുടർന്ന് ഇന്ദിരാജിയെയും മകൻ സഞ്ജയ്ജിയേയും നിയമ നടപടികൾക്ക് വിധേയരാക്കി മൊറാർജി സർക്കാർ. ഈ നിയമ നടപടികളിൽ രോക്ഷം പൂണ്ട യൂത്ത്കോൺഗ്രസ്സുകാരായ ഭോലാനാഥ് പാണ്ഡെ, ദേവേന്ദ്ര പാണ്ഡെ എന്നിവർ 1978 ഡിസംബർ 20ന് ഇന്ത്യൻ എയർലൈൻസ് ഫ്ലൈറ്റ് 410, ന്യൂ ഡൽഹിയിലെ പഴയ പാലം എയർപോർട്ടിൽ ലാൻഡ് ചെയ്യുന്നതിന് മിനിറ്റുകൾക്ക് മുമ്പ് ആകാശത്ത് വെച്ച് ഹൈജാക്ക് ചെയ്തു.

ആദ്യം നേപ്പാളിലേക്കും പിന്നീട് ബംഗ്ലാദേശിലേക്കും വിമാനം പറത്താൻ ഇരുവരും ആവശ്യപ്പെട്ടെങ്കിലും ഇന്ധനക്ഷാമം കാരണം രണ്ടു ആവശ്യങ്ങളും നടന്നില്ല. ഒടുവിൽ വിമാനം വാരണാസിയിലേക്ക് പറത്തി. ഉത്തർ പ്രദേശ് മുഖ്യമന്ത്രിയായ രാം നരേഷ് യാദവുമായി സംസാരിയ്ക്കാൻ ഹൈജാക്കർമാർ തയ്യാറായി. അവരുടെ ആവശ്യങ്ങൾ ഇനിപ്പറയുന്നവയായിരുന്നു., കേന്ദ്രത്തിൽ ഭരിക്കുന്ന ജനതാ പാർട്ടി സർക്കാർ രാജിവച്ചൊഴിയുക, ഇന്ദിരാഗാന്ധിയ്ക്കും അവരുടെ മകൻ സഞ്ജയ് ഗാന്ധിയ്ക്കുമെതിരായ എല്ലാ കേസുകളും പിൻവലിയ്ക്കുക. ഏറെ തർക്കങ്ങൾക്കും ചർച്ചകൾക്കും ശേഷം ഇരുവരും യാത്രക്കാരെയും ജീവനക്കാരെയും വിട്ടയച്ചു. ശേഷം മാദ്ധ്യമങ്ങളുടെ സാന്നിദ്ധ്യത്തിൽ കീഴടങ്ങി. ഇന്ത്യയിലെ മൂന്നാമത്തെ വിമാനറാഞ്ചലിൻ്റെ ക്ളൈമാക്സ് ഇങ്ങനെയായിരുന്നു.

ഇതിനിടെ സിഖ് ഭീകരവാദം അതിൻ്റെ സർവ ശേഷിയുമെടുത്ത് വിളയാടിയിരുന്ന കാലഘട്ടം സംജാതമായി. ഇന്ത്യൻ എയർലൈൻസ് ഫ്ലൈറ്റ് ബോയിംഗ് 737 (IATA നമ്പർ: IC423) ഡൽഹി-പാലം എയർപോർട്ടിൽ നിന്ന് അമൃത്സർ-രാജ സാൻസി എയർപോർട്ടിലേയ്ക്ക് സ്ഥിരമായി സർവീസ് നടത്തിയിരുന്ന വിമാനമായിരുന്നു. ഇന്ത്യയിലെ നാലാം വിമാന റാഞ്ചലിന് വിധേയമാകുവാനുള്ള സൗഭാഗ്യം സിദ്ധിച്ചത് ഈ വിമാനത്തിനായിരുന്നു. 1981 സെപ്റ്റംബർ 29ന് കഠാരകളും ഗ്രനേഡുകളുമായി ദൽ ഖൽസയിലെ അഞ്ച് സിഖ് ഭീകരർ ചേർന്ന് ഈ വിമാനം ഹൈജാക്ക് ചെയ്തു. 111 യാത്രക്കാരും 6 ജീവനക്കാരുമാണ് വിമാനത്തിലുണ്ടായിരുന്നത്. പാകിസ്ഥാനിലെ ലാഹോർ എയർപോർട്ടിലേക്ക് വിമാനം കൊണ്ടുപോകാൻ അവർ പൈലറ്റിനോട് നിർദ്ദേശിച്ചു. ഹൈജാക്കർമാരുടെ തലവൻ ഗജേന്ദർ സിംഗ് പാകിസ്ഥാനിലെ ഇന്ത്യൻ സ്ഥാനപതി നട്‌വർ സിങ്ങുമായി സംസാരിയ്ക്കാൻ തയ്യാറായി. ജർണയിൽ സിംഗ് ഭിന്ദ്രൻവാലയെയും മറ്റുള്ളവരെയും മോചിപ്പിയ്ക്കുക, 500,000 ഡോളർ പണമായി തരിക എന്നിവയായിരുന്നു അവരുടെ ആവശ്യങ്ങൾ. ഒടുവിൽ പാകിസ്ഥാൻ കമാൻഡോ നടപടി നടത്തി ഏവരെയും മോചിപ്പിച്ചു. ഹൈജാക്കർമാർ പാകിസ്ഥാനിൽ വിചാരണ നേരിടുകയും അവർക്ക് ജീവപര്യന്തം തടവ് ശിക്ഷ ലഭിക്കുകയും ചെയ്തു.

അഞ്ചാമത്തെ ഇന്ത്യൻ വിമാന ഹൈജാക്കിങ് നടന്നത് ഇന്ത്യയിലില്ല, ഇന്ത്യയിലെ പ്രശ്നത്തിലുമല്ല. സീഷെൽസ് എന്ന ആഫ്രിക്കൻ ദ്വീപ് രാഷ്ട്രത്തിലായിരുന്നു അത് നടന്നത്. സീഷെൽസിൽ ആഭ്യന്തര രാഷ്ട്രീയ പ്രശ്‍നങ്ങൾ നടക്കുന്ന കാലഘട്ടത്തിലായിരുന്നു ഈ സംഭവം. ഇന്ത്യയും സീഷെൽസും തമ്മിൽ നല്ലരീതിയിലുള്ള ബന്ധമാണുള്ളത്. അങ്ങനെ 65 യാത്രക്കാരും 13 ജീവനക്കാരുമായി സാംബിയയിൽ നിന്ന് മുംബൈയിലേക്കുള്ള യാത്രാമധ്യേ എയർ ഇന്ത്യ ഫ്ലൈറ്റ് 224, ബോയിംഗ് 707 വിമാനമായ VT-DVB “കാമറ്റ്”, സീഷൽസിലെ മാഹിയിൽ ഇന്ധനം നിറയ്ക്കാൻ 1981 നവംബർ 25ന് ഇറക്കി. ആഫ്രിക്കൻ രാജ്യമായ സ്വാസിലാൻഡിൽ നിന്ന് സീഷെൽസ് വിമാനത്താവളത്തിലെത്തിയ 47 ഹൈജാക്കർമാരുടെ സംഘം ഓട്ടോമാറ്റിക് ആയുധങ്ങളും ഹാൻഡ് ഗ്രനേഡുകളുമായി കയറി നമ്മുടെ വിമാനം ഹൈജാക്ക് ചെയ്തു. വിമാനം ദക്ഷിണാഫ്രിക്കയിലെ ഡർബനിലേക്ക് പറത്തി. ഒടുവിൽ ആറു മണിക്കൂറോളം നീണ്ട ചർച്ചകൾക്ക് ശേഷം യാത്രക്കാരെയും ജീവനക്കാരെയും മോചിപ്പിക്കുകയും ഹൈജാക്കർമാർ കീഴടങ്ങുകയും ചെയ്തു.

സിഖുകാരുടെ കൃപാണം എയർപോർട്ടുകളിലും വിമാനത്തിനുള്ളിലും കയറ്റുന്നത് ഇന്ത്യാ ഗവണ്മെൻ്റ് നിരോധിച്ചതിനെ തുടർന്ന് ഈ തീരുമാനത്തിന് ഒരു തിരിച്ചടി നൽകണം എന്ന് സിഖ് ഭീകര വിഭാഗങ്ങൾ തീരുമാനിച്ചു. ഇതിൻ്റെ ഭാഗമായി ആറാമത്തെ ഇന്ത്യൻ വിമാന റാഞ്ചൽ സംഭവിച്ചു. അങ്ങനെ 1982 ഓഗസ്റ്റ് 4ന് ഡൽഹിയിൽ നിന്നും ശ്രീനഗറിലേക്കുള്ള ഇന്ത്യൻ എയർലൈൻസ് വിമാനം ഭായ് ഗുർഭക്ഷ സിങ് എന്ന പഞ്ചാബുകാരൻ ഹൈജാക്ക് ചെയ്തു. 70 വിദേശ പൗരന്മാർ വിമാനത്തിലുണ്ടായിരുന്നു. ഇന്ത്യാ ഗവണ്മെൻ്റ് തീരുമാനം പുനഃപരിശോധിയ്ക്കാത്ത പക്ഷം തൻ്റെ കൈവശമുള്ള ബോംബ് പൊട്ടിയ്ക്കും എന്നായിരുന്നു ഭീഷണി. പാകിസ്ഥാനിലെ ലാഹോറിലേയ്ക്ക് വിമാനം കൊണ്ടുപോകാനായിരുന്നു ഉദ്ദേശം. എന്നാൽ അവർ അനുമതി നിഷേധിച്ചു. പിന്നെ തിരികെ അമൃത്സർ എയർപോർട്ടിൽ വിമാനമിറങ്ങി. ശേഷം അന്നത്തെ ശിരോമണി അകാലിദൾ ജനറൽ സെക്രട്ടറി പ്രകാശ് സിംഗ് മജിതയ്ക്ക് മുന്നിൽ കീഴടങ്ങി. വിമാനത്തിലുണ്ടായിരുന്ന എല്ലാ ജീവനക്കാരെയും യാത്രക്കാരെയും രക്ഷപ്പെടുത്തിയ ശേഷം പോലീസ് പരിശോധനയിൽ ഇയാൾ ഉയർത്തിക്കാട്ടിയ ബോംബ് വ്യാജമാണെന്ന് കണ്ടെത്തി.

ഏഴാമത്തെ ഇന്ത്യൻ വിമാന ഹൈജാക്കിങിന് ജെയിംസ് ബോണ്ടുമായി ബന്ധമുണ്ട്. മൂന്നാമത്തെ ജെയിംസ് ബോണ്ടായ റോജർ മൂർ അഭിനയിച്ച ഒക്ടപ്പസി എന്ന 13ആമത്തെ ജെയിംസ് ബോണ്ട് ചിത്രത്തിൻ്റെ കഥ മുന്നേറുന്നത് ഇന്ത്യൻ പശ്ചാത്തലത്തിലാണ്. തമിഴനായ വിജയ് അമൃതരാജ്, ബോളിവുഡ് നടനായ കബീർ ബേദി എന്നിവർ അതിൽ അഭിനയിച്ചിട്ടുണ്ട്. ക്രിമിനലായ ഒരു സിഖുകാരൻ്റെ വേഷത്തിലാണ് കബീർ ബേദി ഈ ചിത്രത്തിൽ പ്രത്യക്ഷപ്പെട്ടത്. ഈ ചിത്രത്തിൻ്റെ പ്രൊഡക്ഷൻ ഡിസൈനറായ പീറ്റർ ലാമോണ്ട് ബോംബെയിൽ നിന്ന് ഡൽഹിയിലേക്കുള്ള ബോയിംഗ് 737 ഇന്ത്യൻ എയർലൈൻസ് വിമാനത്തിലെ 1982 ഓഗസ്റ്റ് 20ലെ യാത്രക്കാരനായിരുന്നു. ഈ വിമാനം ഉദയ്പൂർ, ജോധ്പൂർ, ജയ്പൂർ എന്നീ എയർപോർട്ടുകൾ വഴിയാണ് ഡൽഹിയിലേക്ക് യാത്ര തിരിച്ചത്. അമൃത്‌സറിലെ ഇലക്‌ട്രീഷ്യനായ മഞ്ജിത് സിംഗ് എന്ന സിഖ് മതാനുയായി ഉദയ്പൂർ എയർപോർട്ടിൽ നിന്നും ഈ വിമാനത്തിൽ കയറി. ശേഷം വിമാനം ജോധ്പൂർ എയർപോർട്ടിൽ ഇറങ്ങി. ജോധ്പൂരിൽ നിന്നുള്ള ആളുകളെയും വിമാനത്തിൽ കയറ്റി ഡൽഹിയ്ക്ക് പുറപ്പെട്ട വിമാനത്തിൽ ഇപ്പോൾ 69 യാത്രക്കാരുണ്ട്. ജോധ്പൂരിൽ നിന്ന് ഉച്ചയ്ക്ക് 12.35 ന് വിമാനം പറന്നുയർന്ന ഉടൻ, മഞ്ജിത് സിംഗ് കോക്ക്പിറ്റിലേക്ക് കടന്നു കയറി. തോക്കും നാടൻ ബോംബും കാണിച്ച് ക്യാപ്റ്റൻ സുരേന്ദ്ര മോഹനോട് ലാഹോറിലേക്ക് പറക്കാൻ പറഞ്ഞു. അവിടെ ഇന്ധനം നിറച്ച് വിമാനം ലിബിയയിലേക്ക് കൊണ്ടു പോകാനായിരുന്നു ഹൈജാക്കറുടെ ഉദ്ദേശം.

ശേഷം യാത്രക്കാരോടായി അയാൾ പേര് വെളിപ്പെടുത്തി. എൻ്റെ പേര് ‘മുസീബത്ത് സിംഗ്’ എന്നാണ്. (മുസീബത്ത് എന്ന വാക്കിൻ്റെ അർഥം ദുർഘടം എന്നാണ്.) എന്തായാലും സാഹചര്യത്തിന് അനുയോജ്യമായ പേര് സ്വീകരിച്ച് തൻ്റെ നർമ്മബോധം അയാൾ പ്രദർശിപ്പിച്ചു. ലാഹോർ എയർപോർട്ടിൽ വിമാനമിറക്കാനുള്ള അനുമതി പാകിസ്ഥാൻ സർക്കാർ നൽകിയില്ല. 40 തവണ ലാഹോർ എയർപോർട്ടിന് മുകളിൽ ഈ വിമാനം വട്ടമിട്ടു പറന്നു. അനുമതി ഇല്ലാതെ എയർപോർട്ടിൽ ഇറക്കാനുള്ള ശ്രമം തടയാനായി ട്രക്കുകൾ റൺവേയിൽ നിർത്തിയിട്ടു പാകിസ്ഥാൻ. ഒടുവിൽ ഇന്ധനം തീരാറായപ്പോൾ അമൃത്സർ എയർപോർട്ടിലേക്ക് വിമാനം തിരിച്ചു വിട്ടു. പ്രധാനമന്ത്രി ഇന്ദിരാഗാന്ധി ചർച്ചകൾക്കായി അമൃത്സറിലേക്ക് വരണമെന്നും ചർച്ചകൾ ജർണയിൽ സിംഗ് ഭിന്ദ്രൻവാലയുടെ സാന്നിധ്യത്തിൽ നടത്തണമെന്നും അയാൾ പറഞ്ഞു. പക്ഷെ എയർപോർട്ട് അധികൃതർ ചർച്ചകൾ ആരംഭിച്ചു. 8 ലക്ഷം രൂപ ജർമ്മൻ മാർക്ക് കറൻസിയിൽ നൽകണം, പഞ്ചാബിൽ അകാലിദളിന് അധികാരം കൈമാറി പ്രകാശ് സിംഗ് ബാദലിനെ മുഖ്യമന്ത്രിയാക്കണം, ജയിലിൽ കഴിയുന്ന സിഖ് തടവുകാരെ മോചിപ്പിക്കണം തുടങ്ങിയവയായിരുന്നു മഞ്ജിത് സിങ്ങിൻ്റെ ആവശ്യങ്ങൾ. ഭരണകൂടം ഇതൊന്നും അംഗീകരിയ്ക്കാതെ വന്നപ്പോൾ വിമാനത്തിൽ സ്ഫോടനം നടത്തി ഏവരെയും കൊല്ലുവാൻ ഹൈജാക്കർ ഒരുമ്പെട്ടു. ഈ ഘട്ടത്തിൽ വിമാന ജീവനക്കാരും യാത്രക്കാരും ചേർന്ന് മല്പിടുത്തതിലൂടെ ഹൈജാക്കറെ കീഴ്‌പ്പെടുത്തി. ഇതിനിടയിൽ അയാൾ തോക്കുപയോഗിയ്ക്കാൻ ശ്രമിച്ചപ്പോൾ പോലീസുകാർ വെടിവയ്ക്കുകയും അങ്ങനെ അയാൾ കൊല്ലപ്പെടുകയും ചെയ്തു. ഇക്കാര്യത്തിൽ ഇപ്പോഴും പരിപൂർണ വ്യക്തതയില്ല.

254 യാത്രക്കാരും 10 ജീവനക്കാരുമായി ശ്രീനഗറിൽ നിന്ന് ന്യൂഡൽഹിയിലേക്ക് 1984 ജൂലൈ 5ന് പറന്ന ഇന്ത്യൻ എയർലൈൻസ് ജെറ്റ് IC – 405 സിഖ് ഭീകരർ ഹൈജാക് ചെയ്തു. ഓപ്പറേഷൻ ബ്ലൂസ്റ്റാറിന് ശേഷം നടന്ന ഈ സംഭവത്തിന് പിന്നിലുള്ള ആവശ്യങ്ങൾ ഇവയായിരുന്നു., ഓപ്പറേഷൻ ബ്ലൂ സ്റ്റാർ സമയത്ത് അറസ്റ്റിലായ എല്ലാ സിഖുകാരെയും ജയിൽ മോചിതരാക്കുക, ഓപ്പറേഷൻ സമയത്ത് സംഭവിച്ച നാശനഷ്ടങ്ങൾക്ക് 25 മില്യൺ യുഎസ് ഡോളർ നഷ്ടപരിഹാരം നൽകുക, ഓപ്പറേഷൻ സമയത്ത് സുവർണ്ണ ക്ഷേത്രത്തിൽ നിന്ന് മോഷ്ടിക്കപ്പെട്ടതായി ആരോപിക്കപ്പെടുന്ന വസ്തുക്കൾ തിരികെ നൽകുക. ഹൈജാക്കർമാരുടെ പക്കൽ തോക്കുകളും കഠാരകളും ഒരു വ്യാജ ബോംബും ഉണ്ടായിരുന്നു. അവരുടെ ഭീഷണിയിൽ പാകിസ്ഥാനിലെ ലാഹോറിലേയ്ക്ക് വിമാനം പറന്നു. ഇന്ത്യാ ഗവണ്മെൻ്റ് ഹൈജാക്കർമാരുടെ ആവശ്യങ്ങൾ തള്ളിയതിനെ തുടർന്ന് പാകിസ്ഥാൻ ഭരണകൂടത്തിന് മുമ്പാകെ ജൂലായ് 6ന് അവർ കീഴടങ്ങി. അങ്ങനെ എട്ടാം വിമാന റാഞ്ചൽ നാടകവും അവസാനിച്ചു.

തൊട്ടടുത്ത മാസം തന്നെ 9ആം വിമാന റാഞ്ചലും ഇന്ത്യ നേരിട്ടു. അതും പാകിസ്ഥാൻ പിന്തുണയോടെ സിഖുകാർ നടത്തിയ ഹൈജാക്കിങ് ആയിരുന്നു. അക്ഷയ് കുമാർ നായകനായ ബെൽബോട്ടം എന്ന ബോളിവുഡ് സിനിമയുടെ തിരക്കഥ 1984 ഓഗസ്റ്റ് 24ന് നടന്ന ഈ സംഭവത്തെ ആധാരപ്പെടുത്തിയായിരുന്നു. 100 യാത്രക്കാരുമായി ഡൽഹിയിൽ നിന്ന് ശ്രീനഗറിലേയ്ക്ക് പറന്ന ഇന്ത്യൻ എയർലൈൻസ് ജെറ്റ്‌ IC – 421 വിമാനത്തെ 7 സിഖ് ഭീകരർ ചേർന്ന് ഹൈജാക്ക് ചെയ്തു. വിമാനം ലാഹോറിലേക്കും കറാച്ചിയിലേക്കും ഒടുവിൽ ദുബായിലേക്കും കൊണ്ടുപോയി. അവിടെ യു.എ.ഇ പ്രതിരോധ മന്ത്രി യാത്രക്കാരുടെ മോചനത്തിനായി ചർച്ച നടത്തി. നമ്മുടെ രഹസ്യ പോലീസായ റോയുടെ മികവാർന്ന പ്രകടനം മൂലം ഹൈജാക്കർമാരെ പിടികൂടി. പാകിസ്ഥാൻ്റെ നാടകത്തിന് തിരശീലയിട്ടു.

അനുബന്ധമായി മറ്റൊരു കാര്യം കൂടെ പറയാം ന്യൂയോർക്ക് – മുംബൈ സർവീസ് നടത്തുന്ന പാൻ അമേരിയ്ക്കൻ വേൾഡ് എയർവേയ്‌സിൻ്റെ പാൻ ആം ഫ്ലൈറ്റ് 73 ബോയിംഗ് 747-121 വിമാനം 1986 സെപ്തംബർ 5ന് ബോംബെയിൽ നിന്നും പുറപ്പെട്ട് കറാച്ചിയിൽ ഇറങ്ങിയപ്പോൾ പലസ്തീൻ ഭീകരർ ഹൈജാക്ക് ചെയ്ത ഒരു സംഭവമുണ്ടായിട്ടുണ്ട്. ഈ സംഭവത്തിനുള്ള ഏക ബന്ധം ഇത് ഇന്ത്യയിൽ നിന്നും പുറപ്പെട്ടു എന്നത് മാത്രമാണ്. സോനം കപൂറും ശബാന ആസ്മിയും മുഖ്യ വേഷങ്ങളിൽ അഭിനയിച്ച ‘നീർജ’ എന്ന ബോളിവുഡ് സിനിമ ഈ സംഭവത്തെ ആസ്പദകമാക്കി എടുത്ത ചിത്രമാണ്. ഇതിനു ശേഷം ഇന്ത്യയിൽ നടന്ന വിമാന ഹൈജാക്കിങ്ങുകളാണ് കഴിഞ്ഞ തവണ നമ്മൾ കണ്ടത്. ഇതിനു ശേഷം നടന്ന ഹൈജാക്കിങ് 1999ലാണ്. അതാണ് ഇതുവരെയുള്ള അവസാന ഹൈജാക്കിങ്. അത് സമയമാകുമ്പോൾ പറയാം.

തുടരും….

Related Articles

Latest Articles