ദില്ലി : രാജ്യത്ത് ഗോതമ്പ് മാവ് കയറ്റുമതി ചെയ്യുന്നതിന് പ്രത്യേക സാമ്പത്തിക മേഖലകളിൽ സ്ഥാപിച്ചിട്ടുള്ള കയറ്റുമതി അധിഷ്‌ഠിത യൂണിറ്റുകൾക്കും സ്ഥാപനങ്ങൾക്കും അനുമതി നൽകി ഇന്ത്യ. മൂല്യവർധിത ഉൽപ്പന്നങ്ങളുടെ കയറ്റുമതി അനുവദിക്കാനുള്ള ഭക്ഷ്യ സംസ്‌കരണക്കാരുടെ ആവശ്യങ്ങൾ അംഗീകരിച്ചാണ് സർക്കാരിന്റെ ഈ ഉത്തരവ്.
ഇതിന് വേണ്ടി രാജ്യത്തേക്ക് നികുതി രഹിതമായി ഗോതമ്പ് ഇറക്കുമതി ചെയ്യാൻ ഭക്ഷ്യ സംസ്‌കരണ കമ്പനികളെ അനുവദിക്കുമെന്നും ഉത്തരവിൽ പറയുന്നു. ഈ വർഷം മാർച്ച് പകുതിയോടെ താപനിലയിലുണ്ടായ പെട്ടെന്നുള്ള വർധന ഗോതമ്പ് കൃഷിയെ ബാധിച്ചതോടെ ലോകത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ ധാന്യ ഉൽപ്പാദകരായ ഇന്ത്യ ഗോതമ്പ് കയറ്റുമതി നിരോധിച്ചിരുന്നു.

