പത്തനംതിട്ട: വേദന സഹിക്കാൻ കഴിയാതെ വീട്ടിൽ പ്രസവിക്കേണ്ടി വന്ന 33കാരിക്ക് തുണയായി എത്തിയത് ആംബുലൻസ് ജീവനക്കാർ. കിളിവയല്‍ പുതുശ്ശേരി ഭാഗം മഹര്‍ഷിക്കാവ് ക്ഷേത്രത്തിന് സമീപം താമസിക്കുന്ന യുവതിയാണ് ആണ്‍കുഞ്ഞിന് ജന്മം നല്‍കിയത്. വെള്ളിയാഴ്ചയോടെയാണ് സംഭവം. ആശുപത്രിയിലേക്ക് മാറ്റാന്‍ ശ്രമിക്കവേ യുവതി വീട്ടിൽ പ്രസവിക്കുകയായിരുന്നു. പിന്നീട് ബന്ധുക്കൾ ആശാ പ്രവർത്തകയെ വിവരം അറിയിക്കുകയും ആശാ പ്രവർത്തക കനിവ് 108 ആംബുലന്‍സിനെ വിവരമറിയിച്ച് അവരുടെ സഹായം തേടുകയായിരുന്നു.
കണ്‍ട്രോള്‍ റൂമില്‍ നിന്ന് ഉടന്‍ അത്യാഹിത സന്ദേശം ലഭിക്കുകയും ഈ സമയം ഹരിപ്പാട് നിന്ന് അടൂരിലേക്ക് മടങ്ങുകയായിരുന്ന അടൂര്‍ ജനറല്‍ ആശുപത്രിയിലെ കനിവ് 108 ആംബുലന്‍സിന് കൈമാരുകയും ചെയ്തു. ഉടന്‍ ആംബുലന്‍സ് പൈലറ്റ് രാജേഷ് ബാലന്‍, എമര്‍ജന്‍സി മെഡിക്കല്‍ ടെക്‌നീഷ്യന്‍ ശ്രീജിത്ത് എസ് എന്നിവര്‍ സ്ഥലത്തെത്തി. ശ്രീജിത്ത് അമ്മയും കുഞ്ഞുമായുള്ള പൊക്കിള്‍കൊടി ബന്ധം വേര്‍പ്പെടുത്തി ഇരുവര്‍ക്കും വേണ്ട പ്രഥമ ശുശ്രൂഷ നല്‍കിയ ശേഷം ആംബുലന്‍സിലേക്ക് മാറ്റി. തുടര്‍ന്ന് ഇരുവരെയും അടൂര്‍ ജനറല്‍ ആശുപത്രിയില്‍ എത്തിച്ചു. അമ്മയും കുഞ്ഞും സുഖമായി ഇരിക്കുന്നതായി ആശുപത്രി അധികൃതര്‍ വ്യക്തമാക്കി.

