വരുന്ന തീർത്ഥാടന കാലത്ത് ശബരിമല ദർശനത്തിന് സ്പോട്ട് ബുക്കിംഗ് ഒഴിവാക്കിയ സർക്കാർ തീരുമാനത്തിനെതിരെ പ്രതിഷേധം ശക്തമാകുന്നു. എല്ലാ ഭക്തർക്കും ദർശനം സാധ്യമാകുന്ന ക്രമീകരണങ്ങൾ വേണമെന്ന് ആവശ്യപ്പെട്ട് അഖില കേരള തന്ത്രി മണ്ഡലം രംഗത്തെത്തി. മണ്ഡലം – മകരവിളക്ക് കാലത്ത് ദർശനവുമായി ബന്ധപ്പെട്ട് ഉയർന്നുവന്നിട്ടുള്ള പ്രശ്നം പരിഹരിക്കാനും ദർശനത്തിന് എത്തിച്ചേരുന്ന എല്ലാ ഭക്തർക്കും ദർശനം സാധ്യമാക്കുന്നതിനുള്ള നടപടികൾ സർക്കാരും തിരുവിതാംകൂർ ദേവസ്വം ബോർഡും സ്വീകരിക്കണമെന്ന് തന്ത്രി മണ്ഡലം സംസ്ഥാന നേതൃയോഗം ആവശ്യപ്പെട്ടു.
ശബരിമല ക്ഷേത്രം വീണ്ടും കലാപഭൂമിയാക്കാനുള്ള ശ്രമങ്ങൾ സർക്കാരിന്റെയോ , ദേവസ്വം ബോർഡിന്റെയോ, രാഷ്ട്രീയ പാർട്ടികളുടെയോ ഭാഗത്ത് നിന്നും ഉണ്ടാകരുതെന്നും യോഗം അഭ്യർത്ഥിച്ചു.
യോഗത്തിൽ പ്രസിഡന്റ് പ്രൊഫ. വി.ആർ.നമ്പൂതിരി, വൈസ് പ്രസിഡന്റ് വാഴയിൽമഠം എസ്. വിഷ്ണു നമ്പൂതിരി, ജനറൽ സെക്രട്ടറി ക്ടാക്കോട്ടില്ലം എസ്. രാധാകൃഷ്ണൻ പോറ്റി, ജോയിന്റ് സെക്രട്ടറി കുടൽമന . പി.വിഷ്ണു നമ്പൂതിരി, ട്രഷറർ പാൽക്കുളങ്ങര.എസ്. ഗണപതി പോറ്റി എന്നിവർ പങ്കെടുത്തു.
മുഖ്യമന്ത്രി അദ്ധ്യക്ഷത വഹിച്ച ശബരിമല അവലോകന യോഗത്തിലാണ് ഇത്തവണ സ്പോട്ട് ബുക്കിങ് വേണ്ടെന്ന തീരുമാനം കൈക്കൊണ്ടത്. അഡ്വാൻസ് ബുക്കിങ് മാത്രം ആയാൽ നിരവധി ഭക്തർക്ക് ദർശനം ലഭിക്കാനിടയില്ലെന്ന ആശങ്ക ഉയർന്നിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് തീരുമാനം പുനഃപരിശോധിക്കണം എന്നാവശ്യപ്പെട്ട് അഖില കേരള തന്ത്രി മണ്ഡലവും രംഗത്ത് വരുന്നത്

