പത്തനംതിട്ട: യുവതീ പ്രവേശത്തിന് അനുകൂലമായി ദേവസ്വം ബോര്‍ഡും സര്‍ക്കാരും സുപ്രീംകോടതിയില്‍ നിലപാടെടുത്തതിനെതിരെ ശബരിമല കര്‍മസമിതി ഇന്ന് പ്രതിഷേധ ദിനം ആചരിക്കും. കേരളത്തിലെ വിവിധ കേന്ദ്രങ്ങളില്‍ പ്രതിഷേധ പ്രകടനം നടത്തുമെന്ന് കര്‍മസമിതി അറിയിച്ചു. പ്രതിഷേധ ദിനത്തിന് ബിജെപിയുടെ പിന്തുണയുണ്ട്. സര്‍ക്കാര്‍ നിലപാടിനെതിരെ യുഡിഎഫും നേരത്തെ തന്നെ പരസ്യ പ്രതിഷേധം അറിയിച്ചിരുന്നു.

ശബരിമല വിഷയത്തില്‍ പുനഃപരിശോധനാ-റിട്ട് ഹര്‍ജികള്‍ ബുധനാഴ്ച സുപ്രീംകോടതി പരിഗണിക്കവെ സര്‍ക്കാരിനോടും ദേവസ്വം ബോര്‍ഡിനോടും കോടതി നിലപാട് ആരാഞ്ഞിരുന്നു. എന്നാല്‍ യുവതീ പ്രവേശനത്തെ അനുകൂലിക്കുന്നുവെന്നും എല്ലാവര്‍ക്കും തുല്യത എന്ന ആശയത്തിലാണ് തങ്ങള്‍ വിശ്വസിക്കുന്നതെന്നും ഇരുവിഭാഗങ്ങളും കോടതിയെ അറിയിച്ചിരുന്നു. നേരത്തെ ഇതല്ലായിരുന്നല്ലോ നിലപാടെന്ന് ജസ്റ്റിസ് ഇന്ദു മല്‍ഹോത്ര ദേവസ്വം ബോര്‍ഡിനെ വിമര്‍ശിച്ചെങ്കിലും സുപ്രീംകോടതിയുടെ നിലപാടിനെ തങ്ങള്‍ മാനിക്കുന്നുവെന്നായിരുന്നു ദേവസ്വം ബോര്‍ഡിന്‍റെ മറുപടി. തുല്യാവകാശം സുപ്രധാനമാണെന്ന് ബോര്‍ഡ് കോടതിയെ അറിയിച്ചിരുന്നു. തുല്യത ഇല്ലാത്ത ആചാരങ്ങള്‍ ഭരണ ഘടന വിരുദ്ധമാണ്. ശബരിമല വിധി കൊണ്ടുവന്ന മാറ്റങ്ങള്‍ ഉള്‍ക്കൊണ്ടേ മതിയാകൂ. തുല്യത ഇല്ലാത്ത ആചാരങ്ങള്‍ ഭരണഘടനാ വിരുദ്ധം ആണെന്നും ബോര്‍ഡ് കോടതിയില്‍ നിലപാട് സ്വീകരിച്ചിരുന്നു. സുപ്രീംകോടതിയില്‍ ബോര്‍ഡിന്‍റേയും സംസ്ഥാനസര്‍ക്കാരിന്‍റേയും നിലപാട് മാറ്റത്തിനെതിരെയാണ് ഇന്ന് നടക്കുന്ന പ്രതിഷേധ ദിനം.