Sunday, May 5, 2024
spot_img

കോവിഡ് രോഗിയെ ആംബുലന്‍സ് ഡ്രൈവര്‍ പീഡിപ്പിച്ച സംഭവം. സര്‍ക്കാര്‍ മാപ്പ് പറയണമെന്ന് യുഎന്‍ ദുരന്തലഘൂകരണ വിഭാഗം തലവൻ മുരളി തുമ്മാരുകുടി

തിരുവനന്തപുരം: ആറന്മുളയില്‍ കോവിഡ് രോഗിയെ ആംബുലന്‍സ് ഡ്രൈവര്‍ പീഡിപ്പിച്ച സംഭവം നടുക്കുന്നതും നിരാശപ്പെടുത്തുന്നതുമാണെന്ന് യുഎന്‍ ദുരന്തലഘൂകരണ വിഭാഗം തലവന്‍ മുരളി തുമ്മാരുകുടി.

കോവിഡ് മഹാമാരിയില്‍ നിന്ന് രക്ഷിക്കാന്‍ ഊണും ഉറക്കവും രാവും പകലുമില്ലാതെ പണിയെടുക്കുന്ന നിരവധി ആളുകള്‍ക്കും സംവിധാനങ്ങള്‍ക്കും മൊത്തം ചീത്തപ്പേരുണ്ടാക്കുന്നതാണ് സംഭവത്തെ മാതൃകപരമായി കൈകാര്യം ചെയ്യണമെന്നും അദ്ദേഹം പറഞ്ഞു.

രോഗി വീട്ടില്‍ നിന്ന് ആംബുലന്‍സില്‍ കയറിയാല്‍ സര്‍ക്കാറിന്റെ സംരക്ഷണയിലാണെന്നാണ് ധാരണ. എന്നാല്‍, ക്രിമിനല്‍ പശ്ചാത്തലമുള്ള ഒരാളുടെ കൂടെ സര്‍ക്കാര്‍ സന്നദ്ധ പ്രവര്‍ത്തകരോ കോവിഡ് ബ്രിഗേഡോ ഇല്ലാതെ ഏത് രാത്രിയും യാത്ര ചെയ്യേണ്ടി വരുക എന്നത് അതിശയിപ്പിക്കുന്നതായും അദ്ദേഹം പറഞ്ഞു.

അവര്‍ക്ക് വേണ്ടത്ര സംരക്ഷണം ഒരുക്കിയതില്‍ സര്‍ക്കാര്‍ സംവിധാനങ്ങള്‍ പരാജയപ്പെട്ടു എന്നാണ് ഈ സംഭവം കാണിക്കുന്നത്. അതിന് ആ കുട്ടിയോട് സര്‍ക്കാര്‍ സംവിധാനങ്ങള്‍ മാപ്പു പറയണം. എല്ലാ മാനസികവും ശാരീരികവുമായ ആരോഗ്യ പ്രശ്‌നങ്ങള്‍ക്കും സൗജന്യമായും ഉത്തമമായും ഉള്ള ചികിത്സയും പിന്തുണയും നല്‍കണം. ആ കുട്ടി ആഗ്രഹിക്കുന്നുവെങ്കില്‍ സര്‍ക്കാരില്‍ ജോലി നല്‍കി ജീവിത സുരക്ഷ ഉറപ്പാക്കുകയും വേണമെന്നും അദ്ദേഹം പറഞ്ഞു.

ഇത് ഒറ്റപ്പെട്ട സംഭവമായി കാണരുത്. പ്രതിക്ക് നിയമം അനുശാസിക്കുന്ന പരമാവധി ശിക്ഷ നല്‍കണം. പ്രതി വിചാരണ കഴിയാതെ പുറത്തിറങ്ങില്ല എന്ന് ഉറപ്പുവരുത്തണം. മുന്‍കാല പശ്ചാത്തലം നോക്കാതെ ജോലിക്കെടുക്കുന്ന ആംബുലന്‍സ് സര്‍വീസ് കമ്പനികളുടെ ലൈസന്‍സ് റദ്ദാക്കണമെന്നും അദ്ദേഹം തന്റെ‍ ഫേസ്ബുക്ക് കുറിപ്പിൽ വ്യക്തമാക്കി.

Related Articles

Latest Articles