ചെന്നൈ: തെന്നിന്ത്യൻ സൂപ്പർ താരം ധനുഷും ഭാര്യ ഐശ്വര്യ രജനീകാന്തും വിവാഹബന്ധം പിരിയുന്നു എന്ന വാർത്ത വളരെ വേദനയോടെയാണ് ആരാധകർ കേട്ടത്. കഴിഞ്ഞ ജനുവരിയിലാണ് നടൻ ധനുഷും ഐശ്വര്യയും തമ്മിൽ വിവാഹബന്ധം വേർപെടുത്തുവെന്ന് അറിയിച്ചത്. സമൂഹമാധ്യമത്തിലൂടെ പുറത്തിറക്കിയ പ്രസ്താവനയിലൂടെയാണ് ഇരുവരും ഇക്കാര്യം വ്യക്തമാക്കിയത്. 18 വർഷത്തെ ദാമ്പത്യം അവസാനിപ്പിക്കാൻ തങ്ങൾ തീരുമാനിച്ചതായി ഇരുവരും പറഞ്ഞിരുന്നു. സൂപ്പർസ്റ്റാർ രജനീകാന്തിന്റെ മൂത്ത മകളും സംവിധായികയുമാണ് ഐശ്വര്യ.
ഇതിനു പിന്നാലെ സമൂഹമാധ്യമങ്ങളിലെ അക്കൗണ്ടുകളിലെ സ്വന്തം പേരിൽ നിന്നും ധനുഷ് എടുത്തു മാറ്റിയിരിക്കുകയാണ് ഐശ്വര്യ രജനീകാന്ത്. വേർപിരിഞ്ഞ് താമസിക്കുകയായിരുന്നെങ്കിലും ഐശ്വര്യയുടെ പേരിനൊപ്പം ധനുഷ് എന്ന് കൂടി ചേർത്തിരുന്നു. നേരത്തെ ഐശ്വര്യ രജനീകാന്ത് ധനുഷ് എന്നായിരുന്നു പേര്. 18 വർഷത്തെ വിവാഹ ജീവിതത്തിന് ശേഷമാണ് ഇരുവരും വേർപിരിയാൻ തീരുമാനിച്ചത്. ട്വിറ്ററിലും ഇൻസ്റ്റഗ്രാമിലും പേര് മാറ്റിയിട്ടുണ്ട്.
2004 നവംബർ 18നായിരുന്നു ഐശ്വര്യയും ധനുഷും തമ്മിലുള്ള വിവാഹം. യത്ര, ലിംഗ എന്നീ രണ്ട് ആൺമക്കളുണ്ട്. വളർച്ചയുടെയും മനസിലാക്കലിന്റേയും യാത്രയായിരുന്നു ഇതെന്നും ഇപ്പോൾ തങ്ങൾ ഇരുവരുടേയും വഴികൾ പിരിയുന്ന സമയമാണെന്നും ധനുഷിന്റെയും ഐശ്വര്യയുടേയും കുറിപ്പിൽ പറഞ്ഞിരുന്നു. ധനുഷ് ട്വിറ്ററിലും ഐശ്വര്യ ഇൻസ്റ്റഗ്രാമിലുമാണ് കുറിപ്പ് പോസ്റ്റ് ചെയ്തിരുന്നത്.
ധനുഷും ഐശ്വര്യയും ചേർന്ന് പുറത്തിറക്കിയ കുറിപ്പിന്റെ പൂർണ്ണരൂപം:
“സുഹൃത്തുക്കളായും ദമ്പതികളായും മാതാപിതാക്കളായും അഭ്യുദയകാംക്ഷികളായും 18 വർഷത്തെ ഒരുമിച്ചുള്ള ജീവിതം. വളർച്ചയുടേയും മനസിലാക്കലിന്റേയും ക്രമപ്പെടുത്തലിന്റേയും ഒത്തുപോകലിന്റേയും എല്ലാം യാത്രയായിരുന്നു ഇത്.. ഞങ്ങളുടെ വഴികൾ പിരിയുന്ന ഒരിടത്താണ് ഇന്ന് ഞങ്ങൾ നിൽക്കുന്നത്. പങ്കാളികൾ എന്ന നിലയിൽ വേർപിരിയുന്നതിനും വ്യക്തികൾ എന്ന നിലയിൽ ഞങ്ങളുടെ തന്നെ നന്മയ്‌ക്ക് സ്വയം മനസിലാക്കുന്നതിന് സമയം കണ്ടെത്താനും ഐശ്വര്യയും ഞാനും തീരുമാനിച്ചിരിക്കുന്നു. ഞങ്ങളുടെ തീരുമാനത്തെ ദയവായി ബഹുമാനിക്കൂ. ഇതിനെ കൈകാര്യം ചെയ്യാൻ അവശ്യം വേണ്ട സ്വകാര്യത ഞങ്ങൾക്ക് നൽകൂ” എന്നാണ് കുറിപ്പിൽ പറയുന്നത്.

