Friday, April 19, 2024
spot_img

ആലപ്പാട് സമരം നൂറാം ദിവസത്തിലേക്ക്; നാളെ ആലപ്പാട്ടെ മുഴുവന്‍ വാര്‍ഡുകളിലും ഉപവാസ സമരം; സര്‍ക്കാര്‍ നിയോഗിച്ച പഠനസമിതി വിവരശേഖരണം തുടങ്ങിയതായി സൂചന

ആലപ്പുഴ: ആലപ്പാട്ടെ കരിമണല്‍ ഖനനം പൂര്‍ണമായും നിര്‍ത്തണമെന്ന് ആവശ്യപ്പെട്ട് സമരസമിതി നടത്തുന്ന റിലേ സത്യാഗ്രഹ സമരം ഇന്ന് നൂറാം ദിവസത്തിലേക്ക്. നിരാഹാര സമരത്തോട് അനുബന്ധിച്ച് പരിസ്ഥിതി പ്രവര്‍ത്തകര്‍ പങ്കെടുക്കുന്ന പ്രതിഷേധ യോഗവും ഇന്ന് സംഘടിപ്പിച്ചിട്ടുണ്ട്. നാളെ ആലപ്പാട് ഗ്രാമ പഞ്ചായത്തിലെ മുഴുവന്‍ വാര്‍ഡുകളിലും ഉപവാസ സമരം നടത്താനും സമരസമിതി തീരുമാനമായി.

അതേസമയം, ഇത് സംബന്ധിച്ച്‌ സര്‍ക്കാര്‍ നിയോഗിച്ച പഠനസമിതി വിവരശേഖരണം തുടങ്ങിയതായാണ് റിപ്പോര്‍ട്ട്. കാലാവസ്ഥ വ്യതിയാനം ഉള്‍പ്പടെയുള്ളവ വിശദമായി പഠിച്ച്‌ സമിതി റിപ്പോര്‍ട്ട് നല്‍കും. സെസ്സിലെ ശസ്ത്രജ്ഞനായ ടിഎന്‍പ്രകാശിന്‍റെ നേതൃത്വത്തിലുള്ള സംഘമാണ് വിവരശേഖരണം തുടങ്ങിയത്.

വര്‍ഷകാലത്തും വേനല്‍കാലത്തും ഖനനമേഖലയില്‍ ഉണ്ടാകുന്ന മാറ്റങ്ങള്‍, കാലാവസ്ഥാ വ്യതിയാനം, ജലസ്രോതസുകളിലെ മാറ്റം എന്നിവയെല്ലാം ഉള്‍പ്പെടുത്തിയുള്ള വിശദമായപഠന റിപ്പോര്‍ട്ട് നല്‍കാനാണ് സര്‍ക്കാര്‍ നിയോഗിച്ച സമിതിയുടെ തീരുമാനം. കഴിഞ്ഞ പത്ത് വര്‍ഷത്തിനിടയില്‍ ഖനനം മേഖലയില്‍ സൃഷ്ടിച്ച മാറ്റങ്ങളും പഠനസമിതി പരിശോധിക്കും. ഇതിന് മുന്‍പ് വിവിധ സമിതികളുടെ പഠന റിപ്പോര്‍ട്ടുകള്‍ കൂടി പരിഗണിച്ച്‌ ആയിരിക്കും അന്തിമ റിപ്പോര്‍ട്ട് നല്‍കുക. പഠനസംഘത്തില്‍ സമരസമിതിയില്‍ ഉള്ള ഒരംഗത്തെ കൂടി ഉള്‍പ്പെടുത്തണമെന്ന ആവശ്യവും ഉയര്‍ന്നിട്ടുണ്ട്. വിശദമായ പഠന റിപ്പോര്‍ട്ട് വൈകരുതെന്നും സമരസമിതി ആവശ്യപ്പെടുന്നുണ്ട്

Related Articles

Latest Articles