ദില്ലി: പുല്‍വാമ ഭീകരാക്രമണത്തിനെതിരായ തുടര്‍ നടപടികള്‍ ആലോചിക്കാന്‍ ഇന്ന് ദില്ലിയില്‍ സര്‍വകക്ഷി യോഗം ചേരും. രാവിലെ പതിനൊന്ന് മണിക്ക് പാര്‍ലമെന്‍റ് മന്ദിരത്തിലെ ലൈബ്രറി ഹാളിലാണ് യോഗം. ആഭ്യന്തര മന്ത്രി രാജ്നാഥ് സിംഗ് അധ്യക്ഷനാകും. സര്‍ക്കാരും സൈന്യവും കൈക്കൊള്ളുന്ന നടപടികള്‍ക്ക് കോണ്‍ഗ്രസ് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. പുല്‍വാമ ഭീകരാക്രമണത്തെത്തുടര്‍ന്ന് ഇനി സ്വീകരിക്കേണ്ട നടപടികളെക്കുറിച്ച്‌ പ്രതിപക്ഷ കക്ഷികള്‍ക്കിടയില്‍ സമവായമുണ്ടാക്കാനാണ് യോഗം. ഭീകരരെ നേരിടുന്നതില്‍ കോണ്‍ഗ്രസ് സര്‍ക്കാരിനും സൈന്യത്തിനും ഒപ്പമാണെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി വ്യക്തമാക്കിയിട്ടുണ്ട്. ഇത് രണ്ടാം തവണയാണ് മോദി സര്‍ക്കാരിന്‍റെ കാലത്ത് സര്‍വകക്ഷിയോഗം വിളിക്കുന്നത് .

പുൽവാമ ഭീകരാക്രമണത്തിന്‍റെ പശ്ചാത്തലത്തില്‍ സുരക്ഷാ ചുമതലയുള്ള മന്ത്രിസഭാ ഉപസമിതി ഇന്നലെ ഉച്ചയോടെ യോഗം ചേര്‍ന്നിരുന്നു.
പ്രധാനമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ പ്രതിരോധ മന്ത്രി നിര്‍മ്മലാ സീതാരാമന്‍, ആഭ്യന്തരമന്ത്രി രാജനാഥ്സിങ്, വിദേശ കാര്യമന്ത്രി സുഷമ സ്വരാജ്, ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി, ദേശീയ സുരക്ഷ ഉപദേഷ്ടാവ് അജിത്ത് ദോവല്‍ എന്നിവരും വിവിധ സൈനിക മേധാവിമാരും പങ്കെടുത്തു.
അതേ സമയം, പാകിസ്ഥാനെ ഒറ്റപ്പെടുത്താനുളള നീക്കം ശക്തമാക്കിയ വിദേശകാര്യമന്ത്രാലയം ചൈന അടക്കമുള്ള രാജ്യങ്ങളുടെ സ്ഥാനപതിമാരുമായി കഴിഞ്ഞ ദിവസം ചര്‍ച്ച നടത്തി. അക്രമണത്തില്‍ പാക് പങ്ക് ബോധ്യപ്പെടുത്താനാണ് ശ്രമം. വിവിധ രാജ്യങ്ങളുമായുള്ള ചര്‍ച്ച തുടരും.
ജമ്മു കശ്മീരിലെ പുല്‍വാമയില്‍ സിആര്‍പിഎഫ് വാഹന വ്യൂഹനത്തിന് നേരെയുണ്ടായ തീവ്രവാദി ആക്രമണത്തില്‍ 39 ജവാന്മാരാണ് വീരമൃത്യു വരിച്ചത്. ആക്രമണത്തിന് പുറകേ പാക് ഭീകര സംഘടനയായ ജയ്ഷെ മുഹമ്മദ് ആക്രണത്തിന്‍റെ ഉത്തരവാദിത്തം ഏറ്റെടുത്തിരുന്നു.