Wednesday, May 15, 2024
spot_img

സ്വര്‍ണക്കടത്ത് കേസില്‍ വന്‍ വഴിത്തിരിവ്: സ്വര്‍ണം കൊണ്ടുവന്നത് തിരുവനന്തപുരത്തെ സ്വകാര്യ സ്ഥാപനത്തിലേക്കെന്ന് റിപ്പോർട്ട്

തിരുവനന്തപുരം: തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിലൂടെ എട്ടരക്കോടി വിലയുള്ള സ്വര്‍ണം കടത്തിയ സംഭവത്തില്‍ വന്‍വഴിത്തിരിവ്. ദുബായില്‍ നിന്നും അനധികൃതമായി കൊണ്ടുവന്ന സ്വര്‍ണം തിരുവനന്തപുരത്തെ സ്വകാര്യ ജൂവലറിക്ക് വേണ്ടിയാണെന്നാണ് പുറത്തുവരുന്ന വിവരം. തിരുവനന്തപുരം ആറ്റുകാല്‍ ഷോപ്പിംഗ് കോപ്ലക്സില്‍ പ്രവര്‍ത്തിക്കുന്ന സ്വകാര്യ ജുവലറിയിലെ മാനേജരായ മലപ്പുറം സ്വദേശി ഹക്കീമാണ് സംഘത്തില്‍ നിന്നും സ്വര്‍ണം വാങ്ങിയതെന്നാണ് റിപ്പോർട്ട്.

ഇയാളുടെ തിരുവനന്തപുരത്തെയും മലപ്പുറത്തെയും വീടുകളില്‍ ഡി.ആര്‍.ഐ ഉദ്യോഗസ്ഥര്‍ പരിശോധന നടത്തുന്നുണ്ട്. സ്വര്‍ണക്കടത്ത് കേസിലെ പ്രതിയായ അഭിഭാഷകന്‍ ബിജു മോഹന്‍ ഹക്കീമിന്റെ ഇടനിലക്കാരനാണെന്നും അന്വേഷണ സംഘം കണ്ടെത്തിയിട്ടുണ്ട്. സ്വര്‍ണക്കടത്ത് കേസില്‍ കസ്‌റ്റംസ് ഉദ്യോഗസ്ഥര്‍ക്ക് പങ്കുണ്ടോയെന്നും അന്വേഷിക്കുന്നുണ്ട്.

തലസ്ഥാനത്തെ പ്രമുഖ അഭിഭാഷകനായ ബിജു അടിക്കടി വിദേശയാത്ര നടത്തിയിരുന്നതായി ഡി.ആര്‍.ഐ കണ്ടെത്തിയിട്ടുണ്ട്. ഇയാളെ ജുവലറിക്കാര്‍ ഒളിപ്പിച്ചിരിക്കുകയാണെന്നാണ് ഡി.ആര്‍.ഐയ്ക്കുള്ള വിവരം. ഇയാളുടെ കൂട്ടാളിയായ അഭിഭാഷകന്‍ ജിത്തുവിനായും നിയമബിരുദധാരി വിഷ്ണുവിനായും തെരച്ചില്‍ നടത്തുന്നുണ്ട്. ജിത്തു ദുബായ് കേന്ദ്രമായി പ്രവര്‍ത്തിക്കുകയായിരുന്നു.തിങ്കളാഴ്ച രാവിലെയെത്തിയ ഒമാന്‍ എയര്‍വേയ്സില്‍ സ്വര്‍ണം കടത്തിയ തിരുമല വിശ്വപ്രകാശം സ്‌കൂളിനു സമീപം താമസിക്കുന്ന കെ.എസ്.ആര്‍.ടി.സി കണ്ടക്ടര്‍ സുനില്‍കുമാര്‍ (45), സുഹൃത്തും കഴക്കൂട്ടം വെട്ടുറോഡ് സ്വദേശിനിയുമായ സെറീന ഷാജി (42) എന്നിവരെ ചോദ്യംചെയ്തപ്പോഴാണ് ബിജുവിന്റെ പങ്ക് വെളിവായത്‌.

ഭാര്യ വിനീതയെ നിര്‍ബന്ധിച്ച്‌ ബിജു സ്വര്‍ണക്കടത്തിനുള്ള കാരിയറാക്കുകയായിരുന്നു. നാലു തവണ താന്‍ അഞ്ചുകിലോ വീതം സ്വര്‍ണം കടത്തിയെന്ന് ചോദ്യം ചെയ്യലില്‍ വിനീത സമ്മതിച്ചിട്ടുണ്ട്. ഇവിടെ നിന്ന് ഇന്ത്യന്‍ കറന്‍സിയും വിദേശ കറന്‍സിയും കൊണ്ടുപോകും. ഹാന്‍ഡ് ബാഗില്‍ സ്വര്‍ണവുമായി മടങ്ങും ഇതാണ് മൊഴി. ബിജുവിനെ കണ്ടെത്താന്‍ തലസ്ഥാനത്തെ വിവിധയിടങ്ങളിലും ബന്ധുവീടുകളിലും അന്വേഷണ സംഘം പരിശോധന നടത്തിയെങ്കിലും ഇയാളെ കണ്ടെത്താന്‍ ആയിട്ടില്ല. അതിനിടെ ഇയാള്‍ മുന്‍കൂര്‍ ജാമ്യത്തിനായി കോടതിയെ സമീപിച്ചിട്ടുണ്ട്.

Related Articles

Latest Articles