ടെൽ അവീവ് : ഹോർമുസ് കടലിടുക്കിന് മേലുള്ള ഇറാന്റെ ആധിപത്യം തകർക്കാൻ പുതിയ ബദൽ മാർഗ്ഗങ്ങൾ നിർദ്ദേശിച്ച് ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു. സൗദി അറേബ്യ വഴി ചെങ്കടലിലേക്കും മെഡിറ്ററേനിയൻ കടലിലേക്കും പുതിയ ഊർജ്ജ പൈപ്പ് ലൈനുകൾ നിർമ്മിക്കുന്നതിലൂടെ ഇറാന്റെ ഭീഷണി മറികടക്കാമെന്ന് അദ്ദേഹം വ്യക്തമാക്കി. അന്താരാഷ്ട്ര മാദ്ധ്യമമായ ന്യൂസ്മാക്സിന് നൽകിയ അഭിമുഖത്തിലാണ് നെതന്യാഹു തന്റെ തന്ത്രപരമായ പദ്ധതികൾ പങ്കുവെച്ചത്. ലോകത്തെ എണ്ണ കയറ്റുമതിയുടെ 20 ശതമാനവും കടന്നുപോകുന്ന ഹോർമുസ് കടലിടുക്ക് യുദ്ധസമയങ്ങളിൽ അടച്ചിടുമെന്ന ഇറാന്റെ ഭീഷണി ആഗോള സാമ്പത്തിക വ്യവസ്ഥയ്ക്ക് വലിയ വെല്ലുവിളിയാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
അതേസമയം, ഹോർമുസ് കടലിടുക്കിലൂടെയുള്ള കപ്പൽ ഗതാഗതത്തിന് മേൽ കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്താനുള്ള നീക്കത്തിലാണ് ഇറാൻ. ഈ പാതയിലൂടെ കടന്നുപോകുന്ന കപ്പലുകൾക്ക് ടോൾ ഏർപ്പെടുത്താനും അമേരിക്കൻ, ഇസ്രായേൽ കപ്പലുകൾക്ക് പൂർണ്ണ നിരോധനം ഏർപ്പെടുത്താനുമുള്ള ‘ഹോർമുസ് സ്ട്രെയിറ്റ് മാനേജ്മെന്റ് പ്ലാൻ’ ഇറാന്റെ പാർലമെന്ററി സുരക്ഷാ സമിതി അംഗീകരിച്ചു. തങ്ങൾക്കെതിരെ ഉപരോധം ഏർപ്പെടുത്തുന്ന രാജ്യങ്ങളുടെ കപ്പലുകളെയും ഇതിലൂടെ കടന്നുപോകാൻ അനുവദിക്കില്ലെന്ന് ഇറാൻ ഔദ്യോഗിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. മേഖലയിൽ അമേരിക്ക-ഇസ്രായേൽ സഖ്യവും ഇറാനും തമ്മിലുള്ള സംഘർഷം രണ്ടാം മാസത്തിലേക്ക് കടന്ന സാഹചര്യത്തിലാണ് ഇറാന്റെ ഈ നീക്കം.

