Saturday, January 10, 2026

എന്‍ഐഎ റെയ്ഡില്‍ അല്‍ ഖ്വയ്ദ തീവ്രവാദികള്‍ പിടിയില്‍; മൂന്ന് പേര്‍ അറസ്റ്റിലായത് കൊച്ചിയില്‍ നിന്ന്

കൊച്ചി : പെരുമ്പാവൂരില്‍ ദേശീയ അന്വേഷണ ഏജന്‍സി നടത്തിയ റെയ്ഡില്‍ മൂന്ന് അല്‍ ഖ്വയ്ദ തീവ്രവാദികള്‍ പിടിയിലായി. അന്യസംസ്ഥാന തൊഴിലാളികളായ ഇവര്‍ പെരുമ്പാവൂര്‍ മുടിക്കലില്‍ ജോലിചെയ്തുവരികയായിരുന്നു. വെള്ളിയാഴ്ച രാത്രി വീട് വളഞ്ഞാണ് എന്‍ഐഎ ഇവരെ പിടികൂടിയത്. ദേശീയ അന്വേഷണ ഏജന്‍സി രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളിലായി നടത്തിയ തെരച്ചിലിലാണ് ഇവരെ അറസ്റ്റ് ചെയ്‌തെന്ന് വാര്‍ത്താ കുറിപ്പിലൂടെ എന്‍ഐഎ അറിയിച്ചു.

ഇതില്‍ ആറ് പേര്‍ ബംഗാളിലെ മൂര്‍ഷിദാബാദില്‍ നിന്നാണ് പിടികൂടിയത്. പശ്ചിമബംഗാളും കേരളവും കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ഈ സംഘം ഇന്ത്യയുടെ വിവിധ ഭാഗങ്ങളിലായി ആക്രമണം നടത്തി ആളുകളെ കൊല്ലാന്‍ പദ്ധതിയിട്ടിരിക്കുകയായിരുന്നു. രാജ്യവ്യാപകമായി അല്‍ഖ്വയ്ദയ്ക്ക് കീഴില്‍ പ്രവര്‍ത്തിക്കുന്ന ഒരു ഗ്രൂപ്പിനെ കുറിച്ച് നേരത്തെ വിവരം കിട്ടിയിരുന്നുവെന്നും ഇതേക്കുറിച്ച് നടത്തിയ അന്വേഷണത്തിലാണ് ഇവരെല്ലാം പിടിയിലായതെന്നും എന്‍ഐഎ വ്യക്തമാക്കി. സംസ്ഥാന തീവ്രവാദ വിരുദ്ധ സേനയുടെ കൂടി സഹായത്തോടെയായിരുന്നു എന്‍ഐഎ പെരുമ്പാവൂരില്‍ റെയ്ഡ് നടത്തിയത്.

മുര്‍ഷിദ് ഹസന്‍, യാക്കൂബ് ബിശ്വാസ്, മൊഷര്‍ഫ് ഹസന്‍ എന്നിവരാണ് കേരളത്തില്‍നിന്നും പിടിയിലായ മൂന്ന് പേര്‍. ഇവര്‍ ബംഗാള്‍ സ്വദേശികളാണ് എന്നാണ് സൂചന. കെട്ടിടനിര്‍മാണ തൊഴിലാളികള്‍ എന്ന നിലയിലാണ് ഈ മൂന്ന് ബംഗാള്‍ സ്വദേശികളും കൊച്ചിയില്‍ താമസിച്ചിരുന്നത് എന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. പാകിസ്താന്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന അല്‍-ഖ്വയ്ദയുമായി ബന്ധമുള്ളവരാണ് ഇവരെന്നാണ് എന്‍ഐഎ നല്‍കുന്ന വിവരം.

ധനസമാഹരണത്തിന് സംഘം വിവിധ സ്ഥലങ്ങള്‍ സന്ദര്‍ശിച്ചിരുന്നെന്നാണ് ലഭിക്കുന്ന വിവരം. കേരളത്തില്‍നിന്ന് പിടിയിലായവര്‍ ധനസമാഹരണത്തിനാണ് ശ്രമിച്ചിരുന്നത്. ദക്ഷിണേന്ത്യയിലെ മറ്റു ചില സംസ്ഥാനങ്ങളില്‍ക്കൂടി ഇതുമായി ബന്ധപ്പെട്ട അന്വേഷണം നടക്കുന്നുണ്ട് എന്നുമാണ് എന്‍ഐഎ വൃത്തങ്ങള്‍ നല്‍കുന്ന വിവരം. ഡിജിറ്റല്‍ ഡിവൈസുകളും, ആയുധങ്ങളും, ദേശവിരുദ്ധ ലേഖനങ്ങളും മറ്റു നിരവധി വസ്തുകളും ഇവരില്‍ നിന്നും അന്വേഷണസംഘം പിടിച്ചെടുത്തിട്ടുണ്ട്.

Related Articles

Latest Articles