Wednesday, May 1, 2024
spot_img

മനുഷ്യരെ മാത്രമല്ല പ്രകൃതിയേയും സർവ്വചരാചരങ്ങളെയും കൂടപ്പിറപ്പാക്കി മാറ്റിയ കവി ; ഇരുപതാം നൂറ്റാണ്ടിന്റെ ഇതിഹാസം അക്കിത്തം അച്യുതൻ നമ്പൂതിരിയുടെ ചരമവാർഷികം ഇന്ന്

മലയാളത്തിന്റെ മഹാ കവിയായിരുന്നു അക്കിത്തം അച്യുതൻ നമ്പൂതിരി. 1926 മാർച്ച് 18-നു പാലക്കാട് ജില്ലയിലെ കുമരനല്ലൂരിലാണ് അച്യുതൻ നമ്പൂതിരി ജനിച്ചത്. അമേറ്റൂർ അക്കിത്തത്ത് മനയിൽ വാസുദേവൻ നമ്പൂതിരിയും ചേകൂർ മനയ്ക്കൽ പാർവ്വതി അന്തർജ്ജനവുമാണ് അദ്ദേഹത്തിൻറെ മാതാപിതാക്കൾ.

സാമൂഹികനവോത്ഥാന പ്രവര്‍ത്തനങ്ങളില്‍ വി.ടി. ഭട്ടതിരിപ്പാടായിരുന്നു അക്കിത്തത്തിന്റെ ഗുരുനാഥന്‍. ആഢ്യത്വവും ജന്മിത്തവും സംബന്ധവ്യവസ്ഥയുംതൊട്ട് കടവല്ലൂര്‍ അന്യോന്യംവരെ കടപുഴക്കിയെറിഞ്ഞ് തുലാക്കാറ്റുപോലെ കടന്നുപോയ ആ പരിവര്‍ത്തനത്തിന്റെ കൊടുങ്കാറ്റുവിതച്ചവരുടെ കൂടെ അക്കിത്തം എന്ന ഉണ്ണിനമ്പൂതിരിയുമുണ്ടായിരുന്നു. ‘അഗ്‌നിഹോത്ര’ത്തില്‍നിന്ന് അനാഥജനസഞ്ചയത്തിന്റെ യോഗക്ഷേമത്തിലേക്കായിരുന്നു ആ യാത്ര.

വി.ടി.യോടൊപ്പം യോഗക്ഷേമസഭയിലെ പുരോഗമനപക്ഷത്ത് പ്രവര്‍ത്തിച്ച കാലത്താണ് ഐ.സി.പി. നമ്പൂതിരിയുടെയും ഇ.എം.എസിന്റെയുമൊക്കെ സ്വാധീനത്തില്‍ കമ്യൂണിസ്റ്റുപക്ഷത്തേക്കുവന്നത്. തൃത്താല ഫര്‍ക്കയില്‍, കേരള സംസ്ഥാന രൂപവത്കരണത്തിനുമുമ്പുള്ള തിരഞ്ഞെടുപ്പില്‍ കെ.ബി. മേനോനെതിരേ മത്സരിക്കാന്‍ കമ്യൂണിസ്റ്റ് പാര്‍ട്ടി അന്ന് തിരഞ്ഞെടുത്തത് അക്കിത്തത്തെയായിരുന്നു. പക്ഷേ, അച്ഛന്‍ അന്ന് അക്കിത്തത്തോടുപറഞ്ഞു: ”നീ രാഷ്ട്രീയത്തില്‍ പരാജയമാവും. കവിതയില്‍ പക്ഷേ, വിജയിക്കും.” അക്കിത്തം, അച്ഛന്‍ ചൂണ്ടിക്കാട്ടിയ വഴി സ്വീകരിച്ചു.അക്കിത്തത്തിലെ കവിയെ പിന്നീട് ആഴത്തില്‍ കണ്ടെത്തിയത് മഹാകവി ഇടശ്ശേരിയാണ്. അക്കിത്തത്തിന്റെ ഒരു കവിത വായിച്ച് ഇടശ്ശേരി പറഞ്ഞത്രെ: ”ഇയാള്‍ക്ക് ചിരിക്കാനറിയാം, ചിരിക്കാനറിയുന്നവര്‍ക്ക് കരയാനും കഴിയും.”
കവിതയില്‍നിന്ന് കണ്ണുനീര്‍ത്തുള്ളി കുഴിച്ചെടുക്കാനാണ് ഇടശ്ശേരി അക്കിത്തത്തെ ഉപദേശിച്ചത്. അന്നുമുതല്‍ ‘രുദിതാനുസാരി’ (കരച്ചിലിനെ അനുസരിക്കുന്നവന്‍) യായിത്തീര്‍ന്നു ഈ വലിയ കവി.

കവിത കണ്ണുനീരിന്റെ ലവണദര്‍ശനവും ജലകാമനയുടെ വേദാന്തവുമായി.’ഒരു കണ്ണീര്‍ക്കണം മറ്റുള്ള-/വര്‍ക്കായ് ഞാന്‍ പൊഴിക്കവേ, ഉദിക്കയാണെന്നാത്മാവി-ലായിരം സൗരമണ്ഡലം’ മറ്റുള്ളവരുടെ വേദനയിലും കണ്ണുനീരിലും ഹൃദയം ചേര്‍ത്തുനില്‍ക്കുന്ന ഈ ‘പരക്ലേശവിവേകം’ അക്കിത്തത്തെ സമാനതകളില്ലാത്ത സമഷ്ടിസ്‌നേഹത്തിന്റെ വിശ്വഗായകനാക്കി.കണ്ണുനീര്‍ക്കടലുകളെയെല്ലാം അതിജീവിക്കുന്ന പ്രത്യാശ കൊളുത്തിപ്പിടിച്ചു മുന്നേറാന്‍ ഈ കവിയെ പ്രാപ്തനാക്കിയത് ‘സ്‌നേഹ’ത്തിലുള്ള അചഞ്ചല വിശ്വാസമാണ്.അക്കിത്തം എന്നും അനാഥരുടെയും അശരണയുടെയും പക്ഷത്തായിരുന്നു. എല്ലാ രാഷ്ട്രീയസമരങ്ങളിലും പരാജിതരാവുകയും എല്ലാ യുദ്ധങ്ങളിലും തോറ്റുപോവുകയും ചെയ്തവരുടെ പക്ഷത്തുനിന്നാണ് അക്കിത്തം ‘ഇതിഹാസ’മെഴുതിയത്. തനിക്കൊന്നും ആവശ്യമില്ലെന്ന ‘വിരക്തരതി’ ഈ കവിയെ എന്നും ഭരിച്ചിട്ടുണ്ട്.

ഓരോ തവണ ആഹുതിചെയ്യുമ്പോഴും ‘അഗ്‌നയേ ഇദം ന മമഃ’ എന്ന് പ്രാര്‍ഥിച്ച വേദാന്തധര്‍മ സംസ്‌കൃതിയുടെ യജ്ഞബോധമാണ് നിഷ്‌കര്‍മയോഗമായി കവിതയെ സ്വീകരിക്കാന്‍ അക്കിത്തത്തിനു പ്രേരണയായത്. മനുഷ്യര്‍ മാത്രമല്ല പ്രകൃതിയും ചരാചരപ്രാണങ്ങളും മുഴുവനും അക്കിത്തത്തിന് സഹോദരരാണ്.2020 ഒക്ടോബർ 15ന് തൃശ്ശൂരിലെ വെസ്റ്റ് ഫോർട്ട് ആശുപത്രിയിൽ വച്ച് അദ്ദേഹം അന്തരിച്ചു. തന്റെ 94 വയസ്സ് വരെ കവിതയ്ക്കായി ജീവിതം ഉഴിഞ്ഞ് വച്ചു. പോരാളിയും സന്ന്യാസിയും ഒരാളില്‍ ഒന്നിച്ചതിന്റെ ഋഷിദര്‍ശനമാണ് അക്കിത്തം കവിത.

Related Articles

Latest Articles