Saturday, May 18, 2024
spot_img

‘മഞ്ഞുമ്മൽ ബോയ്സ്’ കേസ്; സൗബിൻ ഷാഹിർ, ഷോൺ ആന്റണി എന്നിവരുടെ അറസ്റ്റ് തടഞ്ഞ് ഹൈക്കോടതി

കൊച്ചി: വഞ്ചനാക്കേസില്‍ ‘മഞ്ഞുമ്മൽ ബോയ്സ്’ സിനിമയുടെ നിർമ്മാതാക്കളുടെ അറസ്റ്റ് തടഞ്ഞ് കേരള ഹൈക്കോടതി. നടനും നിര്‍മ്മാണ പങ്കാളിയുമായ സൗബിന്‍ ഷാഹിര്‍, ഷോൺ ആന്റണി എന്നിവരെ ഈ മാസം 22 വരെ അറസ്റ്റ് ചെയ്യരുതെന്ന് ഹൈക്കോടതി ഉത്തരവിട്ടു. ഇരുവരും നൽകിയ മുൻകൂർ ജാമ്യാപേക്ഷയിലാണ് അവധിക്കാല ബെഞ്ചിന്റെ നടപടി. ഹർജിയിൽ മറുപടി അറിയിക്കാൻ സർക്കാരിനോടും ഹൈക്കോടതി ആവശ്യപ്പെട്ടിട്ടുണ്ട്.

നിർമ്മാതാക്കളായ പറവ ഫിലിംസിന്റെ ബാങ്ക് അക്കൗണ്ട് നേരത്തേ മരവിപ്പിച്ചിരുന്നു. ഇതിനു പിന്നാലെ എറണാകുളം ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയുടെ നിർദേശമനുസരിച്ച് പറവ ഫിലിംസിന്റെ ഷോൺ ആന്റണി, സൗബിൻ ഷാഹിർ, ബാബു ഷാഹിർ എന്നിവർക്കെതിരെ എറണാകുളം മരട് പോലീസ് കേസ് റജിസ്റ്റർ ചെയ്തു.

ആലപ്പുഴ അരൂർ സ്വദേശി സിറാജിന്റെ പരാതിയിലാണ് നടപടി. ചിത്രത്തിന്റെ ലാഭവിഹിതവും മുടക്കുമുതലും നൽകാതെ പറവ ഫിലിംസുമായി ബന്ധപ്പെട്ടവർ വഞ്ചിച്ചു എന്നായിരുന്നു പരാതി. ക്രിമിനൽ ഗൂഢാലോചന, വിശ്വാസ വഞ്ചന തുടങ്ങിയ കുറ്റങ്ങളിലായി ഐപിസി 120 ബി, 406, 420, 468, 34 വകുപ്പുകൾ ചുമത്തിയാണു കേസെടുത്തിരിക്കുന്നത്.

2022 ലാണ് സംഭവങ്ങളുടെ തുടക്കമെന്ന് പരാതിക്കാരൻ പറയുന്നു. സിനിമയുടെ നിർമാണത്തിനു പണം മുടക്കാൻ പറവ ഫിലിംസ് സമീപിച്ചു. 2022 നവംബർ 30ന് കരാറിൽ ഒപ്പുവച്ചു. 7 കോടി രൂപ മുടക്കാം എന്നായിരുന്നു കരാർ. ചിത്രത്തിന്റെ ശരിയായ നിർമ്മാണച്ചെലവ് തന്നിൽനിന്നു മറച്ചുവച്ചെന്നും യഥാർഥ വിവരങ്ങളൊന്നും പറഞ്ഞിട്ടില്ലെന്നും പരാതിക്കാരന്‍ ചൂണ്ടിക്കാട്ടി.

Related Articles

Latest Articles