Saturday, May 4, 2024
spot_img

ഔദ്യോഗിക ബഹുമതി വേണ്ടെന്ന് ഉമ്മൻ ചാണ്ടി ആഗ്രഹിച്ചിരുന്നു; സംസ്കാരത്തിന് ഔദ്യോഗിക ബഹുമതികൾ ഉണ്ടാകില്ല

തിരുവനന്തപുരം : മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ സംസ്കാരത്തിന് ഔദ്യോഗിക ബഹുമതികൾ ഉണ്ടാകില്ല. മതപരമായ ചടങ്ങുകൾ മാത്രം മതിയെന്നും ഔദ്യോഗിക ബഹുമതികൾ ഒഴിവാക്കണമെന്നും അദ്ദേഹത്തിന്റെ ഭാര്യ പൊതുഭരണവകുപ്പിനെ രേഖാമൂലം അറിയിച്ചിരുന്നു. എന്നാൽ ഉമ്മന്‍ ചാണ്ടിക്ക് പൂര്‍ണ ഔദ്യോഗിക ബഹുമതി നല്‍കണമെന്നാണ് മുഖ്യമന്ത്രി പിണറായി വിജയൻ മന്ത്രിസഭായോഗത്തില്‍ അഭിപ്രായപ്പെട്ടത്. വിഷയത്തിൽ കുടുംബത്തിന്റെ അഭിപ്രായം തേടാന്‍ ചീഫ് സെക്രട്ടറിയെ ചുമതലപ്പെടുത്തിയിരുന്നു. ഔദ്യോഗിക ബഹുമതികൾ ഒഴിവാക്കണമെന്ന അഭിപ്രായത്തിൽ കുടുംബം ഉറച്ചു നിന്നതിനെത്തുടർന്നാണ് സംസ്കാരത്തിന് ഔദ്യോഗിക ബഹുമതികൾ ഒഴിവാക്കിയത്. തന്റെ സംസ്കാരത്തിന് ഔദ്യോഗിക ബഹുമതി വേണ്ടെന്ന് ഉമ്മൻ ചാണ്ടി ആഗ്രഹിച്ചിരുന്നുവെന്നാണ് വിവരം.

പുതുപ്പള്ളി സെന്റ് ജോർജ് ഓർത്തഡോക്സ് വലിയപള്ളിയിലെ പ്രത്യേക കല്ലറയിൽ നാളെ 3.30നാണ് സംസ്കാര ചടങ്ങുകൾ നടക്കുക. കരോട്ട് വള്ളകാലിലെ കുടുംബകല്ലറ ഒഴിവാക്കിയാണ് പള്ളി മാനേജിംഗ് കമ്മിറ്റിയുടെ തീരുമാനപ്രകാരമാണ് പുതുപ്പള്ളി പള്ളിയിൽ വൈദികരുടെ കബറിടത്തോട് ചേർന്ന് അദ്ദേഹത്തിനായി പ്രത്യേക കല്ലറ ഒരുക്കുന്നത്. പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവാ മുഖ്യകാർമികത്വം വഹിക്കും. നാളെ ഉച്ചയ്ക്ക് 12നു പുതുപ്പള്ളിയിലെ വസതിയിൽ ശുശ്രൂഷ. ഒന്നിനു പുതുപ്പള്ളി സെന്റ് ജോർജ് ഓർത്തഡോക്സ് വലിയ പള്ളിയിലേക്കു വിലാപയാത്ര. 2 മുതൽ 3.30 വരെ പള്ളിയുടെ വടക്കേ പന്തലിൽ പൊതുദർശനം. 3.30നു സമാപനശുശ്രൂഷ പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവായുടെ നേതൃത്വത്തിൽ നടത്തും. 5ന് അനുശോചന സമ്മേളനം നടക്കും. അതെ സമയം അദ്ദേഹത്തിന്റെ ഭൗതിക ദേഹം വഹിച്ചുകൊണ്ടുള്ള വിലാപയാത്ര തിരുവനന്തപുരം വാമനപുരത്ത് എത്തിയിരിക്കുകയാണ്. ഇടയ്ക്കിടെ പെയ്യുന്ന മഴയെ പോലും അവഗണിച്ച് വമ്പൻ ജനക്കൂട്ടമാണ് അദ്ദേഹത്തെ ഒരു നോക്കുകാണുവാൻ പാതയോരത്ത് കാത്തു നിൽക്കുന്നത്.

Related Articles

Latest Articles