Saturday, May 18, 2024
spot_img

ഏകദിന ലോകകപ്പ്; ഒരുക്കങ്ങൾ തകൃതിയിൽ ! ടീം ചർച്ചയ്ക്കായി അജിത് അഗാർ‌ക്കർ വെസ്റ്റിൻഡീസിലേക്ക് പറക്കും

ദില്ലി : ഒക്ടോബർ 5ന് ഇന്ത്യ ആതിഥേയത്വം വഹിക്കുന്ന ഏകദിന ലോകകപ്പ് നടക്കാനിരിക്കെ ടൂർണമെന്റിങ്ങിനായുള്ള പദ്ധതികൾ ചർച്ച ചെയ്യാൻ ബിസിസിഐ സെലക്ഷൻ കമ്മിറ്റി ചെയർമാൻ അജിത് അഗാർക്കർ വെസ്റ്റിൻഡീസിലേക്ക് പറക്കും. നിലവിൽ വെസ്റ്റിൻഡീസ് പര്യടനത്തിലുള്ള ഇന്ത്യൻ ക്രിക്കറ്റ് ടീം പരിശീലകൻ രാഹുൽ ദ്രാവിഡ്, ടീം നായകൻ രോഹിത് ശർമ എന്നിവരുമായി അഗാർക്കർ കൂടിക്കാഴ്ച നടത്തും. ഇപ്പോൾ സെലക്‌ഷൻ കമ്മിറ്റിയംഗം സലിൽ അങ്കോള വെസ്റ്റിൻഡീസിൽ ഇന്ത്യൻ ടീമിനൊപ്പമുണ്ട്. ടെസ്റ്റ് പരമ്പര കഴിയുന്നതോടെ അങ്കോള മടങ്ങിയെത്തും.പര്യടനത്തിലെ ഏകദിന മത്സരങ്ങൾ തുടങ്ങും മുൻപ് അഗാർക്കർ ടീമിനൊപ്പം ചേരും.

സെലക്ഷൻ കമ്മിറ്റി ചെയർമാനായി തിരഞ്ഞെടുക്കപ്പെട്ട ശേഷം അജിത് അഗാർക്കർക്ക് ഇന്ത്യൻ ടീമുമായി നേരിട്ട് സംസാരിക്കാൻ സാധിച്ചിരുന്നില്ല. ലോകകപ്പ് ടീം സെലക്ഷൻ ഉൾപ്പെടെയുള്ള അതി പ്രാധാന്യമുള്ള കാര്യങ്ങളാണ് അഗാർക്കറും ദ്രാവിഡും രോഹിത്തും ചർച്ച ചെയ്യുക. ലോകകപ്പിനായി 20 കളിക്കാരുടെ ചുരുക്കപ്പട്ടിക തയ്യാറാക്കുകയാകും ആദ്യം ചെയ്യുക. ഇതിൽ നിന്നാകും അന്തിമ ടീമിനെ പ്രഖ്യാപിക്കുക.

നിലവിൽ ബെംഗളൂരുവിലെ ദേശീയ ക്രിക്കറ്റ് അക്കാദമിയിൽ (എൻസിഎ) പരിശീലനത്തിലും റിക്കവറി നടപടികളിലും വ്യാപൃതനായിരിക്കുന്ന സ്റ്റാർ പേസർ ജസ്പ്രീത് ബുമ്രയുടെ ഭാവിയെക്കുറിച്ചും ചർച്ചയുണ്ടാകും. എൻസിഎ സ്പോർട്സ് സയൻസ് ആൻഡ് മെഡിക്കൽ യൂണിറ്റ് ബുമ്രയ്ക്ക് ഇതുവരെ റിട്ടേൺ ടു പ്ലേ സർട്ടിഫിക്കറ്റ് നൽകിയിട്ടില്ല. ഇതു ലഭിച്ചെങ്കിൽ മാത്രമേ ബുമ്രയ്ക്ക് രാജ്യാന്തര ടീമിലേക്കു തിരിച്ചെത്താൻ കഴിയൂ.

Related Articles

Latest Articles