Monday, May 6, 2024
spot_img

അജിത് പവാർ വീണത് മോദി പ്രഭാവത്തിൽ !എല്ലാം തെരഞ്ഞെടുപ്പുകളിലും എന്‍സിപിയുടെ പേരും ചിഹ്നവും ഉപയോഗിച്ച് തന്നെ മത്സരിക്കുമെന്ന് നിയുക്ത മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി

മുംബൈ : പാര്‍ട്ടിയില്‍ പിളര്‍പ്പില്ലെന്നും ഭാവിയിലെ എല്ലാം തെരഞ്ഞെടുപ്പുകളിലും എന്‍സിപിയുടെ പേരും ചിഹ്നവും ഉപയോഗിച്ച് തന്നെ മത്സരിക്കുമെന്നും മഹാരാഷ്ട്രയില്‍ അപ്രതീക്ഷിത രാഷ്ട്രീയ നീക്കത്തിലൂടെ എന്‍സിപിയെ പിളര്‍ത്തിഎന്‍ഡിഎ മുന്നണിയിലെത്തിയ നിയുക്ത മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി അജിത് പവാര്‍. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള കേന്ദ്രസര്‍ക്കാര്‍ കഴിഞ്ഞ ഒമ്പത് വര്‍ഷമായി രാജ്യത്തെ മുന്നോട്ടുകൊണ്ടുപോകാന്‍ ശ്രമിക്കുകയാണെന്ന് വിശ്വസിക്കുന്നതിനാലാണ് താനും മറ്റു എന്‍സിപി എംഎല്‍എമാരും ബിജെപി-ശിവസേന സര്‍ക്കാരിനൊപ്പം ചേര്‍ന്നതെന്നും അജിത് പവാര്‍ പറഞ്ഞു. സത്യപ്രതിജ്ഞാ ചടങ്ങിനുശേഷം മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഇതിനായുള്ള ചര്‍ച്ചകള്‍ ഏറെ നാളായി നടന്നുവരുകയായിരുന്നുവെന്നും അജിത് പവാര്‍ വെളിപ്പെടുത്തി. അടുത്തിടെ നാഗാലന്‍ഡില്‍ എന്‍സിപിയുടെ ഏഴ് എംഎല്‍എമാര്‍ ബിജെപിയുമായി ചേര്‍ന്ന് സര്‍ക്കാര്‍ രൂപീകരിച്ച കാര്യവും തന്റെ കൂറുമാറ്റത്തെ ന്യായീകരിച്ചുകൊണ്ട് അജിത് പവാര്‍ ചൂണ്ടിക്കാണിച്ചു.

‘മൂന്നര വര്‍ഷം മുമ്പ് ഞങ്ങള്‍ ഉദ്ധവ് താക്കറെയുടെ കീഴില്‍ മഹാ വികാസ് അഘാഡി സര്‍ക്കാര്‍ രൂപവത്കരിച്ചു. അന്ന് ശിവസേനയ്‌ക്കൊപ്പം ഞങ്ങള്‍ക്ക് പോകാന്‍ കഴിയുമെങ്കില്‍ ഇന്ന് ബിജെപിക്കൊപ്പം പോകാനാകില്ലേ? നാഗാലന്‍ഡില്‍ ഇത് ചെയ്യാന്‍ കഴിയുമെങ്കില്‍, ജനങ്ങളുടെ വികസനത്തിനായി മഹാരാഷ്ട്രയിലും ഇത് ചെയ്യാന്‍ സാധിക്കില്ലേ?’, അജിത് പവാര്‍ ചോദിച്ചു.

നിലവില്‍ അജിത് പവാറിനൊപ്പം എട്ട് എന്‍സിപി എംഎല്‍എമാരാണ് മന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്തിട്ടുള്ളത്. ഇവരുടെ വകുപ്പുകൾ സംബന്ധിച്ച് വരും ദിവസങ്ങളിൽ തീരുമാനമുണ്ടാകുമെന്നാണ് കരുതുന്നത്. കൂടുതല്‍ എന്‍സിപി നേതാക്കള്‍ മന്ത്രിസഭയിലേക്കെത്തുമെന്നും അജിത് പവാര്‍ ഇന്ന് വ്യക്തമാക്കുകയും ചെയ്തു.

മഹാരാഷ്ട്രയില്‍ അപ്രതീക്ഷിത രാഷ്ട്രീയ നീക്കത്തിലൂടെ എന്‍സിപിയെ പിളര്‍ത്തി എന്‍ഡിഎ മുന്നണിയിലെത്തിച്ചതോടെ നട്ടെല്ലൊടിഞ്ഞത് മഹാ വികസ് അഖാഡിയ സഖ്യത്തിന്റേതാണ് . പോയ പോക്കിൽ എൻസിപി ദേശീയ അദ്ധ്യക്ഷൻ ശരദ് പവാറിന്റെ വലിയ വിശ്വസ്തനും പാര്‍ട്ടി ദേശീയ വര്‍ക്കിംഗ് പ്രസിഡന്റുമായ പ്രഫുല്‍ പട്ടേലിനെയും അജിത്ത് പവാർ മറുചേരിയില്‍ എത്തിച്ചു. ഇതോടെ മഹാരാഷ്ട്ര രാഷ്ട്രീയത്തിൽ അതികായനെന്ന് വിശേഷിക്കപ്പെട്ടിരുന്ന ശരദ് പവാറിന്റെ നില പരുങ്ങലിലായി.

Related Articles

Latest Articles